Image

ചെറിയാന്‍ ഫിലിപ്പ് ഇടതുപക്ഷവുമായി ഇടയുമ്പോള്‍

ജോബിന്‍സ് Published on 21 October, 2021
ചെറിയാന്‍ ഫിലിപ്പ് ഇടതുപക്ഷവുമായി ഇടയുമ്പോള്‍
ഉമ്മന്‍ ചാണ്ടിയുടേയും എ.കെ ആന്റണിയുടേയും ഒപ്പം കേരളാ രാഷ്ട്രീയത്തിന്റെ അങ്കത്തട്ടില്‍ കളിച്ചു വളര്‍ന്നയാളാണ് ചെറിയാന്‍ ഫിലിപ്പ്. എന്നാല്‍ ഇവര്‍ ഇരുവരും കേരളാ മുഖ്യമന്ത്രിമാര്‍ വരെ ആയപ്പോഴും സ്ഥാനമാനങ്ങളുടെ കാര്യത്തില്‍ ഇവരുടെ അയലത്തെത്താന്‍ പോലും ചെറിയാന്‍ ഫിലിപ്പിന് സാധിച്ചില്ല.

സ്ഥാനമാനങ്ങള്‍ സംബന്ധിച്ചുള്ള അസ്വാരസ്യവും താന്‍ ഒതുക്കപ്പെടാന്‍ പോകുന്നുവെന്ന തോന്നലുമായിരുന്നു ചെറിയാന്‍ ഫിലിപ്പ് ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയം വിടാന്‍ കാരണവും. ഉമ്മന്‍ ചാണ്ടിക്കെതിരെ പുതുപ്പള്ളിയില്‍ മത്സരിക്കുകയും ചെയ്തു ഒരു വേള ചെറിയാന്‍ ഫിലിപ്പ്. 

രാഷ്ട്രീയത്തില്‍ തട്ടകം മാറ്റിയ ചെറിയാന്‍ ഫിലിപ്പിനെ പിന്നെയും നിര്‍ഭാഗ്യം പിന്തുടരുകയായിരുന്നു. ഇടതിന്റെ കളരിയിലും കാര്യമായി ഒന്നും ചെയ്യാന്‍ ചെറിയാന്‍ ഫിലിപ്പിന് സാധിച്ചില്ല. ബോര്‍ഡ് , കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ക്കപ്പുറം ഒരിടത്തുമെത്താന്‍ അദ്ദേഹത്തിനായില്ല. 

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴെങ്കിലും മാന്യമായ ഒരു സ്ഥാനം ചെറിയാന്‍ ഫിലിപ്പ് ആഗ്രഹിച്ചു. ഒഴിവ് വന്ന രാജ്യസഭാ സീറ്റില്‍ ഒന്നായിരുന്നു പ്രതീക്ഷിച്ചത്. ഇത് ലഭിക്കാത്തതിനെ തുടര്‍ന്നാണ് യഥാര്‍ത്ഥത്തില്‍ ചെറിയാന്‍ ഫിലിപ്പിന് മനോവേദനയുണ്ടായത്. 

പിന്നീട് ഇടതുപക്ഷം വച്ചു നീട്ടിയത് ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനമായിരുന്നു ഇത് നിഷേധിച്ചു എന്ന് മാത്രമല്ല മഴക്കെടുതിയില്‍ പിണറായിയെ ലക്ഷ്യം വച്ച് രൂക്ഷവിമര്‍ശനവും നടത്തി. ഖാദി ബോര്‍ഡിലേക്കും വരണ്ടെന്ന് ഇതോടെ ഇടതുപക്ഷം അദ്ദേഹത്തോട് തീര്‍ത്തു പറഞ്ഞു.

പിണറായി തന്നെ പരസ്യമായി ചെറിയാന്‍ ഫിലിപ്പിനെതിരെ സംസാരിക്കുകയും ചെയ്തതോടെ ഇടതില്‍ ഇനി അദ്ദേഹത്തിന് പരിഗണന കിട്ടില്ലെന്നുറപ്പ്.  

സ്വന്തം യൂട്യൂബ് ചാനല്‍ തുടങ്ങുകയാണെന്നും ഒറ്റക്കണ്ണനായിരിക്കില്ലെന്നും ഇതിനോടകം ചെറിയാന്‍ ഫിലിപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇവിടെയും ഇടതിനെതിരെ വിമര്‍ശനമുണ്ടാകുമെന്നുറപ്പ്. എന്നാല്‍ ഈ നിര്‍ണ്ണായക ഘട്ടത്തില്‍ ചെറിയാന്‍ ഫിലിപ്പിനെ ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമം.

ആന്റണിയും ഉമ്മന്‍ ചാണ്ടിയും സതീശനും സുധാകരനുമടക്കം പ്രമുഖ നേതാക്കളെല്ലാം ചെറിയാന്‍ ഫിലിപ്പുമായി സംസാരിച്ചുവെന്നാണ് വിവരം എന്നാല്‍ ചെറിയാന്‍ ഫിലിപ്പ് ഇതുവരെ സമ്മതം മൂളിയിട്ടില്ല. എന്തിരുന്നാലും ചെറിയാന്‍ ഫിലിപ്പ് എന്ന വ്യക്തിയെ കേരള രാഷ്ട്രീയം എക്കാലവും ശ്രദ്ധിക്കുന്ന ആളാണ്. കളികളറിയാത്തതുകൊണ്ടും അര്‍ഹിക്കുന്നത് തേടിയെത്തുമെന്ന് വിശ്വസിച്ചു പോയതുകൊണ്ടും എങ്ങുമെത്താതെ പോയ നേതാവ്.  

കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ അദ്ദേഹം മടിച്ചാല്‍ ഒരു സ്വതന്ത്ര നിരീക്ഷകനായി അദ്ദേഹം കേരള രാഷ്ട്രീയത്തില്‍ തുടരും എന്നാണ് വിലയിരുത്തല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക