Image

അലൈന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ കാര്‍ഷിക ശ്രമദാനം

Published on 06 October, 2021
 അലൈന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ കാര്‍ഷിക ശ്രമദാനം

അല്‍ ഐന്‍: ഗാന്ധിജയന്തി ദിനത്തില്‍ അലൈന്‍ സെന്റ് ഡയനീഷ്യസ് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസാഥനത്തിന്റെ ആഭിമുഖ്യത്തില്‍ ജൈവകൃഷിക്ക് തുടക്കം കുറിച്ചു. ദേവാലയങ്കണത്തില്‍ പ്രത്യേകം നിലം ഒരുക്കിയാണ് ജൈവകൃഷി ആരംഭിച്ചത്.

ഒക്ടോബര്‍ 2 ശനിയാഴ്ച രാവിലെ 7.30ന് ഇടവക വികാരി റവ. ഫാ. ജോണ്‍സണ്‍ ഐപ്പ് ഗാന്ധിജയന്തിദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. അലൈനിലെ തന്നെ അറിയപ്പെടുന്ന കാര്‍ഷിക വിദഗ്ധന്‍ വിജയന്‍ പിള്ളയുടെ മേല്‍നോട്ടത്തിലും നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചും കുട്ടികളുള്‍പ്പെടയുള്ള ഇടകവാംഗങ്ങള്‍ വിവിധ ഇനങ്ങളിലുള്ള വിത്തുകള്‍ പ്രത്യേകം ഒരുക്കിയിരുന്ന നിലത്ത് വിതച്ചു.

പ്രവാസത്തിന്റെയും കോവിഡിന്റേയും പിടിയില്‍ ഒതുങ്ങിക്കൂടിയിരുന്ന കുട്ടികള്‍ക്ക് ഇതൊരു നവ്യാനുഭവമായിരുന്നു. കേട്ടുകേള്‍വിയിലുണ്ടായിരുന്ന നന്മയുള്ള നാടിന്റെ സ്മരണകള്‍ കണ്‍മുന്പില്‍ തെളിഞ്ഞത് കണ്‍കുളിര്‍ക്കെ കാണുന്ന ബാല്യകൗമാരങ്ങള്‍ പ്രതീക്ഷകള്‍ നിറഞ്ഞ കാഴ്ചയായി. കൃഷി സംബന്ധിയായ അറിവുകളും സംശയനിവാരണവുമൊക്കെയായി ഗാന്ധിജയന്തിദിനം അന്വര്‍ഥമാക്കും വിധമായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പരിപാടികള്‍ക്ക് ഒടുവില്‍ കുട്ടികള്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റുകളും നല്‍കി.


ഇടവക ട്രസ്റ്റി തോമസ് ഡാനിയേല്‍, ഇടവക സെക്രട്ടറി ഷാജി മാത്യു, യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് മോനി പി. മാത്യു, സെക്രട്ടറി പ്രവീണ്‍ ജോണ്‍, ജോയിന്റ് സെക്രട്ടറി റോബി ജോയി, കൃഷി കോര്‍ഡിനേറ്റര്‍ ചെറിയാന്‍ ഇടിക്കുള തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക