Image

പകരക്കാരനില്ലാത്ത അമരക്കാരന്‍ ; തന്ത്രങ്ങളുടെ രാജാവ് ; കിരീടമണിഞ്ഞ് ധോണിപ്പട

ജോബിന്‍സ് Published on 16 October, 2021
പകരക്കാരനില്ലാത്ത അമരക്കാരന്‍ ;  തന്ത്രങ്ങളുടെ രാജാവ് ; കിരീടമണിഞ്ഞ് ധോണിപ്പട
രണ്ട് ഐസിസി കിരീടങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ച നായകനാണ് മഹന്ദ്രസിംഗ് ധോണി. ഇത്തവണ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ധോണിക്ക് പിന്നില്‍ അണിനിരന്നത് രണ്ടും കല്പ്പിച്ചായിരുന്നു. ഐപിഎല്ലിന്റെ അങ്കത്തട്ടിലേയ്ക്ക് ഈ സീസണില്‍ കാലെടുത്ത് വച്ചപ്പോള്‍ തന്നെ കിരീടവുമായേ തിരിച്ചു കയറൂ എന്ന് അവര്‍ ഉറപ്പിച്ചിരുന്നു. ഇടയ്ക്ക് കാലിടറിയപ്പോഴും ആത്മവിശ്വാസം ചോരാതെ അവര്‍ മുന്നോട്ട് കുതിച്ചു . ഒടുവില്‍ അത്തറിന്റെ മണമുള്ള അറേബ്യന്‍ മണലാരണ്യത്തില്‍ മഞ്ഞവസന്തം വിരിയിച്ച് ധോണിപ്പട കിരീടത്തില്‍ മുത്തമിട്ടു. 

ഇന്നലെ നടന്ന കിരീടപ്പോരാട്ടത്തില്‍ കൊല്‍ക്കൊത്തയെ 27 റണ്‍സിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ കൊല്‍ക്കൊത്തയ്ക്ക് മുന്നില്‍ പടുത്തുയര്‍ത്തിയത് 20 ഓവറില്‍ കേവലം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കൊത്തയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 165 റണ്‍സെടുക്കാനെ സാധിച്ചുള്ളു. 

കൊല്‍ക്കൊത്തയുടെ ഓപ്പണര്‍മാര്‍ മികച്ച ബാറ്റിംഗാണ് പുറത്തെടുത്തത്. എന്നാല്‍ മറുവശത്ത് ബോളിംഗിന്റേയും ഫീല്‍ഡിംഗിന്റെയും കടിഞ്ഞാണ്‍ ധോണിയെന്ന തന്ത്രശാലിയായ നായകന്‍ കൃത്യമായി നിയന്ത്രിച്ചു. ബാറ്റ്‌സ്മാന്‍മാരെ വരിഞ്ഞുമുറുക്കുന്ന ഫീല്‍ഡിംഗ് പ്ലേസിംഗുകളും അപ്രതീക്ഷിതവും സമ്മര്‍ദ്ദത്തിലാഴ്ത്തുന്നതുമായ ബോളിംഗ് ചേഞ്ചുകളുമടങ്ങുന്ന അസ്ത്രങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ധോണി തന്റെ ആവനാഴിയില്‍ നിന്നും പുറത്തെടുത്തു. 

ധോണിയുടെ തന്ത്രങ്ങള്‍ക്കുമുന്നില്‍ ചുവടുപിഴച്ച കൊല്‍ക്കൊത്തയ്ക്ക് 27 റണ്‍സ് അകലെ അടിയറവ് പറയേണ്ടി വന്നു. അങ്ങനെ രണ്ട് ഐസിസി കിരീടങ്ങളിലൂടെ രാജ്യത്തിന്റെ അന്തസ് വാനോളമുയര്‍ത്തിയ ധോണിയെന്ന നായകന്‍ ക്ലബ്ബ് ക്രിക്കറ്റിലും പകരക്കാരനില്ലാത്ത അമരക്കാരനാണ് താനെന്ന് തെളിയിച്ചു. 

കോഹ്ലിയും രോഹിത്തുമടക്കം നയിക്കുന്ന ടീമുകള്‍ പാതിവഴിയില്‍ പതറിയപ്പോഴും തല ഉയര്‍ത്തി മങ്ങാത്ത മാറ്റുമായി ധോണിയെന്ന നായകന്‍ പഴയ പ്രതാപത്തില്‍ തന്നെ നിന്നു. കോവിഡിനെ തുടര്‍ന്ന് ഇടയ്ക്ക് ഈ സീസണ്‍ താല്‍ക്കാലികമായി നിര്‍ത്തിയപ്പോള്‍ ടീമംഗങ്ങളെല്ലാം മടങ്ങിപ്പോയിരുന്നു. ആ അവസരത്തില്‍ അവസാനത്തെ ടീമംഗവും സുരക്ഷിതനായി മടങ്ങിയിട്ടേ താന്‍ ഹോട്ടല്‍ വിടൂ എന്നു പ്രഖ്യാപിച്ച് ടീമിനൊപ്പം നിന്ന നായകനായിരുന്നു ധോണി. കളിക്കാരിലേയ്ക്ക് ധോണി പകര്‍ന്നു കൊടുക്കുന്നതും ഈ ഉര്‍ജ്ജം തന്നെയാണ്.

ഇതോടെ 300 ട്വന്റി-ട്വന്റി മത്സരങ്ങളില്‍ നായകനാകുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും ധോണിക്ക് ലഭിച്ചു. ധോണി കളിക്കുന്ന പത്താമത്തെ ഐപിഎല്‍ ഫൈനലായിരുന്നു ഇത് . ഇതില്‍ ഒമ്പതെണ്ണവും ചെന്നൈയുടെ നായകസ്ഥാനത്തായിരുന്നു ധോണി. ചെന്നൈയുടെ നാലാമത് ഐപില്‍ കിരീടം കൂടിയാണിത്. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക