Image

'ഈ അവാര്‍ഡ് എന്റേതല്ല; ഒന്നും ഒറ്റയ്ക്ക് നേടാന്‍ കഴിയില്ലന്ന് പൂര്‍ണമായി വിശ്വസിക്കുന്ന ആളാണ് താനെന്ന് ജയസൂര്യ‍

Published on 18 October, 2021
'ഈ അവാര്‍ഡ് എന്റേതല്ല; ഒന്നും ഒറ്റയ്ക്ക് നേടാന്‍ കഴിയില്ലന്ന് പൂര്‍ണമായി വിശ്വസിക്കുന്ന ആളാണ് താനെന്ന്  ജയസൂര്യ‍
ഒന്നും ഒറ്റയ്ക്ക് നേടാന്‍ കഴിയില്ല എന്ന് പൂര്‍ണമായി വിശ്വസിക്കുന്ന ആളാണ് താനെന്ന് നടന്‍ ജയസൂര്യ . മികച്ച നടനായുള്ള അവാര്‍ഡിന് അര്‍ഹമാക്കിയ മൂന്ന് സിനിമകള്‍ അതിന്റെ എല്ലാ അണിയറ സുഹൃത്തുക്കളുടെയും ആത്മാര്‍ത്ഥമായ പരിശ്രമം കൊണ്ട് മാത്രം സംഭവിച്ചതാണ്. ഈ അവാര്‍ഡ് എന്റെ അല്ല... നിങ്ങളുടേതാണ്, അല്ല നമ്മുടേതാണെന്നും ജയസൂര്യ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദേഹം ഇക്കാര്യം പറഞ്ഞത്.

ജീവിതത്തില്‍ ആരുമായും മത്സരിക്കരുത് എന്ന് കരുതി ജീവിക്കാനാണ് എനിക്കിഷ്ടം. മത്സരം എപ്പോഴും ഒന്നാമന്‍ ആകാന്‍ വേണ്ടി ആണ്. അത് അസൂയ, നിരാശ,വിദ്വേഷം എല്ലാം ഉണ്ടാക്കും, എല്ലാത്തിനുപരി അത് നമ്മുടെ സ്വസ്ഥത നഷ്ടപ്പെടുത്തും...ഹൃദയം അറിഞ്ഞ് സമര്‍പ്പിക്കുക എന്നതാണ് ഞാന്‍ പഠിച്ചു കൊണ്ടിരിക്കുന്ന പാഠം.. അതാണ് ഞാന്‍ ഈ സിനിമകളില്‍ ചെയ്യാന്‍ ശ്രമിച്ചതും.

ആക്ടര്‍ ഒരു ഉപാധി മാത്രമാണ് , നമ്മുടെ ഹൃദയം മിടിക്കുന്നതിനും, ശ്വാസം നിലനിര്‍ത്തുന്നതിനുമൊക്കെ കാരണമായ അദൃശ്യമായ ഒരു ശക്തി ആണ് ഇതും ചെയ്യുന്നതും ചെയ്യിപ്പിക്കുന്നതും എന്നാണ് എന്റെ വിശ്വാസം. അവിടെ എനിക്ക് സ്ഥാനമില്ല. ആ ശക്തി ആരോട് മത്സരിക്കാനാണ്..? എന്തിന് മത്സരിക്കാനാണ്? തീര്‍ച്ചയായും ഈ അവാര്‍ഡ് എന്നെ സന്തോഷവാനും, കൂടുതല്‍ ഉത്തരവാദിത്തമുള്ളവനും ആക്കുന്നുണ്ട്.

ഈ സന്തോഷത്തിലുപരി ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്ന ബഹുമാനിക്കുന്ന പ്രതിഭാശാലികളായ കലാകാരന്‍മാര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയുന്നതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം. ഒരുപാട്‌പേര്‍ വിളിച്ചിരുന്നു സിനിമാ സൗഹൃദങ്ങള്‍, പരിചയമുള്ള സുഹൃത്തുക്കള്‍,പരിചയമില്ലാത്ത സനേഹിതര്‍, നിങ്ങളുടെ സ്‌നേഹവും, പ്രാര്‍ത്ഥനകളും ആണ് ഇന്ന് ഞാന്‍ ഇവിടെ നില്‍ക്കാന്‍ കാരണം എന്ന തിരിച്ചറിവ് എന്നും ഉണ്ട്.. ഈ സ്‌നേഹം എന്റെ സിനിമകളിലൂടെ ഞാന്‍ തിരിച്ചു തരും. എന്നത് മാത്രമാണ് നിങ്ങള്‍ക്കെന്റെ ഗുരുദക്ഷിണയെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക