Image

മുല്ലപ്പെരിയാറിൽ ഒഴുകി നിറയുന്നു ആശങ്കകൾ: (ലേഖനം, സിൽജി ജെ ടോം)

Published on 25 October, 2021
മുല്ലപ്പെരിയാറിൽ ഒഴുകി നിറയുന്നു ആശങ്കകൾ: (ലേഖനം, സിൽജി ജെ ടോം)
 
കോവിഡിനൊപ്പം  ദുരന്ത മഴ കൂടി എത്തിയതോടെ  പ്രളയവും ഉരുൾപ്പൊട്ടലും മലയിടിച്ചിലും  നാട്ടിലാകെ വീണ്ടും ദുരിതം പെയ്യിച്ച  ദിനങ്ങളാണ് കടന്നുപോകുന്നത്. കലി  തുള്ളുന്ന നാട്ടിലെ  പ്രകൃതിയെയോർത്ത്   ലോകമെങ്ങുമുള്ള  മലയാളികളും  ആശങ്കയിലാണ്. ആശങ്കയോടെ അവർ  നാട്ടിലേക്ക് കാതോർത്തിരിക്കുന്നു. അവരുടെ ഓരോ വിളികളിലും മെസ്സേജുകളിലും നമുക്കത് വായിച്ചെടുക്കാം.  ഒരു ദിവസം  തുടർച്ചയായി മഴ പെയ്താൽ പോലും വെള്ളത്തിൽ മുങ്ങുന്ന അവസ്ഥയിലാണിന്ന്  കേരളമെന്നത് ഉണ്ടാക്കുന്ന ആശങ്ക ചെറുതല്ല  . ഇതിനിടയിലേക്കാണ്  മുല്ലപ്പെരിയാർ അണക്കെട്ടിനെ ചൊല്ലിയുള്ള ആശങ്കകൾ വീണ്ടും  കേരളത്തിന്റെ ഉറക്കം കെടുത്തിയെത്തുന്നത്.  അണക്കെട്ട് പരമാവധി സംഭരണശേഷിയിലേക്ക് അടുക്കുമ്പോൾ എവിടെയും നിറയുന്നത്  ആശങ്കകളാണ്.   ആദ്യം കരാറായും പിന്നെ വിവാദമായും ഇന്നിതാ  ഭയമായും മുല്ലപ്പെരിയാർ കേരളത്തിലൊഴുകി കൊണ്ടേയിരിക്കുന്നു, ദുരന്തം വിതച്ച്  എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ഒരു ജലബോംബിന്റെ ശേഷിയും ഉള്ളിൽ നിറച്ച് . 
 
പ്രായാധിക്യത്താല്‍ മുല്ലപ്പെരിയാർ ഡാം ഇന്നു തകര്‍ച്ചയുടെ വക്കിലാണ്. എന്നേ കാലഹരണപ്പെട്ടു കഴിഞ്ഞ ഡാം തകർന്നാൽ  കേരളത്തിലെ ദശ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ അത് അപഹരിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രളയ കാലത്തും മഴക്കാലത്തും  നൽകുന്ന കേവലം 'ജാഗ്രതാ' മുന്നറിയിപ്പുകൾ കൊണ്ടൊന്നും ഒരു ഡാമിൽ നിന്ന് സംഹാരശേഷിയോടെ പാഞ്ഞെത്തുന്ന ജലത്തെ  പ്രതിരോധിക്കാനാവില്ലെന്ന സത്യം ആർക്കാണറിയാത്തത് . ദുരന്തമെത്തും മുൻപേയാണ് ഇടപെടലുകൾ ഉണ്ടാകേണ്ടത് , അല്ലാതെ ഇപ്പോഴത്തെ പ്രളയത്തിലും മണ്ണിടിച്ചിലിലുമൊക്കെ സംഭവിക്കുന്നതുപോലെ അത്യാഹിതങ്ങൾ ഉണ്ടായി ദിവസം പിന്നിട്ടാൽ പോലും എത്തിപ്പെടാൻ പോലുമാകാത്ത സാഹചര്യങ്ങൾ നിലനിൽക്കുന്ന ഇടങ്ങളാണ് നമ്മുടേതെന്ന് മറന്നുപോകരുത്.  
 
കേരള- തമിഴ്നാട് അതിര്‍ത്തിയില്‍ ശിവഗിരി മലയിലെ ചൊക്കംപെട്ടിയിൽ നിന്ന് ഉത്ഭവിക്കുന്ന  പെരിയാർ നദി 48 കിലോമീറ്റർ കഴിയുമ്പോൾ  മണലാറിന് സമീപം കോട്ടമല ഭാഗത്ത് നിന്നെത്തുന്ന മുല്ലയാറുമായി ചേർന്നൊഴുകി മുല്ലപ്പെരിയാറായി മാറുന്നു. ഈ നദിക്ക് കുറുകെ  കെട്ടിയ അണക്കെട്ടിൽ   ഒഴുകിനിറയുന്നത് വെള്ളം മാത്രമല്ല, വിവാദപെരുമഴ കൂടിയാണ്  . 
 
ഇടുക്കി,  പീരുമേട് താലൂക്കിൽ കുമിളി പഞ്ചായത്തിലാണ്  മുല്ലപ്പെരിയാർ  അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.   ബ്രിട്ടീഷ് ഇന്ത്യയിൽ മദ്രാസ് പ്രസിഡൻസിയിൽ പിഡബ്ല്യുഡി ചീഫ് എഞ്ചിനീയറായിരുന്ന  പെനിക്വിക്ക് ആണ് പെരിയാറിൽ നിന്ന് അറബിക്കടലിലേക്ക്  ഒഴുകി പോകുന്ന വെള്ളത്തെ തമിഴ്നാട്ടിലേക്ക് അണകെട്ടിക്കൊണ്ടുവരാനുള്ള ആശയം പങ്കുവെച്ചത്. അക്കാലത്ത്  വൈഗയിലെ വെള്ളത്തെ മാത്രം ആശ്രയിച്ച് നാളുകളോളം വറുതിയിൽ കഴിഞ്ഞിരുന്ന  തമിഴ് ദേശത്തെ തേനി, മധുര, ദിണ്ഡിഗൽ, രാമനാഥപുരം, ശിവഗംഗ   ദേശങ്ങളിലെ  ജലക്ഷാമം ബ്രിട്ടീഷുകാര്‍ക്ക്  അക്ഷരാർത്ഥത്തിൽ തലവേദനയായിരുന്നു.   ഈ ദേശത്തെ കർഷകർക്ക് ജലമെത്തിക്കാനാകുമെന്നായിരുന്നു ഡാമിനെ കുറിച്ച് ചിന്തിക്കുമ്പോൾ  പെനിക്വിക്കിന്റെ കണക്കുകൂട്ടൽ . ഈ പ്രദേശങ്ങളാകെ  ഉണങ്ങി വരളുമ്പോൾ പശ്ചിമഘട്ടം കടന്നെത്തുന്ന  തിരുവിതാംകൂറിലാണെങ്കില്‍ പെരിയാറിൽ നിറയെ  ജല സമൃദ്ധിയുള്ളത് ബ്രിട്ടീഷ് അധികാരികളെ തെല്ലൊന്നുമല്ല അതിശയിപ്പിച്ചത് . നദികളും പുഴകളും കായലുകളുംകൊണ്ട് തിരുവിതാംകൂര്‍ പ്രദേശം പച്ചപിടിച്ചു കിടന്നിരുന്നു അന്നും .  പെരിയാറിലെ വെള്ളം പശ്ചിമഘട്ട  മലനിരകൾ  തുരന്ന് മധുര, രാമനാഥപുരം ജില്ലകളിലൂടെ ഒഴുകുന്ന വൈഗേയിലേക്ക് തിരിച്ചുവിടാന്‍ ആലോചനയുണ്ടായത് അങ്ങനെയാണ് .
 
1886-1895 കാലഘട്ടത്തിലാണ്‌ അണക്കെട്ടിന്റെ പണി നടന്നത്. 1886 ഒക്ടോബർ 29 നാണ്‌ പെരിയാർ കരാറിൽ അന്നത്തെ മദ്രാസ് പ്രസിഡൻസിയും തിരുവിതാംകൂർ നാട്ടുരാജ്യവും ഒപ്പ് വെച്ചത്. നദിയുടെ അടിത്തട്ടിൽ നിന്നും 155 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിൽ വരെ ഉയരുന്ന വെള്ളം മദ്രാസ് പ്രസിഡൻസിക്ക് (ഇപ്പോൾ തമിഴ്നാട്) ഉപയോഗപ്പെടുത്താം എന്നായിരുന്നു കരാർ  . 1887 ലാണ്   അണക്കെട്ട്  നിർമ്മാണം ആരംഭിക്കുന്നത്.
 
ഏറെ തടസങ്ങളുണ്ടായെങ്കിലും സ്വന്തം സ്വത്ത് മുഴുവൻ ചെലവഴിച്ചാണ്  തനിക്കറിയാത്ത ഒരു ജനതയുടെ ജീവിതത്തിലേക്ക്  പെനി ക്വിക്ക് ദാഹ ജലമെത്തിച്ചത്. നിര്‍മാണത്തിനിടെ   അണക്കെട്ടു പൂര്‍ണമായി തകര്‍ന്ന സാഹചര്യം ഉണ്ടായതോടെ സര്‍ക്കാർ   പദ്ധതിയിൽ നിന്ന് പിന്മാറിയതോടെ  തന്റെ സ്വത്ത് വിറ്റുകിട്ടിയ പണം ഉപയോഗിച്ചാണ് പെനി ക്വിക് അണക്കെട്ട്  പൂർത്തിയാക്കിയത്. 81.30 ലക്ഷം രൂപയാണ് ആകെ ചെലവായത്.  തന്റെ ആരുമല്ലാത്ത ഒരു ജനതക്കായി, ഡാം  നിർമ്മിച്ച  ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ഇന്നും ഈ അണക്കെട്ട് പോലെ തന്നെ വിസ്മയമായി ശേഷിക്കുന്നു. കരിങ്കല്ല് പൊട്ടിച്ച്  അടുക്കിവച്ച് അതിന് മുകളിൽ സുർക്കി മിശ്രിതം ഉപയോഗിച്ചാണ്‌  അണകെട്ടിയത്.   നാനൂറിലേര്‍ പേര്‍ അണക്കെട്ട് നിര്‍മാണത്തിനിടെ അപകടത്തില്‍പെട്ട് മരണമടയുകയുണ്ടായി എന്നാണ് പറഞ്ഞു കേൾക്കുന്നത് . ചിലരെ വന്യജീവികള്‍ അപായപ്പെടുത്തി.
 
126 വർഷത്തിന്റെ പ്രായാധിക്യവുമായി മുല്ലപ്പെരിയാർ 
 
 1895 ഒക്ടോബർ 10നാണ് അണക്കെട്ട് കമ്മീഷൻ ചെയ്യുന്നത്.  സിമെന്റ്  ലഭ്യമല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ  കരിങ്കല്ലും സുർക്കിയും (മണലും ചുണ്ണാമ്പും ചേർന്ന മിശ്രിതം) ഉപയോഗിച്ചാണ്‌ നിർമ്മാണം പൂർത്തിയാക്കിയത്. അതിനൂതന  സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പണിയുന്ന അണക്കെട്ടുകൾക്ക് പോലും വിദഗ്ധർ കല്പ്പിച്ചു നല്കുന്ന ആയുസ്സ് 50-60 വർഷമാണ്‌. ആ സ്ഥാനത്താണ്‌ നമ്മുടെ മുല്ലപ്പെരിയാർ 126 വർഷത്തോളം പിന്നിടുന്നത്.
 
 പാട്ടക്കരാറിൽ പാട്ടമായി തിരുവിതാംകൂർ നല്കിയത് 8000 ഏക്കർ സ്ഥലവും അണക്കെട്ട് നിർമ്മിക്കാനായി 100 ഏക്കർ സ്ഥലവുമായിരുന്നു.   പാട്ടക്കരാറിന്റെ കാലാവധി 999 വർഷത്തേക്കായിരുന്നു എന്നുള്ളതാണ്‌ കരാറിനെകുറിച്ച ആശങ്കയേറ്റുന്നത് . അന്നത്തെ മഹാരാജാവ് ഭീഷണിക്ക് വഴങ്ങിയാണ്‌ കരാർ ഒപ്പ് വെച്ചതെന്നും   പറയുന്നുണ്ട്.      
 
1947 ൽ ഇന്ത്യ സ്വതന്ത്രമാവുകയും 1956 നവംബറിൽ കേരളം രൂപീകൃതമാവുകയും തിരുവിതാംകൂർ രാജ്യം ഇല്ലാതാവുകയും ചെയ്തു. ഇതോടെ ബ്രിട്ടീഷ് ഭരണാധികാരികളും തിരുവിതാംകൂർ രാജ്യവും തമ്മിലുള്ള കരാർ അസാധുവായതായി കേരളം നിലപാട് സ്വീകരിച്ചു. എന്നാൽ 1970 ൽ അച്യതമേനോൻ മന്ത്രിസഭയുടെ കാലത്ത് കേരളവും തമിഴ് നാടും ഈ വിഷയത്തിൽ പുതിയ കരാറിൽ ഏർപ്പെട്ടു. 
 
  പെരിയാർ വന്യജീവി സങ്കേതത്തിലും  സമീപ പ്രദേശങ്ങളിലുമായി  5398 ചതുരശ്ര കിലോമീറ്ററാണ്  മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം.   തമിഴ്നാട്ടിലെ 68556 ഹെക്ടർ സ്ഥലത്തെ കൃഷിക്കും ശുദ്ധജല ക്ഷാമത്തിനും  അണക്കെട്ട് പരിഹാരം കാണുന്നുണ്ടെങ്കിലും  അണക്കെട്ട്  126  വർഷം  പിന്നിടുമ്പോൾ ആശങ്കകൾ ഏറെയാണ് . കേരള ജനതയുടെ ജീവൻ ഇതിനേക്കാളൊക്കെ വിലപ്പെട്ടതാണ് എന്ന് പലരും മറന്നുപോകുന്നു .
 
  അണക്കെട്ട് നിലനിൽക്കുന്നത് കേരളത്തിന്റെ സ്ഥലത്താണെങ്കിലും,  നിയന്ത്രണം തമിഴ്‌നാടിന്റെ കൈവശമാണ്.  'തമിഴ്‌നാടിന് പാട്ടത്തിന്' കൊടുത്തിരിക്കുന്ന അണക്കെട്ട് കേരളത്തിന്റെ നെഞ്ചിടിപ്പേറ്റുകയാണ് ഓരോ നിമിഷവും  . 
 
സുരക്ഷയിൽ ഉയരുന്ന ആശങ്കകൾ
 
ഡാമുകളിലെ അപകടാവസ്ഥ സൂചിപ്പിച്ച്‌ യു.എന്‍. സര്‍വകലാശാലയുടെ കാനഡ ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്ത്, ‘പഴക്കമേറുന്ന ജലസംഭരണികള്‍: ഉയര്‍ന്നുവരുന്ന ആഗോളഭീഷണി’ എന്ന പേരില്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ ലോകത്തെ അപകടാവസ്ഥയിലുള്ള ആറ് വലിയ ഡാമുകളിലൊന്നായി മുല്ലപ്പെരിയാറിനെ വിശേഷിപ്പിക്കുന്നത് സ്വീകരിക്കേണ്ട മുന്നറിയിപ്പുകളിലേക്ക് തന്നെയാണ്   വിരൽ ചൂണ്ടുന്നത് 
 
തമിഴ്‌നാട് - കേരള സംസ്ഥാനാന്തര തർക്കമായി മുല്ലപ്പെരിയാർ അണക്കെട്ട് മാറിയിട്ട് കാലങ്ങളായി .1961 ലെ വെള്ളപ്പൊക്കത്തോടുകൂടിയാണ് സുർക്കി മിശ്രിതം ഉപയോഗിച്ചു നിർമ്മിക്കപ്പെട്ട  അണക്കെട്ടിന്റെ സുരക്ഷയെച്ചൊല്ലിയുള്ള   ആശങ്ക ഉയർന്നത്.  കാലപ്പഴക്കംചെന്ന അണക്കെട്ടിന് ശക്തമായ  വെള്ളപ്പാച്ചിലിനെ പ്രതിരോധിക്കാൻ സാധിക്കുമോ എന്ന ഭയത്തിന്റെയും  വിവാദങ്ങളുടെയും    പശ്ചാത്തലത്തിൽ തന്നെയായിരുന്നു 1970 ലെ കരാർ പുതുക്കലും. 1990കളുടെ രണ്ടാം പകുതിയിൽ  ഡാമിൽ കണ്ട ചോർച്ച  സംബന്ധിച്ച ആശങ്കയിൽ വീണ്ടും സജീവ വിഷയമായിത് . പിന്നീട് കേരളവും തമിഴ്നാടും തമ്മിലുള്ള വലിയ തർക്കങ്ങളിലൂടെയും വിവാദങ്ങളിലുടെയും  കേസുകളിലൂടെയും ഡാം കടന്നുപോകുന്നു . 
 
 ലോകത്തിൽ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കമുള്ള   മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഭൂകമ്പ സാധ്യതാ  മേഖലയിലാണ് .ഒരു അണക്കെട്ടിന്റെ പരമാവധി കാലാവധി അറുപതു വർഷമാണെന്നിരിക്കേ നൂറ്റിയിരുപത്തഞ്ച്  വർഷത്തിനു മുകളിൽ പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് അതിന്റെ  സമീപ പ്രദേശങ്ങളിലുള്ളവർക്കും , കേരളത്തിലെ അഞ്ചു ജില്ലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന സത്യത്തെ  എന്തൊക്കെ വാദമുഖങ്ങളുയർത്തിയാലും നിഷേധിക്കാനാവില്ല .
 
 മുല്ലപ്പെരിയാർ നിലനിൽക്കുന്നത് ഭ്രംശരേഖകൾക്ക് മുകളിലായതിനാൽ അപകടം സംഭവിക്കാൻ സാധ്യതയില്ലെന്ന പഠനങ്ങളാണ്‌ തമിഴ്നാട് ചൂണ്ടിക്കാണിക്കുന്നത്. നഷ്ട്ടപ്പെട്ട് പോയ ചുണ്ണാമ്പിനു പകരം സിമെന്റും മണലും വെച്ച് നടത്തിയിട്ടുള്ള അറ്റകുറ്റപ്പണികൾ മുല്ലപ്പെരിയാറിനെ ബലപ്പെടുത്തിയെന്നും അവർ വാദിക്കുന്നു. 
 
മുല്ലപ്പെരിയാറിനെ ചൊല്ലിയുള്ള നിയമയുദ്ധങ്ങളിലെല്ലാം എന്നും ജയിച്ചത് തമിഴ്നാടാണ്‌ എന്നത് കേരളത്തിന്റെ   ആശങ്ക ഇരട്ടിപ്പിക്കുന്നുണ്ട്.
 
ഡാം തകർന്നാൽ   50 അടിയോളം  ഉയരത്തിൽ വെള്ളം ഇടുക്കി ഡാമിലെത്താൻ സാദ്ധ്യതയുണ്ടെന്നാണ്‌ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇടുക്കി ഡാമിന്റെ സംഭരണശേഷി പരമാവധി 70 ദശലക്ഷം ഘനയടിയാണ്‌. അണക്കെട്ട് തകർന്നാൽ ദുരന്തങ്ങളൊഴിവാക്കി എങ്ങനെ നേരിടാമെന്ന രൂപരേഖ  വിദഗ്ധർ   തയ്യാറാക്കിയിട്ടുണ്ടെന്നത് നേര് തന്നെ .സാങ്കേതികമായ ഭാഷയിൽ  നിർമ്മിച്ചെടുത്ത സാദ്ധ്യതകൾ മാത്രമാണവ. ഇവയൊക്കെ പ്രയോഗത്തിൽ വരുത്തുമ്പോൾ വന്നേക്കാവുന്ന പാളിച്ചകളെ ചൊല്ലി ജനം ആശങ്കപ്പെടുന്നതിൽ  കുറ്റം പറയാനാവുമോ , 2018 ലെ ഭീതിതമായ അനുഭവങ്ങൾ നമുക്ക് മുന്നിലില്ലേ. അന്ന് ജനം ഭയപ്പാടോടെ ഫോൺ  വിളിക്കുമ്പോൾ എടുക്കാനും രക്ഷപെടുത്താനും 
വേണ്ട നിർദേശങ്ങൾ നൽകാനുമൊന്നും ഉത്തരവാദപ്പെട്ടവർ ഇല്ലായിരുന്നു എന്ന സത്യം നമുക്ക് മുന്നിലുണ്ട് . അന്നത്തേത് പോലൊരു സ്ഥിതിയാവില്ലല്ലോ ഇപ്പോൾ നമ്മൾ ആശങ്കപ്പെടുന്നത് പോലൊക്കെ സംഭവിച്ചാൽ ഉണ്ടാവുക , ജനത്തിന്റെ ജീവന് ആര് ഉത്തരവാദിത്വം പറയും .   
 
ഇടുക്കി ഡാമിന്റെ ഷട്ടറുകൾ ക്രമീകരിച്ചു കൊണ്ടും ജലനിരപ്പ് നിയന്ത്രണ വിധേയമാക്കിക്കൊണ്ടും ആപത്തിനെ നേരിടാൻ കഴിയുമെന്ന് വിലയിരുത്തലുകൾ വന്നിട്ടുണ്ട്. എന്നാൽ സാങ്കേതികവിദ്യകൾക്കും  പരിധിയില്ലേ,  പ്രകൃതിയുടെ ശക്തി അടുത്തിടെയായി നമുക്ക് ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്നതല്ലേ, അതിനെ എതിരിട്ട് തോൽപിക്കാൻ തക്ക കരുത്തൊന്നും നമുക്കില്ലെന്ന് എത്രയോ വട്ടം തെളിഞ്ഞിരിക്കുന്നു  .  ദുരന്തമുണ്ടാവുന്നു എന്ന് തന്നെ ചിന്തിക്കുക, ആ   സമയത്ത് ഇടുക്കി ഡാമിലെ ജലനിരപ്പ് പ്രതീക്ഷിച്ചതിലും കൂടുതലാണെങ്കിൽ എന്തു ചെയ്യും?  50 അടി ഉയരത്തിൽ പാഞ്ഞെത്തുന്ന വെള്ളം വഴിയിൽ കിട്ടിയതിനേയെല്ലാം വഹിച്ച് കൊണ്ടെത്തി  ഇടുക്കി ഡാമിലെത്തിയാൽ ഷട്ടറുകളിലൂടെ ജലം പുറന്തള്ളുന്നതിന്‌ തടസ്സമുണ്ടായേക്കാം. 
 
ഡാം തകരുന്ന അവസ്ഥ  വന്നാൽ വെള്ളം ഇടുക്കിയിലെത്തുന്നതിനു മുൻപ്  ഈ ഭാഗത്തുള്ള വള്ളക്കടവ്, വണ്ടിപ്പെരിയാർ, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻകോവിൽ പ്രദേശങ്ങളിലെ 70,000 പേരുടെ ജീവൻ  അപകടത്തിലാവുമെന്നാണ് കേട്ടത് . 
 എന്നാൽ   വിദഗ്ധർ പറയുന്നത് ,ഡാം തകർന്നാൽ ഒഴുകിയെത്താവുന്ന 11.2 ദശലക്ഷം ഘനയടി ജലത്തിൽ 10 ദശലക്ഷം ഘനയടി ജലത്തെയും ഉൾക്കൊള്ളാൻ 66 ചതുരശ്ര കി.മീ. വിസ്തീർണമുള്ള ഇടുക്കി  ഡാമിന് കഴിയുമെന്നാണ്  . ഡാം തകർന്നതിന് ശേഷം വെള്ളം ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്താനെടുക്കുന്ന 3, 4 മണിക്കൂറിനുള്ളിൽ ഇടുക്കി ജല വൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി ഡാമിന്റെ ഷട്ടറുകൾ നിയന്ത്രിതമായി തുറന്നുകൊണ്ട് ഇടുക്കി ഡാമിന്റെ ജലനിരപ്പ് നിയന്ത്രണ വിധേയമാക്കാം .  താഴെ ഭാഗത്തുള്ള ജനങ്ങൾക്ക് അപകടഭീഷണി നൽകുകയും ചെയ്താൽ ഗുരുതര ഭവിഷ്യത്തുകളെ ഒഴിവാക്കാമെന്നൊക്കെയാണ് വിദഗ്ധർ പറയുന്നത് , പക്ഷെ ഇക്കാര്യങ്ങളൊക്കെ എത്രത്തോളം പ്രയോഗികമാകുമെന്നാണറിയാത്തത്  . 
 
എന്തായാലും  രാഷ്ട്രീയ നേതാക്കളും സാംസ്ക്കാരിക നായകരും സിനിമാ  പ്രവർത്തകരുമൊക്കെ  ഇക്കാര്യത്തിൽ കുറച്ചുകൂടി ജാഗ്രതയോടെ മുന്നോട്ട് വരേണ്ടതുണ്ട് .  
 
വോട്ട്ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ടുള്ള  നാടകങ്ങളല്ല ജന നന്മ ലക്ഷ്യമിട്ടുള്ള  ശ്രമങ്ങളാണ് ഇക്കാര്യത്തിൽ വേണ്ടത്. കേരളം ഉണരേണ്ടിയിരിക്കുന്നു .
 
മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷനിങ് ആവശ്യപ്പെട്ടുള്ള ഹാഷ്ടാഗുകൾ സാമൂഹിക മാധ്യമങ്ങളിലാകെ നിറയുന്നത് സ്വാഗതാർഹമാണ്  
 
  വന്‍ ദുരന്തങ്ങള്‍ വരുത്തിവയ്ക്കാന്‍  അണക്കെട്ടുകൾ കാരണമാകുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും നമുക്ക്  കുറച്ചു കൂടി  കരുതൽ വേണ്ടിയിരിക്കുന്നു . 
 
Join WhatsApp News
abdul punnayurkulam 2021-10-25 18:06:51
Silji, it's good lengthy article. British engineer understood the water thirst for Tamil Nadu, and built dam. That's great thing, but our prime minister, Achutha Menon did senseless thing to sign the Dam lease for 999. Average dam lasts more or less 100yeasrs. Mullapperiyar 126 years. Now this is time to action. Otherwise, it jeopardize people's lives and their property. Time for Kerala government work with Tamil Nadu govt., along with central govt.
JACOB 2021-10-25 19:34:01
This dam will fail. It is a matter of when, not if. Indian Supreme Court will also be responsible when it fails.
Roy Panjikkaran 2021-10-26 16:05:50
ലേഖനം ചിന്തനീയം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക