Image

ഒരവിശ്വാസിയുടെ പ്രാർത്ഥനകൾ (കവിതാസ്വാദനം: ഡോ: നന്ദകുമാർ ചാണയിൽ, ന്യൂയോർക്ക്)

Published on 15 October, 2021
ഒരവിശ്വാസിയുടെ പ്രാർത്ഥനകൾ (കവിതാസ്വാദനം: ഡോ: നന്ദകുമാർ ചാണയിൽ, ന്യൂയോർക്ക്)
"ഒരവിശ്വാസിയുടെ പ്രാർത്ഥനകൾ" എന്ന കൗതുകമുണർത്തുന്ന പേരോട്  കൂടിയ ശ്രീ ജെയിംസ് കുരീക്കാട്ടിലിന്റെ കവിതാ സമാഹാരം ഒറ്റയിരുപ്പിലാണ് വായിച്ചു തീർത്തത്. സമൂഹത്തിൽ നിലനിൽക്കുന്ന വിഭാഗീയ ചിന്തകൾക്കും, മത സ്പർദ്ദക്കും, അന്ധവിശ്വാസങ്ങൾക്കുമെതിരെയുള്ള ഒരു സ്വതന്ത്ര ചിന്തകന്റെ പ്രതിഷേധവും രോഷവും പ്രതിഫലിപ്പിക്കുന്നതാണ്  ഇതിലെ ഓരോ കവിതകളും.  ഈ കവിതകളിലൂടെ കടന്നുപോയപ്പോൾ തോന്നിയ ചില ചിന്തകളാണ് ഈ കുറിപ്പിന് നിദാനം. ദുർഗ്രഹമായ പദപ്രയോഗങ്ങൾ ഒന്നും ഇല്ലാതെ സരളമായ ഭാഷയിൽ ആർക്കും മനസ്സിലാകുന്ന രീതിയിലുള്ള രചന വായനക്കാർക്ക് സങ്കൽപ്പ വിമാനത്തിലേറാതെ തന്നെ ഇഷ്ടപെടുമെന്നാണ് അനുമാനിക്കുന്നത്. അർത്ഥ സമ്പുഷ്ടവും ആശയ ഗരിമയുമുള്ള കവിതകളാണ് എല്ലാം തന്നെ. രണ്ട് വര്ഷം മുമ്പ് പ്രസിദ്ധീകരിച്ച "മല്ലുക്ലബ്ബിലെ സദാചാര തർക്കങ്ങൾ" എന്ന കഥാ സമാഹാരത്തിലൂടെ മലയാളിയുടെ കപട സദാചാര ബോധത്തിന് ആക്ഷേപ ഹാസ്യത്തിലൂടെ ഒരു ചേതോ ദർപ്പണം സമ്മാനിച്ച ഈ എഴുത്തുകാരന് പദ്യവും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുന്നു. ഈ കവിതാ സമാഹാരത്തിലെ ഏതാനും ചില കവിതകളിലൂടെ ഒരു ഓട്ട പ്രദക്ഷിണം നടത്തട്ടെ.
"എന്റെയാണ് എല്ലാത്തിലും ഏറ്റവും നല്ലതെന്ന് എത്ര പറഞ്ഞാലും എനിക്ക് മതിവരില്ല", എന്ന് മാത്രമല്ല, അത് " മതിവരാതെ ഞാൻ പറഞ്ഞുകൊണ്ടിരിക്കും". ഇതിൽ കൂടുതൽ അല്പജ്ഞാനികളോടും മത തീവ്ര വാദവും, തീവ്ര ദേശീയ ബോധവും ബാധിച്ച് കലഹിക്കുന്നവരോട് എന്ത് പറയാൻ.
"ശപിച്ച വാക്കുകൾകൊണ്ടെന്നെ കരിച്ചുണക്കുമ്പോൾ
മറന്നു പോയല്ലോ ക്രിസ്തു നീ കാലവും ഋതുക്കളും"
എന്ന് പറയുമ്പോൾ ഒരവിശ്വാസിയുടെ ആത്മ രോദനം രോഷ ധ്വനിയിലൂടെ ശ്രവിക്കുന്നില്ലേ.
'സ്നേഹമാണ് മതം
ജ്ഞാനമാണ് ദൈവം"
എല്ലാ മതങ്ങളുടെയും അന്തസത്ത കാച്ചികുറുക്കി കവിതകൾ രചിച്ച ഈ കവിയുടെ മത ഭ്രാന്തരോടുള്ള ആക്രോശം കേൾക്കുന്നില്ലേ നമ്മൾ?
ഈശ്വരൻ വിണ്ണിലുമില്ല, കല്ലിലുമില്ല.- "നമ്മിലാണീശ്വരൻ" ഇതിൽ കൂടുതലായി അന്യ മത വിദ്വെഷികളോടെന്തുണ്ട് പറയുവാൻ?
ആനുകാലിക വിഷയങ്ങളും, ദേശീയവും അന്തർ ദേശീയവുമായ സംഭവങ്ങളുമാണ് ഒട്ടുമിക്ക കവിതകളുടെയും ഇതിവൃത്തം. ഉദാ: ഭക്തൻ, ശ്രേഷ്ഠ ഭാഷ, ഒന്നും അറിയാതെ, ഓമ്നി പൊട്ടന്മാർ, (തലകെട്ടിൽ തന്നെയില്ലേ ഹാസ്യാത്മക കരവിരുത്), നിസ്സഹായനായ ദൈവം, ധർമ്മ സംസ്ഥാപനാർത്ഥയ, സാത്താന്റെ സങ്കടങ്ങൾ, വിഷുക്കണി, ഘർ വാപ്പസി, തുടങ്ങി എല്ലാ കവിതകളിലും നമ്മൾ വായിക്കുന്നത് മതം നമ്മിൽ കുത്തിവെച്ച വെറുപ്പും വിദ്വെഷവും, അതിനെ അതിജീവിക്കാനുള്ള സ്വതന്ത്ര ചിന്തയുടെയും മാനവികതയുടെയും  പൊരുളുകളുമാണ്.
"അവസാനിക്കാത്ത അരും കൊലകൾക്ക്  
അറുതി വരുത്തുവാൻ
വീണ്ടും ഒരു വിസ്ഫോടനത്തിനായ്
കാത്തിരിക്കുകയാണ്
എന്റെയും നിന്റെയും മൗനം".
എന്ന "മൗനം" എന്ന കവിതയിലെ വരികളിലൂടെ നമുക്ക് ചുറ്റിലും നടക്കുന്ന അക്രമങ്ങളും അനീതിയും മത ഭ്രാന്തും കണ്ട് മനം നോവുന്ന കവി ഒരു നല്ല നാളെയെക്കുറിച്ചുള്ള ശൂഭാപ്തി വിശ്വാസത്തോടെയാണ് ഈ കവിതാ സമാഹാരം വായനക്കാർക്കായി സമർപ്പിക്കുന്നത്.
മലയാളികളുടെ കപട സദാചാര ബോധം എന്ന കൃതിയിലൂടെ പരിചയപ്പെട്ട നാൾ മുതൽ മനസ്സിൽ ആറ്റുനോറ്റിരുന്നതാണ് ശ്രീ ജെയിംസ് കുരീക്കാട്ടിലിനെ, ന്യൂയോർക്കിലെ മലയാളീ സാഹിത്യ ആസ്വാദകരുടെ കൂട്ടായ്മയായ സർഗ്ഗവേദിയിൽ ക്ഷണിച്ച് ആദരിക്കണമെന്ന്. നീണ്ട കാത്തിരിപ്പിനുശേഷം ഈ ഒക്ടോബർ മാസത്തിലെ ആ ആഗ്രഹം സഫലമായുള്ളൂ. അതിന് വേദിയൊരുക്കിയ എന്റെ സർഗ്ഗവേദി പ്രവർത്തകർക്കും, ശ്രീ പി ടി പൗലോസിനും, അകമഴിഞ്ഞ നന്ദി. ഒന്നുകൂടി പറഞ്ഞു അവസാനിപ്പിക്കട്ടെ. വാസ്തവത്തിൽ ഈ കവിതകൾ ഒരവിശ്വാസിയുടെ പ്രാർത്ഥനകൾ അല്ലെന്നാണ് എനിക്ക് തോന്നിയത്. അന്ധവിശ്വാസങ്ങൾക്കും മത ഭ്രാന്തിനുമെതിരെ കലഹിക്കുന്നതാണ് തന്റെ  കാവ്യ ധർമ്മമെന്ന് കരുതുന്ന ഒരു എഴുത്തുകാരന്റെ  ആത്മരോഷവും വിലാപങ്ങളുമാണ് ഈ കവിതകൾ.

ഡോ: നന്ദകുമാർ ചാണയിൽ, ന്യൂയോർക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക