Image

ചലച്ചിത്ര അവാർഡ്; മാറുന്ന സിനിമാസംസ്കൃതിയുടെ അംഗീകാരം : ആൻസി സാജൻ

Published on 22 October, 2021
ചലച്ചിത്ര അവാർഡ്; മാറുന്ന സിനിമാസംസ്കൃതിയുടെ അംഗീകാരം : ആൻസി സാജൻ
കഴിഞ്ഞ വർഷത്തെ മികച്ച പ്രകടനങ്ങൾക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിളംബരം ചെയ്യപ്പെട്ടു. മികവേറിയ ചിത്രമായി ജിയോ ബേബി സംവിധാനം ചെയ്ത 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ 'തിരഞ്ഞെടുക്കപ്പെട്ടു. പ്രജേഷ്സെൻ സംവിധാനം ചെയ്ത 'വെള്ള'ത്തിലെ ഉജ്ജ്വലമായ അഭിനയപ്പകർച്ചയിലൂടെ ജയസൂര്യ മികച്ച നടനായി. ' കപ്പേള' യിലെ പ്രകടന മികവിലൂടെ അന്ന ബെൻ ഒന്നാമത്തെ നടിയുമായി. സംവിധായക പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടത് സിദ്ധാർത്ഥ ശിവ (ചിത്രം - ' എന്നിവർ ' )
എം.ജയചന്ദ്രൻ , സൂഫിയും സുജാതയും സിനിമയിലൂടെ പശ്ചാത്തല സംഗീതത്തിനും ഗാനസംവിധാനത്തിനുമുള്ള അംഗീകാരം ഒരുമിച്ച് സ്വന്തമാക്കി. 'വാതുക്കല് വെള്ളരിപ്രാവ് ' എന്ന ഗാനമാണ് എം.ജയചന്ദ്രനെ മുന്നിലെത്തിച്ചത്. ഈ ഗാനം ആലപിച്ച നിത്യ മാമ്മനാണ് മികച്ച ഗായിക. വെള്ളത്തിലെ ആകാശമായവളെ , ഹലാൽ ലവ് സ്റ്റോറിയിലെ, സുന്ദരനായവനേ എന്നീ ഗാനങ്ങളിലൂടെ ഹഹബാസ് അമൻ ഗായകരിൽ മുൻപനായി. അന്തരിച്ച സച്ചി സംവിധാനം ചെയ്ത 'അയ്യപ്പനും കോശിയും' കലാമേന്മയിലും ജനപ്രീതിയിലും മുന്നിലെത്തി. 
ഈ അവാർഡ് വിവരങ്ങൾ പുറത്തുവന്നതോടൊപ്പം മലയാള സിനിമാരംഗത്തുണ്ടായ മാറ്റങ്ങളും ശ്രദ്ധാർഹമാണ്. ലോകം വീടുകളിലേക്ക് ചുരുങ്ങിപ്പോയ കോവിഡ് സാഹചര്യങ്ങളാണ് ഈ വലിയ മാറ്റങ്ങൾക്കായി സിനിമയെ ഒരുക്കിയത്. ആളും ബഹളവും സന്നാഹങ്ങളും ലൊക്കേഷൻ കോലാഹലങ്ങളുമില്ലാതെയും നല്ല സിനിമയുണ്ടാക്കാം എന്നു തെളിയിച്ച കാലമാണിത്. മൊബൈൽ ഫോണിൽ മുഴുവനായി ചിത്രീകരിച്ച ചിത്രങ്ങൾ അവാർഡ് പട്ടികയിൽ ഇടം പിടിച്ചതും പ്രതിഭയുള്ള സിനിമാ പ്രവർത്തകർക്ക് ആത്മവിശ്വാസമേറ്റുന്നു. കയറ്റം എന്ന സിനിമയിലൂടെ ഛായാഗ്രാഹകന്റെ അവാർഡ് നേടിയ ചന്ദ്രു സെൽവരാജ് ഉയർന്നു നിൽക്കുന്ന പ്രതീകമായി. മൊബൈൽ ഫോണായിരുന്നു ഈ ചിത്രത്തിൽ മുഴുവൻ ദൃശ്യങ്ങളും ഒപ്പിയെടുത്തത്. മഹേഷ് നാരായണൻ മികച്ച എഡിറ്റിംഗിനുള്ള അംഗീകാരം നേടിയെടുത്ത 'സീ യൂ സൂൺ' ചിത്രീകരിച്ചതും മൊബൈൽ ഫോണിൽ തന്നെ. സിനിമാ സ്വപ്നങ്ങൾ മനസ്സിലിട്ട് നടക്കുന്നവർക്ക് ആഹ്ളാദമേകുന്ന അവാർഡ് നേട്ടങ്ങളാണിത്.
അതുപോലെ ജയസൂര്യയും അന്ന ബെന്നും . 2019 - ൽ ഫുട്ബോൾ ഇതിഹാസം വി.പി. സത്യനെയും ഇപ്പോൾ , വെള്ളത്തിലെ മദ്യപനായ മുരളിയെയും കൂടെ സണ്ണിയെയും അവതരിപ്പിച്ചതിനാണ് ജയസൂര്യ മികച്ച നടനായത്. പ്രജേഷ് സെൻ എന്ന സംവിധായകനും അഭിമാനിക്കാം. തന്റെ രണ്ടു ചിത്രങ്ങളിലെയും നായക കഥാപ്രാത്രങ്ങൾ അവാർഡ് നേടിയതിൽ. കോവിഡ് കാല അടച്ചിടലിനു ശേഷം തീയേറ്ററിലെത്തിയ ആദ്യ സിനിമയായിരുന്നു വെള്ളം.ബിജു മേനോനും ഫഹദ് ഫാസിലുമാണ് ജയസൂര്യയോടൊപ്പം അവാർഡ് നിർണയത്തിൽ മൽസരിച്ചത് എന്നും കേൾക്കുന്നു. ട്രാൻസ് എന്ന ചിത്രത്തിലെ ഫഹദിന്റെ പ്രകടനം തകർപ്പനായിരുന്നു എന്നു പറയാതിരിക്കാനും വയ്യ.
ചെറിയ പെൺകുട്ടി ആയിരുന്നിട്ടും വഹിച്ച വലിയ 'വേഷ'ങ്ങളാണ് അന്നയെ സമ്മാനിതയാക്കിയത്. 3 ദിവസം തീയേറ്ററുകളിൽ കളിച്ചിട്ട് ഒ.ടി. ടി.യിലൂടെ പ്രേക്ഷകർ കണ്ട സിനിമയായിരുന്നു കപ്പേള . മികച്ച നടിക്കുള്ള മൽസരം വളരെ കടുത്തതായിരുന്നുവെന്നാണ് ജൂറി അധ്യക്ഷ സുഹാസിനി പറഞ്ഞത്. മഞ്ജു വാര്യരും നിമിഷ സജയനും റീമ കല്ലുങ്കലുമടക്കം 6 പേരോടാണ് അന്ന ബെൻ മൽസരിച്ചത്രത്രെ..
വ്യവസ്ഥാപിത നായികാനായകരും ചുറ്റുപാടുകളും അകന്നുനിന്ന് പുതിയ ദിശാബോധങ്ങൾ സിനിമയിൽ വളർന്നുവരാൻ സഹായകമാണ് ഇത്തവണത്തെ അംഗീകാരങ്ങളെല്ലാം. അതുപോലെ ജൂറി ചെയർ പേഴ്സണായി സുഹാസിനി മണിരത്നം എത്തിയതും  അവാർഡ് നിർണ്ണയത്തിന് തിളക്കമേറ്റി.
പ്രധാന , ചലച്ചിത്ര സമ്മാനങ്ങളെല്ലാം തന്നെ സ്ത്രീപക്ഷ ആഭിമുഖ്യമുള്ള സിനിമകൾ നേടിയെന്നതും ശ്രദ്ധേയമാണ്. കുടുംബത്ത് സ്ത്രീകൾക്കു നിഷേധിക്കപ്പെടുന്ന ജനാധിപത്യ അവകാശങ്ങളെ ചൂണ്ടിക്കാട്ടിയ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണും തിങ്കളാഴ്ച നിശ്ചയവും മികച്ച ചിത്രങ്ങളായി. അന്ധമായ ആണധികാരങ്ങളാണ് ഇവയുടെ ഇതിവൃത്തം. ഇതിൽ ഇന്ത്യൻ അടുക്കള വർണ്ണിക്കുന്ന ജിയോ ബേബിച്ചിത്രം സർവത്ര ചർച്ച ചെയ്യപ്പെട്ടതുമാണ്. അട്ടപ്പാടി ഊരിലെ ഗോത്രസംഗീതം കൊണ്ട് നാട്ടാരെയെല്ലാം ഏറ്റു പാടിച്ച നാഞ്ചിയമ്മയുടെ ' കളക്കാത്ത സന്ദനമേരം' പ്രത്യേക ജൂറി പുരസ്കാരം നേടിയെടുത്തതും ശ്രദ്ധാർഹമായി. സാമൂഹിക മുഖംമൂടിത്തങ്ങൾ
തുറന്നുകാട്ടിയ  നളിനി ജമീലയുടെ ഭാവനാസമ്പന്നതയും സമ്മാനാർഹമായി.  വസ്ത്രാലങ്കാരത്തിനുള്ള പ്രത്യേക അംഗീകാരപരാമർശം അവർ നേടിയെടുത്തപ്പോൾ , സർഗ്ഗാത്മകതയ്ക്ക് 'ആരും അന്യരല്ല' എന്ന നല്ല സന്ദേശമാണ് പകരാനായത്. ലൈംഗിക തൊഴിലാളിയുടെ ജീവതം പറഞ്ഞ 'ഭാരതപ്പുഴ'യിലെ നായികയുടെ വസ്ത്രങ്ങൾ മെനഞ്ഞത് നളിനിയുടെ മാർഗ്ഗനിർദ്ദേശങ്ങളോടെ ആയിരുന്നു. ഈ ചിത്രത്തിൽ നായികയായെത്തിയ സിജി പ്രദീപും പ്രത്യേക പുരസ്കാരം നേടി. 
മികച്ച സ്വഭാവ നടനായി സുധീഷ് തിരഞ്ഞെടുക്കപ്പെട്ടതും ശ്രദ്ധേയം. (എന്നിവർ , ഭൂമിയിലെ മനോഹര സ്വകാര്യം ) .
സിനിമയുടെ വ്യത്യസ്ത മേഖലകളിലെ മികവിന് അംഗീകാരം നേടിയവർ ഇനിയും ഏറെയുണ്ട്. എല്ലാവർക്കും അഭിനന്ദനങ്ങൾ!
പറഞ്ഞു വരുമ്പോൾ മികച്ച സംവിധായകന്റെ ചിത്രം മികച്ചതായില്ല , ഏറ്റം നല്ല നടിയോ നടനോ അതിൽ നിന്നുമല്ല എന്നൊക്കെ തുടങ്ങി പരിദേവനങ്ങൾ വേണമെങ്കിൽ ഉയർത്താം. ജൂറി അംഗീകരിച്ച , തിരഞ്ഞെടുത്ത പ്രകടനങ്ങളാണ് അവാർഡ് നേടിയത്. അതിലൊക്കെ രാഷ്ട്രീയമുണ്ടോ ഇല്ലയോ എന്നൊന്നും തർക്കമാക്കുന്നില്ല. മലയാള സിനിമയിൽ വ്യത്യസ്തത പൂക്കുന്ന കാലമാണിപ്പോൾ. സിനിമയിലെ മാറി വരുന്ന കലയും സങ്കല്പങ്ങളും പ്രേക്ഷകർ സ്വീകരിക്കുന്നുണ്ട് എന്നതാണ് പ്രധാനം. കെട്ടിഘോഷങ്ങളും എഴുന്നള്ളിപ്പുകളും പിന്നിലേക്ക് മാറിയിട്ട് വസന്തം വിടർത്താൻ കഴിയുന്നവർ മുന്നേറട്ടെ. സിനിമാ സംസ്കൃതി കലയുടെ അടയാളമാവട്ടെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക