Image

മണ്ണും മനുഷ്യനും (കവിത: ദീപ ബിബീഷ് നായർ)

Published on 25 October, 2021
മണ്ണും മനുഷ്യനും (കവിത: ദീപ ബിബീഷ് നായർ)
മറവികളെന്നുള്ളിൽ കൂടുകൂട്ടീയിന്ന്
മാറാല കെട്ടി മറച്ചുവല്ലോ
മടി പിടിക്കാതിന്നു ഞാൻ മണ്ണിൽ തിരയുന്നു
മതി വരാതെന്ന പോൽ നാലു ചുറ്റും

മാനത്തു ചന്ദ്രനും മിന്നുന്ന താരവും
മേഘത്തിനുള്ളിൽ മറഞ്ഞിരുന്നു
മഴയൊന്നു പെയ്യുവാൻ കാലമായെന്ന പോൽ
മിന്നൽക്കണികയും  മുന്നിലെത്തി

മണ്ഡൂകമൊന്നാകെയാർത്തു വിളിക്കുന്നു
മൗനഭഞ്ജാതരായ് വപ്രങ്ങളിൽ
മലകൾക്കുമകലെയായ് കാനനക്കൂട്ടത്തിൽ
മന്ത്രമോതുന്നതാ  പക്ഷികളും

മഴയെത്തി മാരുതൻ നൃത്തം ചവിട്ടി
മേഘവിസ്ഫോടന താണ്ഡവങ്ങൾ
മുന്നിലായശ്മങ്ങളല്ലോ നിലം പൊത്തി കമ്പളച്ചേറും പരന്നുവല്ലോ

മറനീക്കിയെത്താൻ കൊതിച്ചിന്നുവെങ്കിലും
മണ്ണിലടിഞ്ഞു  പിടഞ്ഞു ജീവൻ
മുഖമൊന്നുയർത്താതെ മുറവിളി കൂട്ടാതെ
മൃതയായി... പതിവുള്ള കാഴ്ചയായി.....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക