Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ബുധനാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 13 October, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ബുധനാഴ്ച (ജോബിന്‍സ്)
ഭാര്യയെ സ്വത്തിന് വേണ്ടി മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന കേസില്‍ ഭര്‍ത്താവ് സൂരജിന്  കോടതി ശിക്ഷ വിധിച്ചു. ഉത്ര വധക്കേസില്‍ കൊലക്കുറ്റത്തിന് ജീവപര്യന്തവും അഞ്ച്‌ലക്ഷം രൂപ പിഴയും വധ ശ്രമത്തിന് ജീവപര്യന്തം, വിഷവസ്തു ഉപയോഗിച്ച് ഉപദ്രവിച്ചതിന് പത്ത് വര്‍ഷം തടവും പതിനായിരം രൂപ പിഴയും തെളിവ് നശിപ്പിച്ചതിന് ഏഴു വര്‍ഷം തടവും അയ്യായിരം രൂപ പിഴയും ഇങ്ങനെയാണ് സൂരജിന് ലഭിച്ച ശിക്ഷകള്‍. രണ്ട് വകുപ്പുകളിലുള്ള 17 വര്‍ഷത്തെ തടവ് അനുഭവിച്ച ശേഷമാണ് ജീവപര്യന്തം തടവ് ആരംഭിക്കുന്നത്.
*********************************
സൂരജിന് വധശിക്ഷയായിരുന്നു പ്രതീക്ഷിച്ചതെന്നും ഇപ്പോളത്തെ വിധിയില്‍ തൃപ്തിയില്ലെന്നും മേല്‍ക്കോടതിയെ സമീപിക്കുമെന്നും ഉത്രയുടെ അമ്മ പ്രതികരിച്ചു. വിധിയില്‍ തൃപ്തരാണെന്നും മറ്റു കാര്യങ്ങള്‍ സര്‍ക്കാരുമായി ആലോചിച്ചു തീരുമാനിക്കുമെന്നും പ്രോസിക്യൂഷന്‍ പ്രതികരിച്ചു. താന്‍ നിരപരാധിയാണെന്നും ഉത്രയുടെ അച്ഛന്‍ പറഞ്ഞത് മാത്രമാണ് കോടതി കേട്ടതെന്നും സൂരജ് പ്രതികരിച്ചു. 
*************************************
നിയമസഭ കയ്യാങ്കളി കേസില്‍ പ്രതികളുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവരുടെ ഹര്‍ജിയാണ് തിരുവനന്തപുരം സിജെഎം കോടതി തള്ളിയത്. ആറ് പ്രതികളും നവംബര്‍ 22 ന് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. നവംബര്‍ 22 ന് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും.
*****************************************
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് മുതല്‍ അദാനി ഗ്രൂപ്പിന് സ്വന്തമാകും. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ വിമാനത്താവളത്തിന്റെ ഉടമസ്ഥാവകാശം അദാനി തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന കമ്പനിയ്ക്കായിരിക്കും. കഴിഞ്ഞ ജനുവരിയിലായിരുന്നു എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനിയും തമ്മില്‍ കരാര്‍ ഒപ്പുവെച്ചതെങ്കിലും കോവിഡ് മൂലമുള്ള വ്യോമയാന നിയന്ത്രണങ്ങളെ തുടര്‍ന്ന് വിമാനത്താവളം ഏറ്റെടുക്കാന്‍ അദാനി ഗ്രൂപ്പ് സാവകാശം ചോദിച്ചിരുന്നു. 
***********************************
ഇന്ത്യയിലെത്തുന്ന ബ്രിട്ടിഷ് പൗരന്മാര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയ നിര്‍ദ്ദേശം പിന്‍വലിച്ച് ഇന്ത്യ. ഒക്ടോബര്‍ ഒന്നിന് പ്രഖ്യാപിച്ച നിയന്ത്രണങ്ങളാണ് പിന്‍വലിച്ചത്. നേരത്തെ ഇന്ത്യയില്‍ നിന്ന് രണ്ട് വാക്സിനും സ്വീകരിച്ചുവരുന്നവര്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ബ്രിട്ടന്‍ നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശം പിന്‍വലിച്ച സാഹചര്യത്തിലാണ് നടപടി.
*********************************
യുഎസ് നാവികസേനാ മേധാവി അഡ്മിറല്‍ മൈക്കിള്‍ ഗില്‍ഡേ അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. ഡല്‍ഹിയിലെത്തിയ അദ്ദേഹം ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചാണ് സന്ദര്‍ശനത്തിന് തുടക്കം കുറിച്ചത്. ഒക്ടോബര്‍ 11 മുതല്‍ 15 വരെ നീളുന്ന സന്ദര്‍ശനത്തില്‍ ഇന്ത്യന്‍ നാവിക സേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗ്, ഭാരത സര്‍ക്കാരിന്റെ മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
*********************************
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി. വീടും ഭൂമിയും നഷ്ടമാകുന്നവര്‍ക്ക് നഗര പ്രദേശങ്ങളില്‍ 2 ഇരട്ടിയും ഗ്രാമപ്രദേശങ്ങളില്‍ 4 ഇരട്ടിയും തുക നഷ്ടപരിഹാരം നല്‍കും.പദ്ധതിയുടെ ഗുണങ്ങളും ലഭിച്ച അനുമതികളും പഠനങ്ങളും വിശദീകരിച്ച മുഖ്യമന്ത്രി സംസ്ഥാനത്തെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് പദ്ധതിയെ എതിര്‍ക്കാനാകില്ലെന്ന് പറഞ്ഞു. കേരളത്തിന്റെ പാരിസ്ഥിതികവും സാമ്പത്തികവുമായ സാഹചര്യം പരിഗണിക്കാതെയുള്ള പദ്ധതി അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.
******************************************
ആഢംബര കപ്പലിലെ ലഹരിപാര്‍ട്ടിയില്‍ അറസ്റ്റിലായ ആര്യന്‍ ഖാനെതിരെ നിര്‍ണായക നീക്കവുമായി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി). സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റ് വഴി ലഹരിമരുന്ന് എത്തിച്ച് വിതരണം ചെയ്തതില്‍ ആര്യന്‍ ഖാന്‍ പ്രധാന പങ്കാളിയാണെന്നും രാജ്യാന്തര ലഹരിമരുന്ന് കണ്ണിയില്‍ പ്രവര്‍ത്തിക്കുന്നവരുമായി ആര്യന്‍ ഖാന് ബന്ധമുണ്ടെന്നും എന്‍.സി.ബി കോടതിയില്‍ അറിയിച്ചു. 
************************
ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ പിതാവ് കേന്ദ്രമന്ത്രിസഭയില്‍ തുടരുന്നത് നിഷ്പക്ഷ അന്വേഷണത്തെ ബാധിക്കുമെന്ന് കോണ്‍ഗ്രസ്. രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ സന്ദര്‍ശിച്ച കോണ്‍ഗ്രസ് സംഘം മന്ത്രിയെ പുറത്താക്കണമെന്ന ആവശ്യപ്പെട്ടു.
*****************************

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക