Image

കോവിഡ് പ്രതിരോധത്തില്‍ ഇളവുകളുമായി അബുദാബി; സ്‌കൂളുകളില്‍ ബ്ലൂ സ്‌കൂള്‍ പദ്ധതി

Published on 06 October, 2021
 കോവിഡ് പ്രതിരോധത്തില്‍ ഇളവുകളുമായി അബുദാബി; സ്‌കൂളുകളില്‍ ബ്ലൂ സ്‌കൂള്‍ പദ്ധതി


അബുദാബി: സ്‌കൂളുകളില്‍ ബ്ലൂ സ്‌കൂള്‍ പ്രോട്ടോകോള്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ നടപ്പില്‍ വരുത്തും. കോവിഡ് പ്രതിരോധ നടപടികളില്‍ ഇളവ് വരുത്തി, സാധാരണ രീതിയിലേക്ക് പ്രവര്‍ത്തനങ്ങളെ മടക്കി കൊണ്ട് വരുന്നത് ലക്ഷ്യമിട്ടാണ് ബ്ലൂ സ്‌കൂള്‍ പദ്ധതി നടപ്പിലാക്കുന്നത്.

അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച മാര്‍ഗ രേഖകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത് ലക്ഷ്യമിട്ടാണ് ബ്ലൂസ്‌കൂള്‍ പദ്ധതി നടപ്പിലാക്കുന്നത്. ഈ അധ്യയന വര്‍ഷത്തിന്റെ രണ്ടാം ടേം മുതല്‍ നടപ്പാക്കുന്ന 'ബ്ലൂ സ്‌കൂള്‍' സംരംഭം കുട്ടികള്‍ സ്വീകരിച്ച പ്രതിരോധ കുത്തിവയ്പ്പിനെ അടിസ്ഥാനമാക്കിയാണ് നടപ്പിലാക്കുന്നത്.

തലസ്ഥാനത്തെ സ്‌കൂളുകളെ നാല് വിഭാഗങ്ങളായി തരംതിരിക്കും. 50 ശതമാനത്തില്‍ താഴെ വിദ്യാര്‍ഥികള്‍ വാക്‌സിനേഷനുള്ള സ്‌കൂളുകള്‍- 'ഓറഞ്ച്', 50മുതല്‍ 60 ശതമാനം വരെ വിദ്യാര്‍ഥികള്‍ക്കു വാക്‌സിനേഷന്‍ നല്‍കിയ സ്‌കൂളുകള്‍ക്ക് 'മഞ്ഞ', 65മുതല്‍ 84 ശതമാനം വരെ വിദ്യാര്‍ഥികള്‍ക്ക് വാക്‌സിനേഷന്‍ ഉള്ള സ്‌കൂളുകള്‍ക്ക് 'പച്ച'; 85 ശതമാനവും അതിനുമുകളിലും വിദ്യാര്‍ഥികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയ സ്‌കൂളുകള്‍ക്ക് 'നീല' എന്നിങ്ങനെയാണ് തരംതിരിക്കുന്നത്. ഉയര്‍ന്ന പ്രതിരോധ കുത്തിവയ്പ് എടുത്ത സ്‌കൂളുകള്‍ക്ക്, സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക്, ക്ലാസുകളിലും ബസുകളിലും അനുവദിക്കാവുന്ന കുട്ടികളുടെ എണ്ണം , പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, സ്‌കൂളിലെ പരിപാടികള്‍, ഫീല്‍ഡ് യാത്രകള്‍ എന്നിവയില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനാണ് തീരുമാനം.


കുട്ടികള്‍ക്കായി പ്രത്യേക അഡ്‌നെക്ക് വാക്‌സിനേഷന്‍ സെന്റര്‍ ഉള്‍പ്പെടെ അബുദാബിയിലുടനീളമുള്ള വിവിധ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ സൗജന്യ വാക്‌സിനുകള്‍ ലഭ്യമാണ്. 12 വയസും അതിന് മുകളിലും പ്രായമുള്ള കുട്ടികള്‍ക്കായി ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിനും ലഭ്യമാണ്. കൂടാതെ 3 വയസും അതിന് മുകളിലും പ്രായമുള്ള കുട്ടികള്‍ക്ക് സിനോഫാമും നല്‍കുന്നുണ്ട്.

അനില്‍ സി ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക