Image

കാത്തിരുന്ന കല്യാണം ( കഥ: രമണി അമ്മാൾ)

Published on 11 October, 2021
കാത്തിരുന്ന കല്യാണം ( കഥ: രമണി അമ്മാൾ)
ക്ളമന്റിന്റെ കല്യാണം  കൂടാൻ സൂപ്രണ്ടൊഴിച്ച് സെക്ഷനിലെ മുഴുവൻപേരുമുണ്ടായിരുന്നു...
മുപ്പത്തെട്ടുകാരൻ
ക്ളമന്റിന്  ഇരുപത്തഞ്ചാമത്തെ
വയസ്സിൽ സർക്കാരു ജോലി കിട്ടി.. അന്നുമുതൽ പെണ്ണന്വേഷണവും തുടങ്ങി...
വീട്ടുകാരും, കൂട്ടുകാരും സഹപ്രവർത്തകരുമൊക്കെ പെണ്ണിനെയന്വേഷിച്ചു മടുത്തിരുന്നു....
ക്ളമന്റിന്റെ 
സങ്കല്പത്തിലെ പെണ്ണ്
പ്രഹേളികയായി തുടർന്നു..
വിവാഹിതയല്ലാത്ത ഏതെങ്കിലുമൊരു പെണ്ണ് ഓഫീസ് സമുച്ഛയത്തിലെ ഏതെങ്കിലും  സെക്ഷനിൽ ജോയിൻ ചെയ്തിട്ടുണ്ടെങ്കിൽ ആ കുട്ടിയേക്കുറിച്ചുളള വിവരങ്ങൾ   എസ്റ്റാബ്ളിഷ്മെന്റ് സെക്ഷനിൽ നിന്നറിയും.. 
ജാതിയും, മതവും വയസ്സുമൊക്കെ  ഒത്തിട്ടുണ്ടെങ്കിൽ പെണ്ണിനെ ഒന്നുകാണാൻ അതു ജോയിൻചെയ്ത സെക്ഷനിൽ ഒന്നു രണ്ടുവട്ടം കയറിയിറങ്ങും...
പെണ്ണിന്റെ എന്തെങ്കിലുമൊരു കുറവ്
ശ്രദ്ധയിൽപ്പെട്ടിരിക്കും...
പിൻവാങ്ങും..
പെണ്ണിനോ  പെണ്ണിന്റെ വീട്ടുകാർക്കോ തന്നെ ഇഷ്ടമാകുന്നുണ്ടോയെന്ന് ക്ളമന്റ് ചിന്തിക്കാറേയില്ല..
"നിനക്കു പറ്റിയപെണ്ണ് ഇനിയും ജനിക്കേണ്ടിയിരിക്കുന്നു..
നീ കുറച്ചു വിട്ടുവീഴ്ചയ്ക്കു
തയ്യാറായില്ലെങ്കിൽ പെണ്ണും പിടക്കോഴിയുമൊക്കെ നിന്റെ സ്പ്നങ്ങളാവത്തേയുളളൂ."കൂട്ടുകാർ ഓർമ്മപ്പെടുത്തും...
കല്യാണം കഴിക്കാൻ
പോകുന്ന പെണ്ണിനു നല്ല സൗന്ദര്യം വേണം.. 
തന്റെ തോളറ്റമെങ്കിലും
പൊക്കം വേണം.. 
വീട്ടിലെ
ഒറ്റമകളായിരിക്കണം..
സർക്കാർ ജോലിയുണ്ടാവണം.
കൂടെ സാമ്പത്തികശേഷിയും..
എല്ലാംകൂടി ഒത്തുവരാത്തതു
കൊണ്ട്
തല്ക്കാലം 
പെണ്ണന്വേഷണങ്ങൾക്കു
വിരാമമിട്ടപോലെയായിരുന്നു.
ഈ സമയത്താണ്
33 വയസ്സുളള ബിയാട്രിസ്
ജനറൽ ട്രാൻസ്ഫറിൽ
സെക്ഷനിൽ ജോയിൻ ചെയ്യാൻ വരുന്നത്..
ശരാശരി പൊക്കത്തിൽ 
ഇരുണ്ട നിറത്തിൽ, മെലിഞ്ഞ ശരീരപ്രകൃതി..
കുടുംബ പ്രാരാബ്ധം മുഴുവനും ചുമലിൽ..
ലാറ്റിൻ കാത്തലിക്സ്.. ക്ളമന്റിന്റെ ഡിമാന്റുമായി
പൊരുത്തപ്പെടുന്ന ഒരേയൊരുകാര്യം അതുമാത്രമായിരുന്നു..
വിചാരിച്ചപോലെയൊന്നുമല്ല പക്ഷേ കാര്യങ്ങൾ നടന്നത്..
ക്ളമന്റിന് ബിയാട്രിസിനോടു പൊടി താല്പര്യം.. ഞങ്ങൾക്ക് അതിശയവും...
അവസാനം പാമ്പിന്റെ പത്തി താണിരിക്കുന്നു..
"കാണാൻ തരക്കേടില്ലാത്ത കുട്ടിയാ...നിന്റെ സങ്കല്പവുമായി പൊരുത്തമില്ലെങ്കിലും ഇനിയും കാത്തിരുന്നു നല്ല പ്രായം കളയേണ്ട.....
ഇപ്പോഴെങ്കിലും കല്യാണം കഴിച്ചാലേ പെൻഷനാവുമ്പോൾ പിള്ളേരുടെ കീയോ..കീയോ
മാറിക്കിട്ടൂ...."
പിന്നെയെല്ലാം പെട്ടെന്നായിരുന്നു..
പെണ്ണിനുളള ഡ്രസ്സും ആഭരണങ്ങളും കല്യാണച്ചിലവുകളുൾപ്പടെക്ളമന്റ് നിർവ്വഹിച്ചു..
ബിയാട്രിസ് ഭാഗ്യവതിതന്നെ..
ഇന്നാർക്ക് ഇന്നാരെന്ന് ദൈവം  എഴുതിവച്ചിട്ടുണ്ടെന്നു പറയുന്നത് എത്ര ശരിയാണ്....
എവിടെയെല്ലാം പെണ്ണന്വേഷിച്ചു നടന്നു..
ക്ളമന്റിനു വിധിച്ചതു ബിയാട്രിസായിരുന്നു..
വെട്ടുകാടു പളളിയിൽവച്ചായിരുന്നു കല്യാണം...
കെട്ടിക്കേറുന്നത് വെളളയമ്പലത്തെ ക്ളമന്റ്
പുതുതായി വാങ്ങിച്ച ഫ്ളാറ്റിലും...
അങ്ങനെ സൂപ്രണ്ടൊഴിച്ച് ഞങ്ങൾ സെക്ഷനിലെ മുഴുവൻ പേരും ക്ലമന്റിന്റെയും ബിയാട്രിസിന്റെയും കല്യാണം കൂടാൻ പോയി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക