Image

തീവ്രവാദ-ധനസഹായം, കള്ളപ്പണം: ഇന്ത്യയും അമേരിക്കയും സംയുക്ത നടപടിക്കൊരുങ്ങുന്നു

Published on 16 October, 2021
 തീവ്രവാദ-ധനസഹായം, കള്ളപ്പണം: ഇന്ത്യയും അമേരിക്കയും സംയുക്ത  നടപടിക്കൊരുങ്ങുന്നു
ന്യൂയോര്‍ക്ക്, ഒക്ടോബര്‍ 15 : ഇന്ത്യയുടെ ധനകാര്യ  മന്ത്രി നിര്‍മ്മലാ സീതാരാമനും  യു എസ്  ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനും  ഇരു രാജ്യങ്ങളുടെയും സാമ്പത്തിക പങ്കാളിത്തത്തെക്കുറിച്ച്  വ്യാഴാഴ്ച വാഷിംഗ്ടണില്‍ നടത്തിയ  ഉന്നതതല യോഗത്തില്‍  തീവ്രവാദ-ധനസഹായം, നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയ്ക്കെതിരായ നടപടി പുനരുജ്ജീവിപ്പിക്കുമെന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യു എസ്  പ്രസിഡന്റ് ജോ ബൈഡനും കഴിഞ്ഞ മാസം  നടത്തിയ കൂടിയാലോചനകളുടെ തുടര്‍ച്ചയാണ് സാമ്പത്തിക മേധാവികളുടെ കൂടിക്കാഴ്ച.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും  സാമ്പത്തിക സംവിധാനങ്ങളെ ദുരുപയോഗത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനെ പറ്റിയും സീതാരാമനും യെല്ലനും ഊന്നിപ്പറഞ്ഞു. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (FATF) മാനദണ്ഡങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുമെന്നും ഇരുവരും സംയുക്ത പ്രസ്താവനയിലൂടെ ഉറപ്പുനല്‍കി.

പാരിസ് ആസ്ഥാനമായി ഭീകരവാദ ധനസഹായത്തിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും എതിരെ പോരാടുന്ന 49 അംഗ അന്താരാഷ്ട്ര സംഘടനയാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (FATF), തീവ്രവാദികള്‍ക്ക് ധനസഹായം നല്‍കുന്നതിനായി നിരീക്ഷിക്കുന്ന രാജ്യങ്ങളില്‍ പാകിസ്താനുമുണ്ട്.
മള്‍ട്ടിനാഷണല്‍ കമ്പനികള്‍ നികുതി ഒഴിവാക്കുന്ന പ്രശ്‌നവും ഇരുവരും ചര്‍ച്ചചെയ്തു. അത് നിയമവിരുദ്ധമല്ലെങ്കിലും ചില രാജ്യങ്ങള്‍ക്ക് വരുമാന നഷ്ടത്തിന് കാരണമാകുമെന്ന് വിലയിരുത്തി.

ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍ക്ക് നികുതി ചുമത്തുന്ന പ്രധാന സമ്പദ്വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ച്  ജി 20 ഗ്രൂപ്പിംഗ് കഴിഞ്ഞ മാസം ഏര്‍പ്പെടുത്തിയ  കരാര്‍  അംഗീകരിക്കാന്‍ ഇന്ത്യയും യുഎസും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനും ധാരണയായി.
കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ അടിയന്തിര പുരോഗതി കൈവരിക്കുന്നതിനും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും ഇരുവരും വ്യക്തമാക്കി.
കാലാവസ്ഥാ വ്യതിയാന ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വികസ്വര രാജ്യങ്ങള്‍ക്കുവേണ്ടി  പ്രതിവര്‍ഷം 100 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍   വികസിത രാജ്യങ്ങള്‍ കൈകോര്‍ക്കുമെന്ന കാര്യവും ഉറപ്പായി.
 ഇരു രാജ്യങ്ങളുടെയും  വളര്‍ച്ചയ്ക്ക് പരസ്പരം  പിന്തുണയ്ക്കുമെന്നും അവര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക