Image

കുഞ്ഞമ്മ കോശി (കോശി ആന്റി, 88) സൗത്ത് ഫ്‌ളോറിഡയില്‍ അന്തരിച്ചു

ജോയി കുറ്റിയാനി Published on 23 October, 2021
കുഞ്ഞമ്മ കോശി (കോശി ആന്റി, 88) സൗത്ത് ഫ്‌ളോറിഡയില്‍ അന്തരിച്ചു
കൂപ്പര്‍ സിറ്റി: രജിസ്‌ട്രേഡ് നേഴ്‌സ് കുഞ്ഞമ്മ കോശി (കോശി ആന്റി, 88) സൗത്ത് ഫ്‌ളോറിഡയിലെ കൂപ്പര്‍ സിറ്റിയില്‍ ഒക്‌ടോബര്‍ 19-നു ബുധനാഴ്ച  അന്തരിച്ചു. കുണ്ടറ കൈതറ വീട്ടില്‍ പരേതനായ എ.കെ. കോശി (റിട്ട. എയര്‍ഫോഴ്‌സ്) ആണ് ഭര്‍ത്താവ്.

മക്കള്‍: ആനി കോശി (ടീച്ചര്‍, അമേരിക്കന്‍ ഹെറിറ്റേജ് സ്‌കൂള്‍), ആലി മേനോന്‍ (അറ്റോര്‍ണി, യേല്‍ യൂണിവേഴ്‌സിറ്റി),
കൊച്ചുമക്കള്‍: രോഹന്‍ മേനോന്‍, കേശവ് മേനോന്‍, കീരണ്‍ മേനോന്‍.

സംസ്‌കാര ചടങ്ങുകള്‍:
നവംബര്‍ അഞ്ചാംതീയതി വെള്ളിയാഴ്ച വൈകുന്നേരം 4 മുതല്‍ 8 വരെ പൊതുദര്‍ശനം.
വെയ്ക് സര്‍വീസ് : ഫ്രെഡ് ഹണ്ടേഴ്‌സ് ഫ്യൂണറല്‍ ഹോം, 6301 ടാഫ്റ്റ് സ്ട്രീറ്റ്, ഹോളിവുഡ്, എഫ്.എല്‍ 33024.

നവംബര്‍ ആറാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് സംസ്‌കാര ശുശ്രൂഷകള്‍ ഫ്യൂണറല്‍ ഹോമില്‍ ആരംഭിക്കും.
ഫ്യൂണറല്‍ സര്‍വീസ് (ഫ്രെഡ് ഹണ്ടേഴ്‌സ് ഫ്യൂണറല്‍ ഹോം, 6301 ടാഫ്റ്റ് സ്ട്രീറ്റ്, ഹോളിവുഡ്, എഫ്.എല്‍ 33024).
കൂടുതല്‍ വിവരങ്ങള്‍ക്ക്: ആനി കോശി (954 415 7970).

കുഞ്ഞമ്മ കോശി എന്ന 
കോശി ആന്റി

1956-ല്‍ ഡല്‍ഹിയിലെ പ്രസിദ്ധമായ ഇര്‍വിന്‍ ഹോസ്പിറ്റല്‍ മറ്റേര്‍ണിറ്റി വിഭാഗത്തില്‍ സ്റ്റാഫ് നേഴ്‌സായി ജോലി ആരംഭിച്ച കുഞ്ഞമ്മ കോശി അതേ ഡിപ്പാര്‍ട്ട്‌മെന്റില്‍ തുടര്‍ന്ന് സൂപ്പര്‍വൈസറും, ട്യൂട്ടറുമായി.

1972-ല്‍ അമേരിക്കയിലെ കന്‍സാസ് സിറ്റിയിലേക്ക് കുടിയേറി ഏതാനും വര്‍ഷത്തിനുശേഷം മയാമിയിലെ ജാക്‌സണ്‍ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ജോലി ആരംഭിച്ചു. 22 വര്‍ഷം ലേബര്‍ ആന്‍ഡ് ഡെലിവറി ഡിവിഷനില്‍ ജോലി ചെയ്തു. കൂടാതെ ബ്രോവാര്‍ഡ് ജനറല്‍ ഹോസ്പിറ്റലിലും, ഹോളിവുഡ് മെമ്മോറിയലിലുമായി 42 വര്‍ഷത്തെ തിളക്കമാര്‍ന്ന സേവനത്തിനുശേഷം കുഞ്ഞമ്മ കോശി നിരവധി നേഴ്‌സിംഗ് എക്‌സലന്‍സ് അവാര്‍ഡുകള്‍ക്ക് അര്‍ഹയായി.

1998-ല്‍ ഇന്ത്യന്‍ നേഴ്‌സിംഗ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ സ്ഥാപകരില്‍ ഒരാളും, അന്നുമുതല്‍ മരണംവരെ ഐഎന്‍എഎസ്എഫിന്റെ ഭാരവാഹിയും ആയിരുന്നു.

1984-ല്‍ മയാമിയില്‍ ആരംഭിച്ച് ഇന്ന് അമേരിക്കന്‍ മലയാളി സംഘടനകളില്‍ ശ്രദ്ധേയമായ കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ നാള്‍വഴികളില്‍ കുഞ്ഞമ്മ കോശിയുടെ സംഭാവനകള്‍ ഏറെ ശ്രദ്ധേയമാണ്.

കേരള സമാജത്തിന്റെ പ്രസിഡന്റായും സഹകാരിയായും എന്നും സംഘടനയോടൊപ്പമുണ്ടായിരുന്നു. കേരള സമാജം അഭിമാനപൂര്‍വ്വം നേതൃത്വം നല്‍കി ഡേവി നഗരത്തിലെ ഫാല്‍ക്കണ്‍ ലീ പാര്‍ക്കില്‍ സ്ഥാപിച്ചിരിക്കുന്ന ഗാന്ധി സ്‌ക്വയറിന്റെ നിര്‍മാണത്തിന്റെ ആദ്യ സ്‌പോണ്‍സറായിരുന്നു.

സൗത്ത് ഫ്‌ളോറിഡയിലെ മാര്‍ത്തോമാ സഭയ്ക്ക് കുഞ്ഞമ്മ കോശിയുടെ വിയോഗം ഒരു തീരാനഷ്ടമാണെന്ന് സെന്റ് ലൂക്ക് മാര്‍ത്തോമാ ചര്‍ച്ച് വികാരി ഫാ. ഡേവിഡ് ചെറിയാനും, മാര്‍ത്തോമാ ചര്‍ച്ച് ഓഫ് സൗത്ത് ഫ്‌ളോറിഡ വികാരി ഫാ. ഷിബി ഏബ്രഹാമും അനുശോചനത്തിലൂടെ പങ്കുവച്ചു.

മാര്‍ഗേറ്റില്‍ സ്ഥിതിചെയ്യുന്ന സെന്റ് ലൂക്ക് ഇടവകാംഗമായ കുഞ്ഞമ്മ കോശി ഇടവകയുടെ പ്രാരംഭകാല പ്രവര്‍ത്തനം മുതല്‍ ഇടവകയിലെ എല്ലാ സംഘടനകള്‍ക്കും ആവശ്യമായ നേതൃത്വം നല്‍കുകയും ഇടവകയിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സഹായങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.

മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക -യൂറോപ്പ് ഭദ്രാസനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ എന്നും കുഞ്ഞമ്മ കോശി നല്‍കുമായിരുന്നു. കൂടാതെ മാര്‍ത്തോമാ സഭയുടെ മണ്ഡലം പ്രതിനിധിയായും സേവനം ചെയ്തിട്ടുണ്ട്.

വാര്‍ദ്ധക്യത്തെ അവഗണിച്ചുകൊണ്ട് കോശി ആന്റി തന്റെ കൃഷി തോട്ടവും, അതിലധികം സ്‌നേഹബന്ധങ്ങളും ഇത്ര ഊഷ്മളമായി പരിപാലിച്ച് നിര്‍ത്തിയത് സൗത്ത് ഫ്‌ളോറിഡയിലെ പ്രായഭേദമെന്യേ ഏവര്‍ക്കും എന്നും പ്രചോദനമായിരുന്നു.

കോശി ആന്റിയുടെ കൃഷി തോട്ടത്തിലെ വാളന്‍പുളിയും, കുടംപുളിയും, നെല്ലിക്കയും, കമ്പിളി നാരങ്ങയും, തേങ്ങയും, മൈലിന്റെ മുട്ടയും സ്‌നേഹപൂര്‍വ്വം പങ്കുവച്ചുകൊടുത്ത് ഏവരുടേയും പ്രിയപ്പെട്ട  കോശി ആന്റി ഇനി ഓര്‍മ്മകളില്‍ ജീവിക്കും.

റിപ്പോര്‍ട്ട്: ജോയി കുറ്റിയാനി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക