Image

കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം

ജോബിന്‍സ് Published on 16 October, 2021
കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം
കോണ്‍ഗ്രസ് പ്രസിഡന്റിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ ഇടക്കാല പ്രസിഡന്റായി ഏകദേശം ഒരു വര്‍ഷം കൂടി സോണിയാ ഗാന്ധി തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് പ്രവര്‍ത്തക സമിതിയോഗം ചേരുന്ന സാഹചര്യത്തിലാണ് നേതാക്കള്‍ക്കിടയില്‍ ഇക്കാര്യം തത്വത്തില്‍ ധാരണയായത്. 

ബൂത്തു തലം മുതലുള്ള സംഘടനാ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാക്കി പ്രസിഡന്റിനെ തെരഞ്ഞെടുക്കാനാണ് പദ്ധതി. ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത് എട്ടു മാസം വരെയാണ് കണക്കുകൂട്ടുന്നത്. ഇങ്ങനെ വന്നാല്‍ 2022 ല്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും അതുവരെ സോണിയാ ഗാന്ധി തുടരും. 

അവസാനമായി സംഘടനാ തെരഞ്ഞെടുപ്പ് നടന്നത് രാഹുലിനെ പ്രസിഡന്റായി തെരഞ്ഞെടുത്ത 2017 ലാണ്. അഞ്ച് വര്‍ഷമാണ് സാധാരണയായി പ്രസിഡന്റിന്റെ കാലവധി. ഇതനുസരിച്ച് പുതിയ തെരഞ്ഞെടുപ്പ് നടക്കേണ്ടത് 2022 ലാണ് ഇതുകൂടി പരിഗണിച്ചാണ് തീരുമാനം. 

2017 ല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ 2019 ലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് രാജി വച്ചത്. ഇതിനുശേഷമാണ് ഇടക്കാല പ്രസിഡന്റായി സോണിയാ ഗാന്ധി സ്ഥാനമേറ്റെടുത്തത്. ഉടന്‍ തന്നെ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണമെന്നാവശ്യപ്പെടുന്ന 23 വിമത നേതാക്കള്‍ ഇക്കാര്യത്തില്‍ എങ്ങനെ പ്രതികരിക്കും എന്നതാണ് പാര്‍ട്ടി നേതൃത്വം വീക്ഷിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക