Image

സവര്‍ക്കര്‍ മാപ്പു ചോദിച്ചത് സ്വന്തം നിലയ്‌ക്കെന്ന് ഗാന്ധിയുടെ കൊച്ചുമകന്‍

ജോബിന്‍സ് Published on 16 October, 2021
സവര്‍ക്കര്‍ മാപ്പു ചോദിച്ചത് സ്വന്തം നിലയ്‌ക്കെന്ന് ഗാന്ധിയുടെ കൊച്ചുമകന്‍
രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പറഞ്ഞിട്ടാണ് സവര്‍ക്കര്‍ ബ്രിട്ടീഷ് ഭരണകൂടത്തോട് മാപ്പ് ചോദിച്ചതെന്ന കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയ്‌ക്കെതിരെ മഹാത്മാ ഗാന്ധിയുടെ കൊച്ചുമകന്‍ രംഗത്ത്. ഗാന്ധിജിയുടെ നിര്‍ദ്ദേശ പ്രകാരമല്ല സ്വന്തം നിലയ്ക്കായിരുന്നു സവര്‍ക്കറുടെ പ്രവൃത്തിയെന്ന് ഗാന്ധിജിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി ഒരു മാധ്യമത്തോട് പറഞ്ഞു. 

ചരിത്രത്തെ ബിജെപി ആവശ്യാനുസരണം വളച്ചൊടിക്കുകയാണെന്നും ഇത് മോശം നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജി ആവശ്യപ്പെട്ടാണ് സവര്‍ക്കര്‍ മാപ്പപേക്ഷ നടത്തിയതെന്ന് വാദം തെറ്റാണ്. മാപ്പപേക്ഷയില്‍ പിന്തുണ തേടി സവര്‍ക്കറുടെ സഹോദരന്‍ ഒരിക്കല്‍ ഗാന്ധിയെ വന്ന് കണ്ടിരുന്നു. മാപ്പപേക്ഷ നടത്തണം എന്നാണെങ്കില്‍ ആയിക്കോളൂ എന്ന് മാത്രമാണ് ഗാന്ധി അന്ന് പറഞ്ഞത്. പക്ഷേ അതിനുമുമ്പുതന്നെ 11 തവണ സവര്‍ക്കര്‍ മാപ്പപേക്ഷ നടത്തിയതാണ്. അതെല്ലാം മറച്ചുവെച്ച് ബിജെപി തെറ്റായ പ്രചാരണം നടത്തുകയാണെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു. 

ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പിന്തുടരുന്നു എന്ന് അവകാശപ്പെടുന്ന പാര്‍ട്ടികള്‍ പോലും രാജ്‌നാഥ്‌സിംഗിന്റെ പ്രസ്താവനയ്‌ക്കെതിരെ ശബ്ദിച്ചില്ലെന്നും ഇവര്‍ ആശയങ്ങളും ആദര്‍ശങ്ങളും മറക്കുകയാണെന്നും തുഷാര്‍ഗാന്ധി കുറ്റപ്പെടുത്തി. രാഷ്ട്രീയ പാര്‍ട്ടികളുടെ ലക്ഷ്യം തെരഞ്ഞെടുപ്പ് വിജയം മാത്രമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക