Image

അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടി നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

Published on 23 October, 2021
അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടി നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം
തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാന്‍ ശിശുക്ഷേമ സമിതിക്കും വനിതാ ശിശു വികസന ഡയറക്ടര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം. കോടതിയിലും സര്‍ക്കാര്‍ ഇക്കാര്യം അറിയക്കും. വഞ്ചിയൂര്‍ കോടതി വിധി പറയാന്‍ മാറ്റിവെച്ച കേസില്‍ തത്കാലം തുടര്‍ നടപടി സ്വീകരിക്കരുതെന്ന് സര്‍ക്കാറും ശിശുക്ഷേമ സമിതിയും ആവശ്യപ്പെടും. 

കുഞ്ഞിന്റെ അമ്മ അവകാശ വാദവുമായി വന്നിട്ടുണ്ടെന്നും വിഷയം വിവാദമായി നിലനില്‍ക്കുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കും. കുട്ടിയുടെ ദത്ത് നടപടി കേസ് നടക്കുന്ന വഞ്ചിയൂര്‍ കോടതിയില്‍ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ സര്‍ക്കാര്‍ പ്ലീഡറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടെ അനപുമക്ക് കുഞ്ഞിനെ തിരിച്ച്‌ ലഭിക്കാന്‍ സാധ്യത ഏറുകയാണ്.

സര്‍ക്കാറിന്റെ തീരുമാനത്തില്‍ ഏറെ സന്തോഷമുണ്ടെന്നും നിരഹാര സമരം തുടരണമോയെന്ന് ആലോചിച്ച്‌ തീരുമാനിക്കുമെന്നും അനുപമ പ്രതികരിച്ചു. കുഞ്ഞിനെ തിരിച്ച്‌ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇനി ഒരു സ്ത്രീക്കും തന്റെ അനുഭവം ഉണ്ടാകരുതെന്നും അനുപമ പ്രതികരിച്ചു.

അതിനിടെ സംഭവത്തില്‍ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി. പ്രാഥമിക അന്വേഷണത്തിന്റെ ആദ്യഘട്ടം പിന്നിടുന്നു. ശിശു ക്ഷേമ സമിതിക്ക് സംഭവിച്ചതെന്ന് ഗുരുതര വീഴ്ചയാണെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ കണ്ടെത്താന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നടപടി എടുത്തില്ല. മുഴുവന്‍ ജീവനക്കാരില്‍ നിന്നും മൊഴിയെടുത്ത ശേഷമാകും അധിമ നിഗമനത്തിലെത്തുക. ആണ്‍കുഞ്ഞിനെ രജിസ്റ്ററില്‍ പെണ്‍കുഞ്ഞാക്കിയതിന് പിന്നിലും ദുരൂഹതയുണ്ടോയെന്നും സംശയമുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22ന് പ്രസവിച്ച ശേഷം ആശുപത്രിയില്‍ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയില്‍ വെച്ച്‌ തന്റെ അമ്മയും അച്ഛനും ചേര്‍ന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു അനുപമയുടെ പരാതി. ഏപ്രില്‍ 19ന് പേരൂര്‍ക്കട പോലീസില്‍ ആദ്യ പരാതി നല്‍കി. പിന്നീടങ്ങോട്ട് ഡി ജി പി, മുഖ്യമന്ത്രി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി എന്നിവര്‍ക്കും പരാതി നല്‍കി. ആറ് മാസത്തിന് ശേഷം പോലീസ് എഫ് ഐ ആര്‍ പോലും രജിസ്റ്റര്‍ ചെയ്തത്.

തുടക്കം മുതല്‍ ഒളിച്ചുകളിച്ച പോലീസും ഇപ്പോള്‍ അന്വേഷണം സജീവമാക്കിയിട്ടുണ്ട്. അഡോപ്ഷന്‍ ഏജന്‍സി, അനുപമ പ്രസവിച്ച നെയ്യാര്‍ മെഡിസിറ്റി തുടങ്ങിയ ഇടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക