Image

ലഹരിപാര്‍ട്ടി: ആര്യന് രാജ്യാന്തര കണ്ണിയുമായി ബന്ധമെന്ന്് എന്‍.സി.ബി

Published on 13 October, 2021
 ലഹരിപാര്‍ട്ടി: ആര്യന് രാജ്യാന്തര കണ്ണിയുമായി ബന്ധമെന്ന്് എന്‍.സി.ബി


മുംബൈ: ആഢംബര കപ്പലിലെ ലഹരിപാര്‍ട്ടിയില്‍ അറസ്റ്റിലയ ആര്യന്‍ ഖാനെതിരെ നിര്‍ണായക നീക്കവുമായി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി). സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റ് വഴി ലഹരിമരുന്ന് എത്തിച്ച് വിതരണം ചെയ്തതില്‍ ആര്യന്‍ ഖാന്‍ പ്രധാന പങ്കാളിയാണെന്ന് ആര്യന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍.സി.ബി ചൂണ്ടിക്കാട്ടി. ലഹരിമരുന്ന് കൂട്ടുകെട്ടില്‍ അഭിഭാജ്യമായ ഭാഗമാണ് ആര്യന്‍. മയക്കുമരുന്ന് അനധികൃതമായി എത്തിക്കുന്നതിനുള്ള രാജ്യാന്തര ലഹരിമരുന്ന് കണ്ണിയില്‍ പ്രവര്‍ത്തിക്കുന്നവരുമായി ആര്യന്‍ ഖാന് ബന്ധമുണ്ടെന്നും എന്‍.സി.ബി അറിയിച്ചു. 

മുംബൈ സ്‌പെഷ്യല്‍ കോടതിയില്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് എന്‍.സി.ബി ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ലഹരിഇടപാടിലെ ഗൂഢാലോചനയില്‍ ആര്യന്‍ ഖാനും മറ്റ് പ്രതികളും പങ്കാളികളാണ്. ആര്യന്റെ നിര്‍ദേശപ്രകാരമാണ് അര്‍ബാസ് മെര്‍ച്ചന്റ് ലഹരി എത്തിച്ചത്. അത് അര്‍ബാസിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്തിരുന്നു. മറിച്ചുള്ള ആരോപണങ്ങള്‍ അസത്യവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്- എന്‍.സി.ബി ഉന്നയിച്ചു.

അതേസമയം, ആര്യനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചയാളെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അമിത് ദേശായി ചൂണ്ടിക്കാട്ടി. പ്രതീക് ഗവ എന്നയാളാണ് ആര്യനെ ആഡംബര കപ്പലിലെ പാര്‍ട്ടിക്ക് ക്ഷണിച്ചത്. അയാളെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. ഇക്കാര്യം പരിശോധിക്കാന്‍ ശ്രമിച്ച തന്നെ എന്‍.സി.ബി ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചു സംസാരിച്ചുവെന്നും അഭിഭാഷകന്‍ അറിയിച്ചു. 

ആര്യന്‍ ഖാന്റെ പക്കല്‍ നിന്നും ലഹരിമരുന്നൊന്നും കണ്ടെടുത്തിട്ടില്ല. ലഹരി ഉപയോഗത്തേയും വില്‍പ്പനേയും കുറിച്ച് രഹസ്യ വിവരം കിട്ടിയെന്നാണ് എന്‍.സി.ബി പറയുന്നത്. അത് ആര്യന്‍ ഖാനെ കുറിച്ചല്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. 

ആര്യന്‍ ഖാനും മറ്റ് ഏഴ് പ്രതികളും ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. നേരത്തെ മജിസ്‌ട്രേറ്റ് കോടതി ഇരുവരുടെ ജാമ്യാപേക്ഷ നിരസിക്കുകയായിരുന്നു. ഒക്‌ടോബര്‍ മൂന്നിനാണ് ആര്യനും സംഘവും എന്‍.സി.ബിയുടെ പിടിയിലാകുന്നത്. 

ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ എന്‍.സി.ബി ഒരാഴ്ച സമയം ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇന്ന് മറുപടി നല്‍കുന്നത്. ഉച്ചയ്ക്് 2.45നാണ് കേസ് പരിഗണിച്ചത്. കപ്പലിലുണ്ടായിരുന്ന ചില വിദേശികളില്‍ നിന്നും നിരോധിത ലഹരിമരുന്നുകള്‍ പിടിച്ചെടുത്തിരുന്നു. ഇവരുടെ ഇടപാടിന് അന്താരാഷ്ട്ര ബന്ധമുണ്ടെന്ന് സംശയമുണ്ടെന്നും അതിനാല്‍ അക്കാര്യം അന്വേഷിക്കേണ്ടതാണെന്നും എന്‍.സി.ബി അറിയിച്ചിരുന്നു. 

അതിനിടെ, കേസില്‍ നിര്‍മ്മാതാവ് ഇംതിയാസ് ഖത്രിയെ എന്‍.സി.ബി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. നാളെ ഏജന്‍സിക്കു മുമ്പാകെ ഹാജരാകാനാണ് നിര്‍ദേശം. കഴിഞ്ഞ ദിവസം ഖത്രിയുടെ വീട്ടില്‍ എന്‍.സി.ബി റെയ്ഡ് നടത്തിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക