Image

അനുപമയുടെ കുട്ടിയെ കാണാതായ വിവരം അറിഞ്ഞില്ലെന്ന പോലീസിന്റെയും ശിശുക്ഷേമ സമതിയുടേയും വാദം തെറ്റ്

ജോബിന്‍സ് Published on 24 October, 2021
അനുപമയുടെ കുട്ടിയെ കാണാതായ വിവരം അറിഞ്ഞില്ലെന്ന പോലീസിന്റെയും ശിശുക്ഷേമ സമതിയുടേയും വാദം തെറ്റ്
തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയായ അനുപമയുട കുട്ടിയെ കാണാതായ സംഭവം അറിഞ്ഞില്ലെന്ന് പോലീസിന്റേയും ശിശുക്ഷേമ സമിതിയുടേയും വാദങ്ങള്‍ പൊളിയുന്നു. ഏപ്രില്‍ മാസത്തില്‍ തെളിവെടുപ്പിന് മുന്നോടിയായി വിളിച്ച കോളില്‍ അനുപമ കുട്ടിയെ കാണാതായ ദിവസം ഏതാണെന്ന് പറഞ്ഞില്ലെന്നായിരുന്നു ശിശുക്ഷേമ സമിതി പറഞ്ഞത്. ഈ ഫോണ്‍ സംഭാഷണത്തിന്റെ  വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇതില്‍ കുട്ടിയെ കാണാനില്ലെന്ന് അനുപമ പറയുന്നുണ്ട്.

കുട്ടിയെക്കുറിച്ചുള്ള എല്ലാ രേഖകളും കയ്യിലുണ്ടെന്ന് അനുപമയും എല്ലാം ഹാജരാക്കണമെന്ന് ശിശുക്ഷമസമിതിയും ഈ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.  ഈ സമയം കുട്ടി ദത്ത് പോയിരുന്നില്ല. എന്നിട്ടും സിഡബ്യുസി നടപടിയെടുത്തില്ല. എടുത്തിരുന്നെങ്കില്‍ അമ്മയുടെ പരാതി നിലനില്‍ക്കെ കുട്ടിയെ ദത്ത് നല്‍കാന്‍ സാധിക്കുമായിരുന്നില്ല. ഇവിടെ സിഡബ്യുസിയുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. 

പോലീസും പ്രചരിപ്പിക്കുന്നത് കള്ളമാണ് സിറ്റി പോലീസ് കമ്മീഷണര്‍
 ഡിജിപിയ്ക്ക് കൊടുത്ത റിപ്പോര്‍ട്ടില്‍ ഏപ്രീല്‍ മാസം ലഭിച്ച പരാതിയില്‍ കുട്ടിയെ കാണാനില്ലെന്ന കാര്യം സൂചിപ്പിച്ചിട്ടില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ എപ്രീല്‍ മാസം പോലീസില്‍ കുട്ടിയെ കാണാനില്ലെന്ന് കാട്ടി കൊടുത്ത പരാതിയുടേയും ഡിജിപിയ്ക്ക് ഇതേ കാര്യമുന്നയിച്ച് കൊടുത്ത പരാതിയുടേയും രസീത് ഒരു മലയാളം ചാനല്‍ പുറത്ത് വിട്ടു. ഇതോടെ ഈ വിഷയത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും പോലീസും പറയുന്നത് കള്ളമാണെന്ന് തെളിഞ്ഞു.

സിപിഎം സംസ്ഥാന സമിതിയംഗവും സിഐടിയു നേതാവുമായ പേരൂര്‍ക്കട സദാശിവന്റെ കൊച്ചുമകളാണ് അനുപമ. എസ്ഏഫ്ഐയുടെ മുന്‍ നേതാവായിരുന്നു അനുപമ. അനുപമയ്ക്കും ഡിവൈഎഫ്ഐ മുന്‍ മേഖലാ സെക്രട്ടറി അജിത്തിനും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19 നാണ് കുഞ്ഞ് ജനിച്ചത്. ഈ സമയത്ത് അജിത്ത് വിവാഹിതനായിരുന്നു. ഇതിനാല്‍ മാനഹാനി ഭയന്ന് അനുപമയുടെ വീട്ടുകാര്‍ സഹോദരിയുടെ വിവാഹ ശേഷം തിരികെ നല്‍കാമെന്ന് പറഞ്ഞ് കുഞ്ഞിനെ അനുപമയില്‍ നിന്നും വാങ്ങി ശിശുക്ഷേമ സമിതിയെ ഏല്‍പ്പിക്കുകയായിരുന്നു. ആദ്യ വിവാഹം വേര്‍പ്പെടുത്തിയ അജിത്ത് ഇപ്പോള്‍ അനുപമയ്ക്കൊപ്പമാണ് താമസം. ഇതോടെയാണ് ഇവര്‍ കുട്ടിയെ തിരികെ ആവശ്യപ്പെട്ടത്. 

കുട്ടിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഇന്നലെ അനുപമ സെക്രട്ടേറിയറ്റ് പടിക്കല്‍ ഉപവാസ സമരം നടത്തിയിരുന്നു. കുട്ടിയെ ദത്ത് നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള മറ്റ് നടപടികള്‍ നിര്‍ത്തിവയ്ക്കാനാണ് നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക