Image

എസ്.എഫ്.ഐ വനിതാ പ്രവര്‍ത്തകരെ കടന്നുപിടിച്ചു, അസഭ്യം പറഞ്ഞു; 7 എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Published on 23 October, 2021
 എസ്.എഫ്.ഐ വനിതാ പ്രവര്‍ത്തകരെ കടന്നുപിടിച്ചു, അസഭ്യം പറഞ്ഞു; 7 എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കോട്ടയം: എം.ജി സര്‍വകലാശാലയിലെ സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസ്. രണ്ട് വനിതാ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പരാതിയിലാണ് ഏഴ് പേര്‍ക്കെതിരെ ഇന്നലെ രാത്രി കേസെടുത്തത്. വനിത പ്രവര്‍ത്തകരെ കടന്നുപിടിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും ജാതിപ്പേര് വിളിച്ച് അപമാനിച്ചുവെന്നും പരാതിയില്‍ പറയുന്നു.

എം.ജി. സര്‍വകലാശാലയില്‍ സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ എ.ഐ.എസ്.എഫ്. വനിതാ നേതാവിനെ ആക്രമിക്കുകയും ലൈംഗികമായും ജാതീയമായും അധിക്ഷേപിക്കുകയും ചെയ്തെന്ന പരാതിയില്‍  10 എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരേ നേരത്തെ കേസെസടുത്തിരുന്നു. എ.ഐ.എസ്.എഫ് സംസ്ഥാന ജോ.സെക്രട്ടറിയായ യുവതി നല്‍കിയ  പരാതിയിലാണ് ഗാന്ധിനഗര്‍ പോലീസ് കേസെടുത്തത്.

എസ്.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റ് അമല്‍ സോഹന്‍,  എറണാകുളം ജില്ലാ പ്രസിഡന്റ് ആര്‍ഷോ, നേതാക്കളായ ടോണി കുര്യാക്കോസ്, പ്രജിത്ത് ബാബു, ഷിയാസ് ഇസ്മയില്‍, സുധിന്‍, ദീപക്  എന്നിവര്‍ക്കൊപ്പം കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെയുമാണ് കേസെന്നു സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. ഷിജി പറഞ്ഞു.   യുവതി പരാതിയിലും മൊഴിയിലും പരാമര്‍ശിച്ച വിദ്യാഭ്യാസ മന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫംഗവും എസ്.എഫ്.ഐ. കേന്ദ്ര കമ്മിറ്റി അംഗമായ കെ.എം.അരുണിന്റെ പേര് കേസെടുത്തവരുടെ പട്ടികയിലില്ല.

സ്ത്രീത്വത്തെ അപമാനിക്കല്‍, പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിയമം, മര്‍ദനം എന്നിവയടക്കം ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാവിലെ ഗാന്ധിനഗര്‍ സ്റ്റേഷനിലെത്തി യുവതി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്. കാമ്പസില്‍നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് മറ്റൊരുകേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  പരാതിയുമായി മുന്നോട്ടുപോകുമെന്നു യുവതി  പറഞ്ഞു.

വിട്ടുവീഴ്ചയ്ക്കില്ല. പാര്‍ട്ടിയും സംഘടനയും  ഒപ്പമുണ്ട്. സ്ത്രീത്വത്തിന്റെ മേലുള്ള അപമാനമാണു നേരിടേണ്ടിവന്നത്. ജാതിപ്പേരടക്കം വിളിച്ച് അപമാനിച്ചു.സ്ത്രീകള ഭയപ്പെടുത്താന്‍ ഏറ്റവും നല്ല മാര്‍ഗം ബലാത്സംഗം ചെയ്യുകയെന്ന് ഭീഷണിപ്പെടുത്തുകയാണ്. സ്ത്രീ സുരക്ഷയെപ്പറ്റി മുദ്രാവാക്യം വിളിക്കുന്ന പോരാളികളാണ് തങ്ങളെ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയത്. ഇത് അംഗീകരിക്കാനാകില്ലെന്നും ഇവര്‍ പറഞ്ഞു.

അതേസമയം, അരുണ്‍കുമാര്‍ എന്നൊരാള്‍ തന്റെ പഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടെന്നും അയാള്‍ക്കെതിരെ കേസെടുത്തതായി അറിവില്ലെന്നുമാണ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക