Image

കനൽ കയങ്ങൾ (ഷീജ രാജേഷ്, കഥ)

Published on 17 October, 2021
കനൽ കയങ്ങൾ (ഷീജ രാജേഷ്, കഥ)

ടൗണിലേക്കുള്ള ബസ് വന്നപ്പോൾ പിള്ളചേട്ടന്റെ കടയുടെ മുന്നിൽ നിന്ന ഗോപി പത്രത്തിൽ നിന്നും തല ഉയർത്തി ഒന്ന് പാളി നോക്കി. അവൾ പതിവ് സീറ്റിൽ തന്നെ ഇരിപ്പുണ്ട്. ബസ് പോകും വരെ അവൾ തന്നെ നോക്കില്ല. ബസ് നീങ്ങി കഴിയുമ്പോൾ ആ വളവു തിരിയും മുന്നേ ഒന്ന് തിരിഞ്ഞു നോക്കും തന്നെ.
ഇതാണല്ലോ നാലഞ്ചു കൊല്ലമായി തനിക്കുള്ള ഒരു ശുഭ പ്രതീക്ഷ എന്ന് ഗോപി ഓർത്തു. ബസ് പോയി കഴിഞ്ഞു പത്രം മടക്കി വച്ചു ചായയുടെ പൈസയും കൊടുത്തു ഇറങ്ങുമ്പോൾ ചായ അടിച്ചു കൊണ്ടിരുന്ന രഘു ചേട്ടൻ ഒന്ന് നീട്ടി മൂളി.
അത് എന്തിന്റെ മൂളൽ ആണെന്ന് ഗോപിക്കു മനസ്സിലായി. പക്ഷെ രഘു ചേട്ടൻ ആരോടും ഒന്നും പറഞ്ഞു നടക്കില്ല എന്ന് ഗോപിക്കും അറിയാം.
പിള്ളേച്ചേട്ടന്റെ ചായക്കടയും ആ കണ്ണാടി പെട്ടിയിലെ പലഹാരങ്ങളും രഘു ചേട്ടൻ അടിച്ചു പതപ്പിച്ചു തരുന്ന ചായയും ഒക്കെ ആയിരുന്നു ആ ഗ്രാമത്തിലെ ആൾക്കാർക്കും പുറത്തുന്നു അവിടെ വരുന്നോർക്കും ഒക്കെയുള്ള ഏക ആശ്രയം.
അവിടെ ഉള്ളതിൽ സൗകര്യമുള്ള ചായക്കട അല്ലെങ്കിൽ ഹോട്ടൽ എന്ന് പറയാം.
കുറച്ചു കൊല്ലം മുൻപ് ഗൾഫിലേക്ക് പോകുമ്പോൾ ആവണിയോടുള്ള ഇഷ്ടം ഒരു സ്നേഹിതന്റെ പെങ്ങൾ വഴി അറിയിച്ചിട്ടാണ് പോയത്.
അഞ്ചു കൊല്ലം തികച്ചു നിന്നില്ല അതിനു മുന്നേ തിരിച്ചു വന്നു അച്ഛന്റെ മരണ വാർത്തയറിഞ്ഞ്. പിന്നെ അമ്മയേം പെങ്ങളേം തനിച്ചാക്കി പോകാൻ മനസ്സ് വന്നില്ല. ഒരു പ്രെസ്സ് തുടങ്ങി. അച്ഛൻ നടത്തി പോന്ന കൃഷിയും ഉണ്ട്. തരക്കേടില്ലാതെ കാര്യങ്ങൾ നടന്നു പോകുന്നു. കഴിഞ്ഞ കൊല്ലം അമ്മുനെ കെട്ടിച്ചു വിട്ടു. അതിൽ പിന്നെ അമ്മയ്ക്കു തിരക്കാണ് തന്റെ കല്യാണ കാര്യം പറഞ്ഞു.
ഇന്ന് വൈകിട്ട് അവൾ വരുമ്പോൾ എങ്ങനേലും ഒന്ന് സംസാരിക്കണം.
ടൗണിലെ ഒരു ലാബ് ൽ റീസെപ്ഷനിസ്റ്റ് ആണ് ആവണി. തന്റെ അമ്മയ്ക്കു അവളെ വല്യ മതിപ്പാണെന്നു അമ്മുനോട് പറയുന്നതിൽ നിന്നും കേട്ടു മനസ്സിലാക്കിയിട്ടുണ്ട്. പക്ഷെ കുടുംബ ഭാരം മുഴുവൻ വലിച്ചോടുന്ന അവളെ സ്വീകരിക്കാൻ തനിക്കുള്ള അത്രയും വിശാലത അമ്മേടെ മനസ്സിന് ഉണ്ടാകും എന്ന് തോന്നുന്നില്ല.
വൈകുന്നേരം അവളുടെ വീടിന്റെ അടുത്തു തോടിന് കുറുകെയുള്ള നടപ്പാലത്തിന്റെ ഒരറ്റത്തു ഗോപി നിന്നു അവളേം കാത്ത്.
ബസിറങ്ങി വരുമ്പോൾ ഗോപിയെ ചായക്കടയുടെ മുന്നിൽ കണ്ടില്ലല്ലോ എന്നോർത്ത് നടന്നു വന്ന ആവണിയുടെ  മുന്നിൽ പെട്ടെന്ന് ഗോപി നിൽക്കുന്നത് കണ്ടപ്പോൾ അവളുടെ മുഖം വിളറി വെളുത്തു. അങ്ങനൊരു കൂടിക്കാഴ്ച പ്രതീക്ഷിച്ചില്ലാരുന്നു അവൾ.
ഒതുങ്ങി മാറി പോകാൻ പറ്റാതെ നിന്ന അവളുടെ അടുത്തേക്ക് വന്നു ഗോപി പറഞ്ഞു "ശല്യപ്പെടുത്താനും നാട്ടുകാരെ കൊണ്ട് പറയിപ്പിക്കനും ഒന്നുമല്ല. പക്ഷെ എനിക്കൊരു തീരുമാനം അറിയണം... കൂടുതൽ നിൽക്കുന്നില്ല എല്ലാം ഈ കത്തിലുണ്ട്" എന്ന് പറഞ്ഞ് കത്ത് കൊടുത്തിട്ടു ഗോപി വേഗത്തിൽ നടന്നു."
ആരെങ്കിലും കണ്ടോയെന്ന പേടിയിൽ ആവണിയും വേഗം വീട്ടിലേക്കു നടന്നു. വീടിന്റെ മുറ്റത്ത് എത്തിയപ്പോളാണ് ആവണിക്ക് ശ്വാസം നേരെ വീണത്.

നോക്കുമ്പോൾ കിണറ്റുംകരയിൽ നിൽക്കുവാണ് അർച്ചന. ഏഴാം ക്ലാസ്സിൽ പഠിക്കുന്ന അനിയത്തി. തനിക്കു മൂത്ത ഒരു ചേട്ടൻ ഉണ്ടായിരുന്നു. ഒരു പനി പിടിച്ചു ചേട്ടൻ മരിച്ചപ്പോൾ ഒറ്റക്കായി പോയി താൻ. പിന്നെ അച്ഛനും അമ്മയ്ക്കും വൈകി കിട്ടിയ സന്താനമാണ്  അർച്ചന.
"മൂവന്തിക്കു കിണറ്റുംകരയിൽ എന്തെടുക്കുവാടി വിളക്ക് കൊളുത്തലും നാമം ജപിക്കലും ഒന്നും വേണ്ടയോ..."
അതെങ്ങനാ പറമ്പിൽ നിന്നും കേറിട്ടു വേണ്ടേ... പുറകിൽ നിന്നും അമ്മയാണ്. അമ്മ കുളി കഴിഞ്ഞു മുടി തോർത്ത്‌ കൊണ്ട് വട്ടം കെട്ടി വയ്ക്കുവാണ്.
'നീയെന്താടി വൈകിയേ'....
"സാധനങ്ങൾ വാങ്ങാൻ കേറണ്ടാരുന്നോ അമ്മേ ഇന്ന് ശമ്പളം കിട്ടി" എന്നും പറഞ്ഞു കയ്യിലിരുന്ന കവർ രണ്ടും അമ്മയ്ക്ക് കൊടുത്തിട്ടു അവൾ അകത്തേയ്ക്ക് പോയി.
കുളി കഴിഞ്ഞു വരുമ്പോൾ അമ്മ ചായയും അടയും എടുത്തു വച്ചിട്ടുണ്ടാരുന്നു.
അടുക്കളയിൽ ഉള്ള സ്റ്റൂളിന്മേൽ ഇരുന്നു അവൾ ചായ കുടിച്ചു.
മാധവിയമ്മ കവറിൽ നിന്നും സാധനങ്ങൾ എടുത്തു വയ്ക്കുവാരുന്നു. അച്ഛനുള്ള കുഴമ്പും കഷായവും കുറച്ചു അടുക്കള സാധനങ്ങളും രണ്ടു കവർ പാഡ് ഉം ഉണ്ടായിരുന്നു അതിൽ.
അർച്ചനയ്ക്ക് കുറച്ചു നാൾ മുൻപാണ് വയസ്സറിയിച്ചത്.
ചായ കുടിക്കുന്ന മകളെ നോക്കി അവൾ എത്ര വേഗമാ ഒരു ഗൃഹനാഥ ആയി മാറിയതെന്നു അവരോർത്തു.
ടൗണിലെ ഒരു കമ്പനിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു അച്യുതൻ നായർ. ഒരു ദിവസം ഡ്യൂട്ടി കഴിഞ്ഞു സൈക്കിൾ ഓടിച്ചു വരുമ്പോൾ ഒരു കാർ ഇടിച്ചു. ജീവൻ തിരികെ കിട്ടി. പക്ഷെ തളർന്നു കിടപ്പാണ്.
വീട്ടിലേക്കു വരുമ്പോൾ പിള്ളേച്ചേട്ടന്റെ ചായക്കടേലെ വെട്ടു കേക്കും മടക്കുസാനും ഒക്കെ മക്കൾക്കു വാങ്ങി കൊണ്ട് വരുമായിരുന്നു. അന്നും അച്ഛനെ നോക്കിയിരുന്ന മക്കൾക്കു അച്ഛന്റെ അപകട വാർത്തയാണ് അറിയാൻ പറ്റിയത്.
പിന്നെ ടൗണിലെ തന്നെ അദ്ദേഹത്തിന്റെ ചില പരിചയക്കാർ തരപ്പെടുത്തി കൊടുത്തതാണ് ആവണിക്ക് കിട്ടിയ ജോലി. അന്ന് മുതൽ ഒരു പരാതിയും പരിഭവവും ഇല്ലാതെ അവൾ കുടുംബം നോക്കുന്നുണ്ട്. അനിയത്തിയെ പഠിപ്പിക്കുന്നുമുണ്ട്.
രണ്ടു പശുക്കൾ ഉള്ളതിന്റെ പാലും കുറച്ചു കോഴികൾ ഉള്ളതിന്റെ മുട്ടയും ഒക്കെയാണ് മറ്റു വരുമാന മാർഗം. എന്നാലും മിച്ചം ഒന്നുമില്ല. ചിലപ്പോൾ തികയാറുമില്ല. കെട്ടുപ്രായം ആയ പെണ്ണിനെ നോക്കി നെടുവീർപ്പിടാനെ ആ അമ്മയ്ക്ക് കഴിയുന്നുണ്ടായിരുന്നുള്ളു.
അച്ഛന്റെ കേസ് നടക്കുന്നുണ്ട്. കൊല്ലം കുറച്ചായി. ഇത്തവണ നഷ്ടപരിഹാരം എത്രയാണെന്നൊക്കെ തീരുമാനം വരും. അന്നേരം എങ്ങനേലും അവളെ കെട്ടിച്ചു വിടണം.
ഗോപി നല്ല പയ്യനാണ്. ഗോപിക്ക് അവളെ വിവാഹം കഴിക്കാൻ താല്പര്യമാണെന്ന് ആവണിടെ ഒരു കൂട്ടുകാരി ഒരിക്കൽ തന്നോട് സൂചിപ്പിച്ചതുമാ.
" അമ്മ എന്താ കിനാവ് കാണുവാണോ... കഞ്ഞി തിളച്ചു പോകുന്നു".
മാധവിയമ്മ പെട്ടെന്ന് ആലോചനയിൽ നിന്നുമുണർന്നു.
കലത്തിന്റെ അടപ്പു മാറ്റുന്നതിനിടയിൽ കൈ പൊള്ളി.
നോക്കീം കണ്ടും ചെയ്തൂടയോ അമ്മെന്നും ചോദിച്ചു ആവണി ദേഷ്യപ്പെട്ടു.
മാധവിയമ്മ ഒന്ന് ചിരിച്ചു കൊണ്ട് പയർ തോരന് ചേർക്കാനുള്ള തേങ്ങ തിരുമ്മാൻ എടുത്തു.
" ഞാനൊന്നു കിടക്കട്ടെ അമ്മേ... നല്ല തലവേദന" എന്നും പറഞ്ഞു ആവണി മുറിയിലേക്ക് പോയി.
അർച്ചന പഠിക്കുവാണ്.
ഇപ്പോൾ കത്ത് വായിക്കാൻ പറ്റിയ സമയമാണ്. കതകടച്ചു ആവണി ബാഗിൽ നിന്നും കത്ത് പുറത്തെടുത്തു.
പ്രതീക്ഷിച്ച പോലെ തന്നെയാണ് എത്രയും വേഗം കല്യാണം നടക്കണം ഇനിയും കെട്ടാതെ നിൽക്കാൻ ഗോപിയേട്ടന്റെ അമ്മ സമ്മതിക്കില്ല.
പൊന്നും പണവും ഒന്നും വേണ്ട ഗോപിയേട്ടന്. ഒക്കെ ശരിയാണ്. പക്ഷെ താൻ.
അത്താഴം കഴിഞ്ഞു അർച്ചന ഉറങ്ങിയപ്പോൾ ആവണി ഒരു പേപ്പർ എടുത്തു മറുപടി എഴുതി തുടങ്ങി.
" പ്രിയപ്പെട്ട ഗോപിയേട്ടന്,
               എല്ലാം വായിച്ചു. ഒരുപാടു സന്തോഷം ഉണ്ട് ഗോപിയേട്ടൻ എന്നെ കാത്തിരുന്നതിൽ. പക്ഷെ എനിക്ക് ഇപ്പോൾ ഉള്ള ഉത്തരവാദിത്തങ്ങൾ ഒരിക്കലും ഗോപിയേട്ടന് സ്വീകരിക്കാൻ പറ്റുന്നവയല്ല. നമ്മൾ കല്യാണം കഴിച്ചു കഴിഞ്ഞാൽ നമ്മുടെ ജീവിതത്തിൽ പല മാറ്റങ്ങളും വരും. എന്റെ അമ്മയും അച്ഛനും അനിയത്തിയും അതിനിടയിൽ പെട്ടു ഉഴറും. ഞാനൊരു പെണ്ണല്ലേ. എന്റെ ശമ്പളം മുഴുവൻ കിട്ടിയാൽ പോലും ഇവിടെ  തികയാറില്ല. അപ്പോൾ ഞാൻ കല്യാണം കഴിഞ്ഞു മുഴുവൻ കാശും ഇങ്ങോട്ട് കൊടുക്കുന്നത് ഒന്നും നടക്കാൻ പോകുന്നില്ല. ആദ്യം ഒക്കെ ആർക്കും കുഴപ്പം ഉണ്ടാകില്ല. പക്ഷെ പിന്നെ പിന്നെ നമുക്കും മക്കളും ഒക്കെ ആയി കഴിയുമ്പോൾ കാര്യങ്ങൾ ഒക്കെ മാറും. എന്നെ ഇനിയും കാത്തിരുന്നു ഗോപിയേട്ടൻ ജീവിതം കളയരുത്. എന്റെ പ്രശ്നങ്ങൾ ഒക്കെ എപ്പോൾ തീരുമെന്ന് എനിക്ക് അറിയില്ല. ഇവിടുള്ളവരെ കഷ്ടപ്പെടുത്തി കൊണ്ട് എനിക്ക് മാത്രമായി ഒരു സന്തോഷവും സുഖവും നോക്കി പോകാൻ എനിക്ക് കഴിയില്ല. അമ്മേടെ ഇഷ്ടംപോലെ കല്യാണം എത്രയും വേഗം നടത്തണം.
സസ്നേഹം
ആവണി "
ലെറ്റർ എഴുതി ബാഗിൽ വച്ചിട്ട് ആവണി ഉറങ്ങാൻ കിടന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു. രാവിലെ തിരക്കിട്ടു നടന്നു പോകുമ്പോൾ തോടിന് അപ്പുറത്ത് ഗോപി നിൽക്കുന്ന കണ്ടു. ചിരിച്ചു കൊണ്ട് അവൾ ആ ലെറ്റർ അവനു കൊടുത്തു.
" ബസിന്റെ സമയം ആയി പോട്ടെ" എന്നും പറഞ്ഞു വേഗത്തിൽ നടക്കുമ്പോൾ ആവണിടെ ഉള്ളിൽ നോവിൽ പൊതിഞ്ഞു വച്ച ആഗ്രഹങ്ങളും പ്രതീക്ഷകളും നുരപൊന്തി വരുന്നതായും ഭാവി ജീവിതത്തിലേക്ക് കടന്നു ചെല്ലാൻ ഒന്ന് തിരിഞ്ഞു ഗോപിടെ അരികിലേക്ക് ഓടി ചെന്നാൽ മതീന്നുമുള്ള വ്യാമോഹം ചിറകിട്ടടിച്ചു.
പക്ഷെ കിതപ്പോടെ അവൾ കാലു മുന്നോട്ടേക്ക് വച്ചു നടന്നു. തന്റെ നടപ്പാതകളിൽ മുഴുവൻ  കനലുകളാണ്. പൊള്ളിയാലും വേദന പ്രകടിപ്പിക്കാതെ മുന്നോട്ടു നടന്നാലേ പറ്റുള്ളൂ.
മനസ്സ് കൊണ്ട് തയ്യാറെടുത്തു. വീണ്ടും ജീവിത തിരക്കുകളിലേക്ക്....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക