Image

ഉറ്റ ബന്ധു ആര്? നമിതാ ജേക്കബിന്റെ പോസ്റ്റ് വരുത്തിയത് നയം മാറ്റം

Published on 26 October, 2021
ഉറ്റ ബന്ധു ആര്? നമിതാ ജേക്കബിന്റെ പോസ്റ്റ് വരുത്തിയത് നയം മാറ്റം
പിതാവിന്റെ മൂത്ത സഹോദരന്‍ സൈമണ്‍  നെയ്‌ച്ചേരിലിന്റെ മരണം നമിതാ ജേക്കബിനെ പിടിച്ചുലച്ചു. ഈ വേര്‍പാടിന്റെ ദുഖത്തില്‍ നിന്നു കരകയറും വരെ അവധിക്ക് അപേക്ഷ കൊടുത്തപ്പോള്‍ അത് കയ്യോടെ നിരസിക്കപ്പെട്ടു.

ഉറ്റ കുടുംബാംഗങ്ങള്‍ (ഇമ്മീഡിയറ്റ് ഫാമിലി) മരിച്ചാലെ രണ്ടര ദിവസത്തെ ബെറീവ്‌മെന്റ് ലീവ് അനുവദിക്കാനാവു എന്ന് ഹ്യുമന്‍ റിസോഴ്‌സ് അറിയിപ്പു വന്നു. മതാപിതാക്കള്‍, ഭാര്യ/ഭര്‍ത്താവ്, മക്കള്‍ ഒക്കെയാണു അമേരിക്കന്‍ സങ്കല്പത്തിലെ ഉറ്റ ബന്ധുക്കള്‍.

ഈ നിലപാട് ചൊദ്യം ചെയ്ത് നമിത ലിങ്ക്ഡ് ഇന്നില്‍ ഒരു പോസ്റ്റ് ഇട്ടു. ഉറ്റ ബന്ധു ആരെന്ന് തീരുമാനിക്കുന്നത് ആരെന്നായിരുന്നു ചോദ്യം. ഓരോരുത്തര്‍ക്കും ഉറ്റബന്ധു വ്യത്യസ്തരായിരിക്കും. തന്നെ  സംബന്ധിച്ച് അങ്കിള്‍ ഉറ്റ ബന്ധുവായിരുന്നു. പല  സംസ്കാരത്തിലും ഉറ്റ ബന്ധു വ്യത്യസ്തമായിരിക്കും.

ഇന്ത്യൻ-അമേരിക്കൻ സംസ്കാരത്തെ അടിസ്ഥാനമാക്കി, അമ്മാവന്മാരും അമ്മായിമാരും എല്ലാം അടുത്ത കുടുംബാംഗങ്ങൾ തന്നെയാണെന്ന് നമിത  വാദിച്ചു. ജീവിതത്തിന്റെ ഭൂരിഭാഗവും അവർക്കൊപ്പം ആയിരുന്നെന്നും, ഓരോ വ്യക്തിക്കും  വ്യത്യസ്തമായ കുടുംബാനുഭവങ്ങൾ ഉള്ളപ്പോൾ ' അടുത്ത ബന്ധു' എന്നതിന്റെ  മാനദണ്ഡം നിശ്ചയിക്കേണ്ടത് എങ്ങനെയാണെന്ന ചോദ്യത്തോടെ  എച്ച്ആർ നയം മാറ്റണമെന്ന് നിർദ്ദേശിക്കാൻ അവർ സൂപ്പർവൈസറോട് ആവശ്യപ്പെട്ടു. സൂപ്പർവൈസർക്ക് ആ നിർദ്ദേശം ന്യായമായി തോന്നി. കമ്പനി നമിതയുടെ അവധി അംഗീകരിച്ചു. മറ്റു  ജീവനക്കാർക്ക് വേണ്ടി പോളിസിയിൽ ഭേദഗതി വരുത്തുകയും ചെയ്തു.

ഒരു വ്യക്തിയോടുള്ള ബന്ധത്തിന്റെ അടുപ്പം അയാൾ നമ്മുടെ ജീവിതത്തെ എത്രമാത്രം സ്വാധീനിച്ചു എന്നത് കൂടി ചേർത്താണ് വായിക്കേണ്ടത്. അടുത്ത ബന്ധു എന്ന ഗണത്തിൽ പെടുത്താവുന്ന പലരുടെയും  വിയോഗം പലപ്പോഴും സാരമായ ദുഃഖം ഉണ്ടാക്കാതെയും വരാം. ഒരാളുടെ മനസ്സിനേറ്റ മുറിവുണങ്ങാനുള്ള സാവകാശം അവന്റെ അവകാശമായി വേണം കാണാൻ.

എല്ലാവരും ഒരെ മനസോടെ ജീവിക്കുന്ന തങ്ങളുടെ കുടുംബത്തില്‍ പിത്രുസഹോദരന്റെ മരണം ഏറെ വേദനാജനകമായിരുന്നു. പ്രത്യേകിച്ച് എ.എല്‍.എസ്. എന്ന അപൂര്‍വ രോഗത്തിന്റെ പിടിയിലമര്‍ന്നുള്ള വിടപറയല്‍. ശരീര ശേഷി നഷ്ടപ്പെടുന്നതാണ് രോഗം. (Amyotrophic lateral sclerosis (ALS)) അതിനു പുറമെ, കോവിഡ് മഹാമാരി ബന്ധങ്ങളുടെ വില പഠിപ്പിക്കുകയും ചെയ്തു.

1989-ല്‍ കുമരകത്തു നിന്നും, എത്തിയ ജേക്കബ് നെയ്‌ചേരില്‍ ആയിരുന്നു കുടുംബത്തിന്റെ വഴികാട്ടി. അദ്ദേഹത്തെ തുടര്‍ന്ന് മറ്റു സഹോദരര്‍ എത്തി- 
ജേക്കബ്, ലൂക്കാച്ചന്‍, മാത്യുസ്, തോമസ് നെയ്‌ചേരില്‍. സഹോദരിമാരായ മോള്‍ ജോയി കരണംകോട്ട്, ഷീബ സിറിയക്ക് കുന്നശേരി എന്നിവര്‍ ഇപ്പോഴും ഇന്ത്യയില്‍.

ഈ സഹചര്യത്തിലാണ് അവധി ആവശ്യപ്പെട്ടത്. അത് നിരസിച്ചപ്പോല്ൾ  നിലവിലുള്ള ചട്ടം ശരിയല്ലല്ലൊ എന്നു തോന്നിയാണു പോസ്റ്റ് ഇട്ടത്. മൂന്നു മില്യന്‍ പേര്‍ അത് കണ്ടു. പലരും അതിനെ അനുകൂലിച്ചു. പല കമ്പനികളിലെയും ഹ്യുമന്‍ റിസോഴ്‌സ് വിഭാഗം ഇപ്പോള്‍ കോൺഫറന്‍സുകളിലും  അവരുടെ ആഭ്യന്തര പ്രസിദ്ധീകരണങ്ങളിലും ഇക്കാര്യം ചര്‍ച്ച ചെയ്യുന്നു. ഈ പോസ്റ്റ് വൈറലായതോടെ എച്ച്ആർ പ്രൊഫഷണലുകളും , തൊഴിലുടമകളും , ജീവനക്കാരും വിഷയത്തെക്കുറിച്ചുള്ള സജീവമായ ചർച്ചയിലാണ്.

എന്തായാലും അങ്കിളിന്റെ മരണം ഇത്തരമൊരു ഗുണപരമായ മാറ്റത്തിനു സഹായിച്ചതില്‍ നമിത നന്ദി പറയുന്നു.

യു.എസ്. ഏജന്‍സി ഫോര്‍ ഇന്റര്‍നാഷനല്‍ ഡവല്പ്പ്‌മെന്റ് (യൂസെയ്ഡ്) സീനിയര്‍ ലേണിംഗ് അഡൈ്വസറാണു നമിത. ഇപ്പോള്‍ മെക്‌സിക്കോ സിറ്റിയില്‍. നേരത്തെ ഗ്വാട്ടിമാലയിലും എല്‍ സാൽവഡോറിലും പ്രവര്‍ത്തിച്ചു.

പ്രിയപ്പെട്ടവരുടെ വിയോഗം മൂലം ഏല്ക്കുന്ന ആഘാതം പറഞ്ഞറിയിക്കാൻ ആവുന്നതല്ല. മുന്നിൽ വന്നുനിറയുന്ന ശൂന്യതയിൽ നിന്ന് കരകയറാൻ ഏതൊരു വ്യക്തിക്കും മാനസികമായ പിന്തുണ കൂടിയേ തീരൂ. കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും തൊഴിലിടങ്ങളിൽ നിന്നും ഇതുണ്ടാകണം.
ജീവനക്കാരുടെ മാനസികാരോഗ്യം ഉത്പാദനക്ഷമതയ്ക്ക് വളരെ പ്രധാനമാണെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. ബഹുരാഷ്ട്ര കമ്പനികൾ പോലും ഇത് ഗൗരവത്തോടെ കാണുന്നുമുണ്ട്. ശമ്പളം ഉയർത്തിയും മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കിയും ജീവനക്കാരെ ഒരു കുടുംബം പോലെ മുന്നോട്ട് കൊണ്ടുപോകുന്നതാണ് വിജയമന്ത്രമെന്ന് പല വ്യവസായ പ്രമുഖരും തുറന്നുപറഞ്ഞിട്ടുമുണ്ട്. എന്നാൽ, ജീവനക്കാരുടെ മേൽ കൈക്കൊള്ളുന്ന ചില നയങ്ങളിൽ മാറ്റം വരണം.

എച്ച്ആർ ഫീൽഡിലെ  കൺസൾട്ടന്റുകളുമായി സംസാരിച്ചതിൽ നിന്ന് , ജോലിസ്ഥലത്ത് ജീവനക്കാരോട്  അനുകമ്പയോടു കൂടിയ പെരുമാറ്റം അത്യാവശ്യമാണെന്ന് വ്യക്തമാകുന്നു. തൊഴിൽ ചെയ്യാനുള്ള മാനസികാവസ്ഥ ജീവനക്കാരനുണ്ടോ എന്ന് തൊഴിലുടമ പരിഗണിക്കണം. സ്ഥാപനം തന്റെ വിഷമഘട്ടത്തിൽ ഒപ്പമുണ്ടായിരുന്നു എന്ന വിശ്വാസം, ജോലി കൂടുതൽ ഉത്തരവാദിത്തത്തോടെ നിറവേറ്റാൻ ജീവനക്കാരെ പ്രേരിപ്പിക്കുമെന്നാണ് വിദഗ്ധരുടെ പക്ഷം. മറിച്ചായാൽ, പൂർണ്ണമനസ്സോടെയോ ആത്മാർത്ഥതയോടെയോ പിന്നീട്  തൊഴിൽ ചെയ്‌തെന്ന് വരില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക