Image

ആശങ്ക ഉയർത്തി മുല്ലപ്പെരിയാര്‍ ജലനിരപ്പ് 137 അടിയിലേക്ക്

Published on 24 October, 2021
ആശങ്ക ഉയർത്തി  മുല്ലപ്പെരിയാര്‍   ജലനിരപ്പ് 137 അടിയിലേക്ക്
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയിലേക്ക് ഉയരുന്നു. പുതിയ കണക്ക് പ്രകാരം 136.88 അടിയാണ് ജലനിരപ്പ്. 136 അടിയില്‍ എത്തിയപ്പോള്‍ തമിഴ് നാട് ആദ്യ അറിയിപ്പ് കേരളത്തിന് നല്‍കിയിരുന്നു. 138 അടിയായാല്‍ രണ്ടാമത്തെ അറിയിപ്പും 140 അടിയില്‍ ആദ്യ മുന്നറിയിപ്പും 141 അടിയില്‍ രണ്ടാമത്തെ മുന്നറിയിപ്പും 142 അടിയില്‍ മൂന്നാമത്തെയും അവസാനത്തെയും മുന്നറിയിപ്പ് തമിഴ്നാട് നല്‍കും. അതേസമയം വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറഞ്ഞിട്ടുണ്ട്.

അതിനിടെ തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്‍റെ അളവ് ഉയര്‍ത്തണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ സെകന്‍ഡില്‍ 2150 ഘനയടിയാണ് തമിഴ് നാട് കൊണ്ടുപോകുന്നത്. സ്പീല്‍വേയിലൂടെ ചെറിയ തോതില്‍ വെള്ളം ഒഴുക്കി വിടാന്‍ തീരുമാനിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചിരുന്നു. ഈ വെള്ളം ഇടുക്കി അണക്കെട്ടിലേക്കാണ് ഒഴുകിയെത്തുക. പെരിയാറിന്‍റെ ഇരുകരകളിലുമുള്ളവരെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നാല്‍ കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മാറ്റിപാര്‍പ്പിക്കേണ്ടവരുടെ ലിസ്റ്റും തയ്യാറാക്കിയിട്ടുണ്ട്.

അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയെച്ചൊല്ലി സാമൂഹ്യ മാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയരുകയാണ്. സുര്‍ക്കി മിശ്രിതമുപയോഗിച്ചു നിര്‍മിക്കപ്പെട്ട, കാലപ്പഴക്കംചെന്ന ഈ അണക്കെട്ടിന്, ശക്തമായ വെള്ളപ്പാച്ചിലിനെ പ്രതിരോധിക്കാന്‍കഴിയില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ആറ് ജില്ലകളുടെയും 40 ലക്ഷ്മ ആളുകളുടെയും നിലനില്‍പിന്റെ വിഷയമാണ് ഇതെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകള്‍ പറയുന്നത്. ലോകത്തില്‍ ഇന്നു നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളില്‍ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാറിലേത്.

എന്നാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നു. തമിഴ്നാട് കൂടുതല്‍ വെള്ളംകൊണ്ടുപോകുന്നുണ്ട്. തീരദേശവാസികളെ സംരക്ഷിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. റവന്യു, പൊലീസ്, ഫയര്‍ഫോഴ്സ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സ്ഥിതി വിലയിരുത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക