Image

നൊന്തുപെറ്റ പൊന്നോമനയെ തിരികെ വേണം ; അനുപമ നിരാഹാരം ആരംഭിച്ചു

ജോബിന്‍സ് Published on 23 October, 2021
നൊന്തുപെറ്റ പൊന്നോമനയെ തിരികെ വേണം ; അനുപമ നിരാഹാരം ആരംഭിച്ചു
നൊന്തുപെറ്റ സ്വന്തം കുഞ്ഞിനെ തിരികെ ലഭിക്കണം എന്നാവശ്യപ്പെട്ട് അധികാര കേന്ദ്രങ്ങളുടെ വാതിലുകള്‍ മുട്ടി മടുത്തിട്ടും നീതി ലഭിക്കാതെ അലയുന്ന ഒരമ്മയുടെ പട്ടിണി സമരത്തിനാണ് ഇനി കേരളത്തിന്റെ ഭരണസിരാകേന്ദ്രം സാക്ഷ്യം വഹിക്കേണ്ടത്. 

മാതാപിതാക്കള്‍ തന്നില്‍ നിന്നും ബലമായി പിടിച്ചു വാങ്ങി വ്യാജരേഖകളുണ്ടാക്കി മറ്റാര്‍ക്കോ ദത്തു നല്‍കിയ കുഞ്ഞിനെ തിരികെ വേണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി അനുപമ സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരം ആരംഭിച്ചു. 

ഇന്ന് രാവിലെയാണ് നിരാഹാരം ആരംഭിച്ചത്. പരാതി നല്‍കിയിട്ടും കാര്യമായ നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് അനുപമ കടക്കുന്നത്. രാവിലെ പത്തുമണി മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് സമരം. സമരം ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്ക് എതിരല്ലെന്നും സര്‍ക്കാരിന്റെ മുന്നിലേക്ക് പ്രശ്‌നം അവതരിപ്പിക്കുകയാണെന്നും അനുപമ പറഞ്ഞു. തല്ക്കാലം സൂചന സമരമാണെന്നും ബാക്കികാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു.

കേസില്‍ പ്രതികളായ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത ഉള്‍പ്പെടെയുള്ള ആറുപേരെ രണ്ടുദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യും. ഇതിനായി ഉടന്‍ നോട്ടീസ് നല്‍കാനാണ് പൊലീസ് ആലോചിക്കുന്നത്.

ഇതിനിടെ അനുപമയുടെ കുഞ്ഞിനെ ദത്തു നല്‍കിയതിന്റെ വിശദാംശങ്ങള്‍ നല്‍കാനാവില്ലെന്ന് വനിതാ ശിശുക്ഷേമ സമിതി പോലീസിനെ അറിയിച്ചു. ഇതേ തുടര്‍ന്ന് കുഞ്ഞിന്റെ വിവിരങ്ങള്‍ ലഭിക്കാന്‍ കേന്ദ്ര അഡോപ്ഷന്‍ റിസോഴ്‌സ് സമിതിയ്ക്ക് പോലീസ് കത്തയച്ചു. 2020 ഒക്ടോബര്‍ 19 നും 25 നുമിടയില്‍ ലഭിച്ച കുട്ടികളുടെ വിവരം നല്‍കണമെന്നാണ് ആവശ്യം. 

സിപിഎം സംസ്ഥാന സമിതിയംഗവും സിഐടിയു നേതാവുമായ പേരൂര്‍ക്കട സദാശിവന്റെ കൊച്ചുമകളാണ് അനുപമ. എസ്ഏഫ്ഐയുടെ മുന്‍ നേതാവായിരുന്നു അനുപമ. അനുപമയ്ക്കും ഡിവൈഎഫ്ഐ മുന്‍ മേഖലാ സെക്രട്ടറി അജിത്തിനും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19 നാണ് കുഞ്ഞ് ജനിച്ചത്. 

ഈ സമയത്ത് അജിത്ത് വിവാഹിതനായിരുന്നു. ഇതിനാല്‍ മാനഹാനി ഭയന്ന് അനുപമയുടെ വീട്ടുകാര്‍ സഹോദരിയുടെ വിവാഹ ശേഷം തിരികെ നല്‍കാമെന്ന് പറഞ്ഞ് കുഞ്ഞിനെ അനുപമയില്‍ നിന്നും വാങ്ങി ശിശുക്ഷേമ സമിതിയെ ഏല്‍പ്പിക്കുകയായിരുന്നു. ആദ്യ വിവാഹം വേര്‍പ്പെടുത്തിയ അജിത്ത് ഇപ്പോള്‍ അനുപമയ്ക്കൊപ്പമാണ് താമസം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക