Image

ഭരണഘടനാ പണ്ഡിതരും പാമരന്‍മാരും (ഇ. സോമനാഥ്, സോമവിചാരം)

Published on 12 October, 2021
ഭരണഘടനാ പണ്ഡിതരും പാമരന്‍മാരും (ഇ. സോമനാഥ്,  സോമവിചാരം)
സിപിഐ ല്‍ ഇപ്പോള്‍ രണ്ടിനം നേതാക്കന്‍മാരെയുള്ളു.ഭരണഘടന വായിച്ചവരും വായിക്കാത്തവരും.പാര്‍ട്ടിയില്‍ അംഗത്വം കിട്ടണമെങ്കില്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും,ദാസ് ക്യാപിറ്റലും വായിക്കണമെന്നു നിര്‍ബന്ധമില്ല.എന്നാല്‍ പാര്‍ട്ടി ഭരണഘടനയും പരിപാടിയും കമ്പോടു കമ്പു വായിച്ചു ഹൃദിസ്ഥമാക്കണമെന്നു നിര്‍ബന്ധമുണ്ടു താനും.സിപിഎം ല്‍ അത്തരം നിര്‍ബന്ധമൊന്നുമില്ല.അവര്‍ ഈയിടയായി മാനിഫെസ്റ്റോ എന്നു പറയാറില്ല. മാണിഫെസ്റ്റോ എന്നാണു പറഞ്ഞിരുന്നത്.ഇപ്പോള്‍ ദാസ്.കെ.മാണിഫെസ്റ്റോ എന്നു പറയാന്‍ തുടങ്ങിയിട്ടുണ്ട്.

എന്നാല്‍ അക്കാര്യത്തില്‍ സിപിഐ കാര്‍ക്ക് വിട്ടുവീഴ്ചയേയില്ല.അവര്‍ ഇതുവരെ മാണിഫെസ്റ്റോ എന്നു പറഞ്ഞിട്ടില്ല.ജനറല്‍ സെക്രട്ടരിയെ സംസ്ഥാന സെക്രട്ടറി വിമര്‍ശിക്കരുതെന്ന് ഭരണഘടനയില്‍ ഒരിടത്തും പറഞ്ഞിട്ടില്ല.ഡി.രാജ ഭരണഘടന വായിക്കാത്തതാണോ.വായിച്ചിട്ടും മനസ്സിലാകാത്തതാണോ പ്രശ്‌നം എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.അതില്‍ ഉടന്‍ ചേരുന്ന പ്ലീനം തീരുമാനമെടുക്കും.സഖാവ് രാജയ്ക്കു പാര്‍ട്ടി അച്ചടക്കം മാത്രം നോക്കിയാല്‍ പോരാ.ഭാര്യയുടെ അഭിപ്രായം കൂടി നോക്കണം.ആനി രാജയ്ക്കു കേരള പെലീസിനെ വിമര്‍ശിക്കുന്നതില്‍ ഭരണഘടന വിലേക്കേര്‍പ്പെടുത്തിയിട്ടില്ല.ഉണ്ടെങ്കില്‍ തന്നെ രാജാ സഖാവിന് അതുമാത്രം നോക്കിയാല്‍ പോര.അദ്ദേഹത്തിന്റെ കുടിപാര്‍പ്പ് ഡല്‍ഹിയിലെ അജോയ് ഭവനിലല്ല.അദ്ദേഹത്തിനു വീട്ടില്‍ വരുമ്പോള്‍ ചെവിതല കേള്‍ക്കണം.മനസമാധാനം വേണം കാനം സഖാവിന്റെ കാര്യം അങ്ങിനെയല്ല.അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് പ്രഥമികാംഗത്വം പോലുമുണ്ടോ എന്നു പോലും സംശയമാണ്.അദ്ദേഹത്തിന് എംഎന്‍ സ്മാരകത്തിലിരുന്ന് എന്തും പറയാം.വീട്ടിലിരുന്ന് അടുക്കള ഭരിക്കുന്ന ഭാര്യ അതൊന്നുമറിയില്ല.എന്നാല്‍ രാജാ സഖാവ് എന്തെങ്കിലും തമിഴില്‍ പറഞ്ഞാല്‍ പോലും ആനി സഖാവ് അതു വായിച്ചെടുക്കും.തമിഴും മലയാളവും തമ്മിലുള്ള നാഭീ..നാള ബന്ധം തന്നെ കാരണം.എത്ര കൊടി കെട്ടിയ സഖാവായാലും ഭാര്യപ്പേടി മാറില്ല.ആരെയും പേടിയില്ലെങ്കില്‍ വീട്ടിലെ തൂണിനെയെങ്കിലും പേടിക്കണമെന്ന് ക്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലും മനുസ്മൃതിയിലും ഒരുപോലെ പറഞ്ഞിട്ടുണ്ട്.സോവിയറ്റ് പാരമ്പര്യവും ഭാരതീയ പാരമ്പര്യവും പിന്‍ പറ്റുന്നതാണ് വലതു കമ്മ്യൂണിസ്റ്റുകാരുടെ രീതി.

കുട്ടയില്‍ കിടന്ന കനയ്യകുമാര്‍ ചാടി ബീഹാറില്‍ കോണ്‍ഗ്രസ്സില്‍ ചേക്കേറിയത് രാജാ സഖാവിനെ വല്ലാതെ വേദനിപ്പിച്ചതില്‍ തെറ്റു പറയാനാവില്ല.ഇനി ഒറ്റാലിലുള്ള ആരൊക്കെ ചാടുമെന്നാണ് രാജായെ അലട്ടുന്ന പ്രശ്‌നം.കനയ്യയുടെ 'ആസാദി 'യും..വീ ഷാല്‍ ഓവര്‍കം സംഡേയും ' .. പാടിയാല്‍ ബീഹാറിലെ നഷ്ടപ്രതാപം വീണ്ടെടുക്കാമെന്നായിരുന്നു രാജ സഖാവിന്റെ സ്വപ്‌നം.പക്ഷേ വരാല്‍ കുട്ടയില്‍ നിന്നും ചാടിപ്പോയ സ്ഥിതിക്ക് സഖാവിന് അന്തവും കുന്തവും നഷ്ടപ്പെട്ടതില്‍ അത്ഭുതമില്ല.പാന്‍ ഇന്ത്യന്‍ പാരിപ്രേഷ്യമുള്ളവര്‍ക്ക് അങ്ങിനെയേ ചിന്തിക്കാനാവൂ.വെറുതെ കുട്ടയില്‍ നിന്നു ചാടിപ്പോകുക മാത്രമല്ല കനയ്യകുട്ടി ചെയ്തത്്.പോകുന്ന പോക്കില്‍ അജോയ്ഭവനിലെ മുറിയിലിരുന്ന ഏസി ഊരിക്കൊണ്ടു പോകുകയും ചെയ്തതാണ് രാജാ സഖാവിന്റെ ദു;ഖം.പിന്നെ കനയ്യയെ വഞ്ചകന്‍ എന്നു വിളിച്ചത് ഏറ്റവും മിനിമം വിശേഷണമായി.ചെറ്റ,തെണ്ടി,പരനാറി എന്നൊന്നും അദ്ദേഹം വിളിച്ചില്ലല്ലോ..?

ഇതൊന്നും കാനം സഖാവിനു നോക്കേണ്ടതില്ല.കൊല്ലവും തൃശൂരും പിന്നെ സിപിഎം മുണ്ടെങ്കില്‍ സഖാവിനൊന്നും പേടിക്കാനില്ല.സി.പി.ഐ ഒരു പാന്‍ കേരള പാര്‍ട്ടിയായി തുടരും.ഉണ്ടവന് പായ് കിട്ടാഞ്ഞിട്ട്,..ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ട..് എന്നതാണ് പ്രശ്‌നം.ഒരു ഏസി പോയാല്‍ പുതിയതു വെയ്ക്കാന്‍ രാജാസഖാവിനു പാങ്ങില്ല.എന്നാല്‍ കാനം സഖാവിന് ഒന്നു പോയാല്‍ പത്തു വെയ്ക്കാന്‍ മുട്ടുണ്ടാവില്ല...'ദാരിദ്ര്യംമെന്തെന്നറിഞ്ഞവര്‍ക്കേ/ പാരില്‍ പരക്ലേശ വിവേകമുള്ളു'.. എന്നു കവി പറഞ്ഞത് ഈ പ്രശ്‌നത്തില്‍ പ്രസക്തമാണ്.ഇനിയെങ്കിലും പാര്‍ട്ടി ഭരണഘടന ജനറല്‍ സെക്രട്ടറി വായിച്ചിരിക്കണമെന്നു കാനം സഖാവ് വാശി പിടിക്കരുത്.ഇന്ത്യന്‍ ഭരണഘടനയും റൂള്‍സ് ഓഫ് ബിസ്സിനസ്സും നിയമസഭയിലും പാര്‍ലമെന്റെിലും സ്ഥാനാര്‍ത്ഥികള്‍ ഹൃദിസ്ഥമാക്കണമെന്നു ജനപ്രാതിനിധ്യ നിയമത്തില്‍ ഒരിടത്തും പറഞ്ഞിട്ടില്ല.എന്നാല്‍ സ്ഥിരബുദ്ധി വേണമെന്നും പറഞ്ഞിട്ടുണ്ടു താനും- ഇക്കാര്യമെല്ലാം പാര്‍ട്ടി ഭാരവാഹികള്‍ക്കു കൂടി ബാധകമാക്കിയാല്‍ അയല്‍രാജ്യങ്ങളില്‍ നിന്നു ഭാരവാഹികളെ ഇറക്കുമതി ചെയ്യേണ്ടി വരും.അത്തരമൊരു സാഹചര്യം ഒഴിവാക്കുന്നത് എല്ലാ പാര്‍ട്ടികള്‍ക്കും നന്നായിരിക്കും.
നോട്ടിക്കല്‍ ടൈംസ് കേരള


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക