Image

അറ്റ്പിഎഫ് പരിശീലന പദ്ധതിയ്ക്ക് തുടക്കമായി

Published on 04 November, 2021
 അറ്റ്പിഎഫ് പരിശീലന പദ്ധതിയ്ക്ക് തുടക്കമായി


ബ്രിസ്‌ബെയ്ന്‍: ലോക സമാധാനം ലക്ഷ്യമിട്ട് ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളുടെയും ഔദ്യോഗിക ദേശീയഗാനങ്ങള്‍ മന:പാഠമായി പാടി റെക്കോര്‍ഡ് സൃഷ്ടിച്ച മലയാളി സഹോദരികളായ ആഗ്‌നെസ് ജോയിയും തെരേസ ജോയിയും ചേര്‍ന്നു നടത്തുന്ന ആഗ്‌നസ് ആന്‍ഡ് തെരേസ പീസ് ഫൗണ്ടേഷന്‍ (അറ്റ്പിഎഫ്) കുട്ടികള്‍ക്കായി പുതിയ പരിശീലന പദ്ധതി തുടങ്ങി.

കുട്ടികള്‍ക്ക് ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്ക് കണ്‍തുറക്കാനും കൃത്യമായ ദിശാബോധം നല്‍കാനും ലക്ഷ്യമിട്ടുള്ള പരിശീലന പദ്ധതി കഴിഞ്ഞ ദിവസം ബ്രിസ്‌ബെയ്‌നിലെ ഗ്രിഫിത് യൂണിവേഴ്‌സിറ്റി സൗത്ത് ബാങ്ക് കാംപസിലെ ഗ്രാജുവേറ്റ് സെന്റില്‍ നടന്ന ചടങ്ങില്‍ ഐക്യരാഷ്ട്രസഭ (യുഎന്‍) അസോസിയേഷന്‍ ഓസ്‌ട്രേലിയ ക്വീന്‍സ്ലാന്‍ഡ് ഡിവിഷന്‍ പ്രസിഡന്റ് ക്ലയര്‍ മോര്‍, യുഎന്‍ സുസ്ഥിര വികസന ഗോള്‍ വൈസ് പ്രസിഡന്റ് റോഡ് വെല്‍ഫോഡ്, എര്‍ത്ത് ചാര്‍ട്ടര്‍ കോഓര്‍ഡിനേറ്റര്‍ ക്ലെം ക്യാമ്പ്‌ബെല്‍, ഇന്‍ഡിപെന്‍ഡന്റ് ആന്‍ഡ് പീസ്ഫുള്‍ നെറ്റ്വര്‍ക്ക് ഓസ്‌ട്രേലിയ അധ്യക്ഷ അനറ്റ് ബ്രൗണ്‍ലി, യുഎന്‍ അസോസിയേഷന്‍ ഓസ്‌ട്രേലിയ ക്വീന്‍സ്ലാന്‍ഡ് ഡിവിഷന്‍ എഥിക്കല്‍ ഇക്കോണോമി മാനേജര്‍ ഡോ.ഡോണല്‍ ഡേവിസ് എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്.


കുട്ടികളുടെ സര്‍ഗശേഷി തിരിച്ചറിഞ്ഞ് അവയെ പരിപോഷിപ്പിക്കാന്‍ ഉതകുന്ന രസകരമായ പരിശീലനകളരികളും മികച്ച വ്യക്തികളായി മാറാനുള്ള സ്വഭാവ രൂപീകരണത്തിനും വേണ്ടിയുള്ള പരിശീലന പരിപാടികളാണ് നടത്തുകയെന്ന് ആഗ്‌നസും തെരേസയും വ്യക്തമാക്കി.

ഇരുവരുടെയും പിതാവും കഴിഞ്ഞ 9 വര്‍ഷത്തിലധികമായി ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങളെക്കുറിച്ചും അന്താരാഷ്ട്ര ഭാഷകളെക്കുറിച്ചും ഗവേഷണം നടത്താനും ദേശീയ ഗാനങ്ങള്‍ പഠിക്കാനും ഇരുവര്‍ക്കും മൂന്നാം ക്ലാസ് മുതല്‍ സ്‌കൂള്‍ പഠനത്തോടൊപ്പം മികച്ച പരിശീലനം നല്‍കുകയും ചെയ്ത നടനും സംവിധായകനുമായ ജോയ് കെ.മാത്യുവിന്റെ പങ്കാളിത്തത്തിലാണ് പരിശീലന പരിപാടികളെന്നും ഇരുവരും വിശദീകരിച്ചു.

പരിശീലന പരിപാടികളില്‍ പങ്കെടുക്കാനും പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും augnesandteresa@gmail.com എന്ന ഇ മെയിലില്‍ ബന്ധപ്പെടണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക