Image

വോളീബോള്‍ മാമാങ്കത്തിനൊരുങ്ങി നയാഗ്ര

ആസാദ് ജയന്‍ Published on 21 October, 2021
 വോളീബോള്‍ മാമാങ്കത്തിനൊരുങ്ങി നയാഗ്ര
നയാഗ്ര/കാനഡ: കൈക്കരുത്തിന്റെയും ഉയരത്തിന്റെയും വേഗത്തിന്റെയും സമന്വയമാണ് വോളീബോള്‍. വലയ്ക്ക് മുകളിലൂടെ ചാടി ഉയര്‍ന്നു പായിക്കുന്ന നിലം തുളയ്ക്കുന്ന സ്മാഷുകള്‍, ആ സ്മാഷുകളെ തടുക്കാന്‍ കെല്‍പ്പുള്ള കരുത്തന്മാര്‍ എതിര്‍ കോര്‍ട്ടില്‍. തടുക്കുക, എതിരാളികളുടെ ബ്ലോക്കിന് മുകളിലൂടെ അടിച്ചിരിത്തുക. നയാഗ്ര മലയാളി സമാജമാണ് കായിക പ്രേമികളുടെ എക്കാലത്തെയും ആവേശമായ കൈപ്പന്തുകളി ഇക്കുറി നോര്‍ത്ത് അമേരിക്കയുടെ മണ്ണിലേക്ക് എത്തിക്കുന്നത്.  

നയാഗ്ര മലയാളി സമാജം സംഘടിപ്പിക്കുന്ന ആദ്യത്തെ രാജ്യാന്തര വോളീബോള്‍ ടൂര്ണമെന്റിനാണ് നയാഗ്ര ഒരുങ്ങുന്നത്.  കാനഡയുടെ വിവിധ മേഖലകളില്‍ നിന്നുമുള്ള ടീമുകള്‍ക്കുമൊപ്പം അമേരിക്കയിലെയും വോളിബാള്‍ ടീമുകള്‍ മത്സരത്തിനെത്തുമ്പോള്‍ മത്സരത്തിന്റെ ആവേശം കൊടിമുടി കയറും. നവംബര്‍ 12 ,13 എന്നീ തീയതികളിലാണ് മത്സരങ്ങള്‍ നടക്കുക.  

അതിഥികളും ആതിഥേയരും അടക്കം 9 ടീമുകളാണ് മാറ്റുരക്കുക. അമേരിക്കയില്‍ നിന്നും ഡിഎന്‍വൈ സ്ട്രൈക്കേഴ്സ് ന്യൂയോര്‍ക്, കൈരളി ലയണ്‍സ് ചിക്കാഗോ, ഫില്ലി സ്റ്റാര്‍സ് ഫിലാഡല്‍ഫിയ, റോക്ലാന്‍ഡ് സോള്‍ജിയേഴ്‌സ് ബഫാല്ലോ എന്നീ ടീമുകളോട്  കാനഡയിലെ ബ്രാംപ്ടണില്‍ നിന്നുള്ള ബ്രാംപ്ടണ്‍ സ്പൈക്കേഴ്സ്,  ലണ്ടനില്‍ നിന്നുള്ള ഫാല്‍ക്കന്‍സ് ഓഫ് ലണ്ടന്‍  എഡ്മണ്‍ടോണില്‍ നിന്നുള്ള എംഎഎസ്സി എഡ്മണ്‍റ്റോണ്‍ സ്പൈക്കേഴ്സ്,  സ്‌കാര്‍ബറോയില്‍ നിന്നുള്ള ടീം യുണൈറ്റഡ് എന്നിവര്‍ക്ക് പുറമെ ഹോം ടൗണായ നയാഗ്രയുടെ എന്‍എംഎസ് ബ്ലാസ്റ്റേഴ്‌സും കൈക്കരുതിന്റെ വേഗം അളക്കും.

മത്സരത്തെപ്പോലെതന്നെ സമ്മാനത്തുകയും ആകര്‍ഷകമാണ്. നോര്‍ത്ത് അമേരിക്കയില്‍ നടക്കുന്ന വോളീബോള്‍ മത്സരങ്ങളിലെ ഏറ്റവും കൂടിയ സമ്മാന തുക എന്‍എംഎസ് എവര്‍റോളിങ് ട്രോഫിക്കാണ്. 5001 ഡോളര്‍. രണ്ടാം സമ്മാനം 2501  ഡോളര്‍. ജിയോ ജോസാണ് മത്സരത്തിന്റെ ഗ്രാന്‍ഡ് സ്‌പോണ്‍സര്‍. ആഷ്ലി ജോസഫണ് മത്സരത്തിന്റെ കണ്‍വീനര്‍. മത്സരത്തിന്റെ സമാപനത്തോടനുബന്ധിച്ചു വൈകുന്നേരം നടക്കുന്ന ചടങ്ങില്‍ പ്രഥമ എന്‍എംഎസ് വോളീബോള്‍ ട്രോഫി ജേതാക്കള്‍ക്ക് സമ്മാനിക്കും.

പ്രസിഡന്റ് ബൈജു പകലോമറ്റം, വൈസ് പ്രസിഡന്റ് ബിമിന്‍സ് കുര്യന്‍, സെക്രട്ടറി എല്‍ഡ്രിഡ് കാവുങ്കല്‍, ട്രഷറര്‍ ടോണി മാത്യു, ജോയിന്റ് സെക്രട്ടറി കവിത പിന്റോ, ജോയിന്റ് ട്രഷറര്‍ ബിന്ധ്യ ജോയ്, കമ്മിറ്റി അംഗങ്ങളായ ആഷ്ലി ജോസഫ്, രാജേഷ് പാപ്പച്ചന്‍,നിത്യ ചാക്കോ, സുനില്‍ ജോക്കി, റോബിന്‍ ചിറയത്, മധു സിറിയക്, സജ്ന ജോസഫ്, ലക്ഷ്മി വിജയ്, ഓഡിറ്റര്‍ പിന്റോ ജോസഫ്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ജയ്‌മോന്‍ മാപ്പിളശ്ശേരില്‍, ഡെന്നി കണ്ണൂക്കാടന്‍, കോശി കാഞ്ഞൂപ്പറമ്പന്‍ ഉപദേശക സമിതി അംഗങ്ങായ സുജിത് ശിവാനന്ദ്, വര്‍ഗീസ് ജോസ്, രാജീവ് വാരിയര്‍, ഷെഫീഖ് മുഹമ്മദ്, പ്രസാദ് മുട്ടേല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക