Image

മറഞ്ഞു, മലയാളത്തിന്റെ പ്രിയ വേണു

Published on 12 October, 2021
  മറഞ്ഞു, മലയാളത്തിന്റെ പ്രിയ വേണു


അതുല്യമായ വേഷപ്പകര്‍ച്ചകൊണ്ട്‌ മലയാള സിനിമയെ ധന്യമാക്കിയ പ്രിയകലാകാരന്‍ കേരളത്തിന്റെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി വിടപറഞ്ഞു. സാമൂഹ്യ രാഷ്‌ട്രീയ സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖരെയും കലാലോകത്തെയും സാക്ഷിയാക്കി എല്ലാ ഔദ്യോഗിക ബഹുമതികളോടും കൂടിയായിരുന്നു മഹാനടന്റെ ശാന്തികവാടത്തിലേക്കുള്ള അന്ത്യയാത്ര. രാവിലെ അയ്യന്‍കാളി ഹാളില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹം ഉച്ചയ്‌ക്ക്‌ ഒന്നരയോടെയാണ്‌ ശാന്തികവാടത്തിലേക്ക്‌ പോയത്‌. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്‌പീക്കര്‍ എം.ബി രാജേഷ്‌, മന്ത്രിമാരായ വി.ശിവന്‍കുട്ടി, സജിചെറിയാന്‍, അഹമ്മദ്‌ ദേവര്‍കോവില്‍, കെ.പി.സി.സി പ്രസിഡന്റ്‌ കെ.സുധാകരന്‍, സാമൂദായിക സാമൂഹ്യ നേതാക്കള്‍, നാടക പ്രവര്‍ത്തകര്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

വട്ടിയൂര്‍ക്കാവ്‌ കൊങ്ങാനൂര്‍ കുന്നംപാറയിലെ വീട്ടില്‍ പൊതുദര്‌ശനത്തിനു വച്ച മൃതദേഹത്തില്‍ ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുന്നതിനായി മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും അന്ത്യാഞ്‌ജലി അര്‍പ്പിക്കാന്‍ എത്തിയത്‌ ഏറെ വൈകാരികമായി. നെടുമുടി വേണുവിന്റെ വേര്‍പാട്‌ മലയാള സിനിമയ്‌ക്ക്‌ ആഘാതമാകുമെന്ന്‌ മമ്മൂട്ടി പറഞ്ഞു. ഇന്നലെ രാത്രി പത്തരയ്‌ക്കാണ്‌ മമ്മൂട്ടിയെത്തിയത്‌. മോഹന്‍ലാല്‍ പുലര്‍ച്ചെ ഒന്നരയ്‌ക്കും എത്തി. രണ്ടു നടന്‍മാര്‍ തമ്മിലുള്ള ബന്ധമായിരുന്നില്ല താനും വേണുവുമായി ഉണ്ടായിരുന്നതെന്ന്‌ മോഹന്‍ലാല്‍ വികാരാധീനനായി പറഞ്ഞു.

മലയാള സിനിമയുടെ അഭ്രപാളികളില്‍ നിന്നും നെടുമുടി വേണു കൂടി മായുന്നതോടെ പ്രതിഭയുടെ കരുത്തുറ്റ മിന്നലാട്ടത്തിന്റെ ഒരു സൂര്യന്‍ കൂടി അസ്‌തമിക്കുകയാണ്‌. നരേന്ദ്ര പ്രസാദ്‌, രാജന്‍.പി.ദേവ്‌, മുരളി എന്നിങ്ങനെ നാടകക്കളരിയില്‍ നിന്നും ആര്‍ജ്ജിച്ച അഭിനയത്തിന്റെ ഉള്‍ക്കരുത്തുമായി മലയാള സിനിമയ്‌ക്ക്‌ അവിസ്‌മരണീയമായ കഥാപാത്രങ്ങളെ നല്‍കിയവര്‍ക്കൊപ്പം ഇനി നെടുമുടി വേണുവും. കുസൃതി, ദയ, കാരുണ്യം, ഹാസ്യം, ഗൗരവം, ഉന്‍മാദം തുടങ്ങി ഏതുവേഷവും അതീവഭദ്രമായി തിരിച്ചേല്‍പ്പിക്കുന്ന കലാകാരന്റെ ജീവിതത്തിനു തിരശീല വീഴുമ്പോള്‍ പകരം വയ്‌ക്കാനില്ലാത്ത നഷ്‌ടമായി അത്‌ അടയാളപ്പെടുകയാണ്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക