Image

പരസ്പരാദരത്തിലധിഷ്ഠിതമായ ലൈംഗികശിക്ഷണം വിശ്വാസപരിശീലന പരിപാടിയുടെ ഭാഗമാക്കാന്‍ ശ്രദ്ധിക്കണം: സത്യദീപം

Published on 14 October, 2021
പരസ്പരാദരത്തിലധിഷ്ഠിതമായ ലൈംഗികശിക്ഷണം വിശ്വാസപരിശീലന പരിപാടിയുടെ ഭാഗമാക്കാന്‍ ശ്രദ്ധിക്കണം: സത്യദീപം


പരസ്പരാദരത്തിലധിഷ്ഠിതമായ ലൈംഗികശിക്ഷണം വിശ്വാസപരിശീലന പരിപാടിയുടെ ഭാഗമാക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്ന് എറണാകുളം അങ്കമാലി അതിരുപതമുഖപത്രമായ സത്യദീപം എഡിറ്റോറിയല്‍. ശരിയായി പ്രണയിക്കാന്‍ നമ്മുടെ മക്കളെ പഠിപ്പിക്കണം. വിവാഹത്തിനുശേഷവും പ്രണയം തുടരേണ്ടതെങ്ങനെയെന്ന് അവര്‍ പരിശീലിക്കണം. പ്രതികാരത്തിലവസാനിക്കുന്ന പ്രണയം പ്രണയമായിരുന്നില്ലെന്ന് അവര്‍ തിരിച്ചറിയണം. ഇന്റര്‍നെറ്റൊരുക്കുന്ന പ്രതീതി യാഥാര്‍ത്ഥ്യത്തിന്റെ മായിക ലോകത്തില്‍ നിന്നും യാഥാര്‍ത്ഥ്യങ്ങളുടെ അനുഭവതലത്തിലേക്ക് നമ്മുടെ യുവത ഇടയ്ക്കിടെ ഇറങ്ങി നില്‍ക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പു വരുത്തണം-സത്യദീപം പറയുന്നു. ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവത്തില്‍ സമൂഹത്തില്‍ അരങ്ങേറുന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സത്യദീപം മുഖപ്രസംഗം.

മുഖപ്രസംഗം പൂര്‍ണരൂപം:

ആരാണ് എന്നെ തൊട്ടത്?

ബന്ധങ്ങളെ ഊഷ്മളമാക്കുന്ന സ്പര്‍ശം തിരിച്ചറിയാന്‍ മനുഷ്യ മസ്തിഷ്‌ക്കത്തെ സഹായിക്കുന്ന സ്വീകരണികള്‍ കണ്ടെത്തിയ അമേരിക്കന്‍ ഗവേഷകരായ ഡേവിഡ് ജൂലിയസിനും, ആര്‍ഡെം പെറ്റാ പൗടെയ്‌നുമാണ് ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നോബല്‍ സമ്മാനം. ചര്‍മ്മത്തിലേല്ക്കുന്ന ചൂട്, തണുപ്പ്, സ്പര്‍ശം എന്നിവയെ നാഡീവ്യൂഹം എങ്ങനെ തിരിച്ചറിയുന്നു എന്നതിലെ സങ്കീര്‍ണ്ണതയെ സാങ്കേതികമായി ഇഴകീറി കണ്ടെത്തിയതിലെ വിജയമാണ് ഈ പുരസ്‌ക്കാര ലബ്ധിക്കാധാരമായത്.
ഇത്തരം ഭൗതിക സംവേദനങ്ങള്‍ നാഡീവ്യൂഹത്തിലേല്പിക്കുന്ന വൈദ്യുത തരംഗങ്ങളുടെ തീവ്രതയെ തിരിച്ചറിയാനായാല്‍ തീവ്രവേദന പോലുള്ള ശാരീരികാവസ്ഥകളുടെ ചികിത്സാ പരിഹാരം കുറെക്കൂടി എളുപ്പമാകാമെന്ന നിഗമനം വൈദ്യശാസ്ത്ര ലോകത്തിന് വലിയ നേട്ടമാവുകയാണ്.
എന്നാല്‍ മനുഷ്യന്റെ സംവേദനക്ഷമതയെ തൊലിപ്പുറത്തുള്ള സ്പര്‍ ശസൗകര്യമായി മാത്രം പരിമിതപ്പെടുത്തേണ്ടതല്ല. മനുഷ്യന്റെ സാമൂഹ്യ ജീവിതത്തിന് ആവശ്യാധാരമായി അംഗീകരിക്കപ്പെട്ടതും, അതിജീവനശ്രമങ്ങളുടെ അടിസ്ഥാനഘടകമായി നിര്‍വ്വചിക്കപ്പെട്ടതും ഈ സംവേദനശേഷി തന്നെയാണ്. ബാഹ്യലോകവുമായുള്ള അവന്റെ/അവളുടെ ഇടപെടലുകളുടെ അന്തര്‍ധാരയായി വര്‍ത്തിക്കുന്ന സംവേദനാനുഭവ സത്യത്തെ കുറെക്കൂടി ക്രിയാത്മകമായി തിരിച്ചറിയുകയും ഉത്തരവാദിത്വത്തോടെ ഉറപ്പിച്ചെടുക്കുകയും ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
കൂടാതെ, മനുഷ്യന്‍ മനുഷ്യനെ മറന്നുപോകുന്ന ആധുനിക കാല ത്ത് ആലിംഗനത്തിന്റെയും, ആശ്‌ളേഷത്തിന്റെയും ഊഷ്മളാനുഭവങ്ങളെ തിരികെയെത്തിക്കാന്‍ പുതിയ കണ്ടുപിടുത്തം കാരണമാകുമെന്ന വിലയിരുത്തല്‍, നോബല്‍ സമ്മാന സമിതി തന്നെ പ്രകടിപ്പിച്ചതില്‍നി ന്നും, ഈ പുരസ്‌ക്കാരത്തിന്റെ സാമൂഹ്യ പ്രതിബദ്ധതാഭിമുഖ്യം വ്യക്തമാണ്.
എന്നാല്‍ ശരീരം വെറും മാംസതുണ്ടായി മാത്രം മനസ്സിലാക്കുകയും സ്പര്‍ശം ഇക്കിളിയനുഭവമായി മാത്രം തെറ്റിദ്ധരിക്കുകയും ചെയ്യുന്ന പുതിയകാല ശരീരാവബോധം ആധുനിക യുവതയെ അസാധാരണമാംവിധം അധഃപതിപ്പിക്കുന്നുവെന്നതാണ് വാസ്തവം. വീട്ടിലായാലും പുറത്തായാലും പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ സ്ത്രീ പുരുഷ ബന്ധങ്ങളാല്‍ നമ്മുടെ സാമൂഹ്യജീവിതം സുരക്ഷിതമാകുന്നില്ല എന്നത് വലിയ സങ്കടം തന്നെയാണ്. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതിന്റെ നടുക്കുന്ന വാര്‍ത്തകള്‍ക്ക് ഈ കോവിഡ് കാലം സാക്ഷിയാണ്. 'ഓപ്പറേഷന്‍ പി. ഹണ്ടി'ലൂടെ വെളിവാക്കപ്പെട്ട സൈബര്‍ കുറ്റകൃത്യങ്ങളില്‍ പ്രായഭേദമെന്യേ പലരും പ്രതികളാണെന്നതാണ് വാസ്തവം. ഗാര്‍ഹിക സ്ത്രീ(ധന)പീഡനങ്ങളുടെ തരവും തോതും ഇക്കാലയളവില്‍ വര്‍ദ്ധിച്ചതായാണ് വിവരം. മലയാളിയുടെ തുറിച്ചു നോട്ടങ്ങളില്‍പ്പോലും ലൈംഗിക ദാരിദ്ര്യത്തിന്റെ ആഴമെത്രയെന്ന് അളന്നെടുക്കാവുന്നതാണ്.
എതിര്‍ലിംഗത്തില്‍പ്പെട്ടയാളുടെ വ്യക്തിത്വത്തെ അംഗീകരിക്കാനും, ആദരിക്കാനും കഴിയാതെ പോകുന്നിടത്ത് ലൈംഗിക തൃഷ്ണയ്ക്കുള്ള പൂരണമായി മാത്രം വ്യക്തിബന്ധങ്ങള്‍ വികലമാകുമെന്നുറപ്പാണ്. നമുക്കിപ്പോഴും ലൈംഗികശിക്ഷണം ഒളിച്ചുവയ്‌ക്കേണ്ടതോ, ഒതുക്കിപ്പറയേണ്ടതോ ആയ നിഗൂഢപദ്ധതിയാണ്. ലൈംഗിക വിദ്യാഭ്യാസം കേരള പാഠാവലിയുടെ പ്രധാനഭാഗമായി ഇപ്പോഴും മാറിത്തീര്‍ന്നിട്ടില്ല എന്നതാണ് വസ്തുത.
സ്പര്‍ശത്തെ സൗഖ്യാനുഭവമായി പകര്‍ത്തിയ പുസ്തകത്തിന്റെ പേരാണ് സുവിശേഷം. കുഷ്ഠരോഗികളുടെ മുറിവിലല്ല, അവരുടെ ഹൃദയത്തിലാണ് ക്രിസ്തു തൊട്ടത് എന്നതിനാലാണ്, സൗഖ്യത്തിനപ്പുറം രക്ഷയുടെ മറുകരയിലേക്ക് ആ യാത്രകള്‍ പിന്നീട് പൂര്‍ത്തിയായത്. ചില വാക്കുകള്‍ കൊണ്ടുപോലും സൗഖ്യത്തിന്റെ സ്പര്‍ശനാനുഭവം സമ്മാനിക്കാനാവുമെന്ന് കല്‍ക്കൂമ്പാരത്തിനരികില്‍ ഉപേക്ഷിക്കപ്പെട്ട പാപിനിയായ സ്ത്രീ പറഞ്ഞുതരുന്നുണ്ടല്ലോ.
നമ്മുടെ വിശ്വാസപരിശീലന വേദികള്‍ സ്പര്‍ശത്തിന്റെ ആത്മീയാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതാകണം. പരസ്പരാദരത്തിലധിഷ്ഠിതമായ ലൈംഗികശിക്ഷണം വിശ്വാസപരിശീലന പരിപാടിയുടെ ഭാഗമാക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ശ്രദ്ധിക്കണം. ശരിയായി പ്രണയിക്കാന്‍ നമ്മുടെ മക്കളെ പഠിപ്പിക്കണം. വിവാഹത്തിനുശേഷവും പ്രണയം തുടരേണ്ടതെങ്ങനെയെന്ന് അവര്‍ പരിശീലിക്കണം. പ്രതികാരത്തിലവസാനിക്കു ന്ന പ്രണയം പ്രണയമായിരുന്നില്ലെന്ന് അവര്‍ തിരിച്ചറിയണം. ക്രിസ്തു വെള്ളം വീഞ്ഞാക്കിയെന്നു വായിക്കുമ്പോള്‍ ദാമ്പത്യജലത്തിന്മേല്‍ അരൂപിയുടെ ആശീര്‍വാദമുണ്ടാവുകയും അത് പ്രണയവീഞ്ഞായി രൂപാന്തരപ്പെടുകയും ചെയ്തു എന്നു കൂടി അര്‍ത്ഥമുണ്ടെന്നറിയണം.
ഇന്റര്‍നെറ്റൊരുക്കുന്ന പ്രതീതി യാഥാര്‍ത്ഥ്യത്തിന്റെ മായിക ലോകത്തില്‍ നിന്നും യാഥാര്‍ത്ഥ്യങ്ങളുടെ അനുഭവതലത്തിലേക്ക് നമ്മുടെ യുവത ഇടയ്ക്കിടെ ഇറങ്ങി നില്‍ക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പു വരുത്തണം.
മഹാഭാരതത്തിലെ യക്ഷന്‍, യുധിഷ്ഠിരനോട് ഏറ്റവും വലിയ വിസ്മയമെന്തെന്ന് തിരക്കുമ്പോള്‍ ലഭിക്കുന്ന മറുപടി ശ്രദ്ധേയമാണ്. 'ചുറ്റും, നടുക്കുന്ന ദുരന്തങ്ങള്‍ പെരുകുമ്പോഴും ഇതൊന്നും എന്നെ ബാധിക്കില്ലെന്ന് കരുതി നാം ജീവിതം തുടരുന്നതുപോലെ വിസ്മയകരമായി ഒന്നുമില്ല!' ഒന്നും എന്നെ 'സ്പര്‍ശിക്കാ'തെ പോകുന്നതുപോലെ അപകടകരമായി മറ്റൊന്നില്ലെന്നറിയണം. ''മനുഷ്യനെ ഭയപ്പെടേണ്ടതില്ല, മനുഷ്യത്വമില്ലായ്മയെ പേടിച്ചാല്‍ മതി,''യെന്ന ഐവൊ ആന്‍ഡ്രിച്ചിന്റെ ആകുലത, സ്പര്‍ശം സാമൂഹിക ഉത്തരവാദിത്വമാണെന്ന് മറക്കുന്നവരെക്കുറിച്ചാണ്; സത്യമായും നമ്മെക്കുറിച്ചാണ്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക