Image

അമേരിക്കയിലെ ന്യൂനപക്ഷ പ്രവാസികൾ ആക്രമണ ഭീതിയുടെ നേർക്കാഴ്ചയിൽ (പ്രിയ വെസ്‌ലി, ഡാളസ്)

Published on 20 November, 2021
അമേരിക്കയിലെ ന്യൂനപക്ഷ പ്രവാസികൾ ആക്രമണ ഭീതിയുടെ നേർക്കാഴ്ചയിൽ (പ്രിയ വെസ്‌ലി, ഡാളസ്)
നമ്മളിൽ പലരെയും പോലെ നിറമുള്ള സ്വപ്നങ്ങളുമായി ഈ രാജ്യത്ത് കാലുകുത്തി, അധ്വാനിച്ച് പണമുണ്ടാക്കി ജീവിത ചിലവുകൾ നടത്തി ജീവിച്ചു വരുമ്പോൾ ഒരൊറ്റ വെടിയുണ്ടയിൽ ജീവൻ നഷ്ടപ്പെടുക എന്ന് പറയുന്നത് എത്രയോ വേദനാജനകമാണ്. അതും നമ്മുടെയൊക്കെ മക്കളുടെ പ്രായം മാത്രമുള്ള ഒരു സ്വദേശിയുടെ നൈമിഷികമായ കുടില ചിന്തകളുടെ പരിണതഫലമായിട്ട്.

പക്ഷേ ഒരു ന്യൂനപക്ഷമായി പോയതുകൊണ്ട് അങ്ങനെ പൊലിയുന്ന ജീവിതങ്ങൾ ക്കുവേണ്ടി "മൈനൊരിറ്റീസ് ലൈവ്സ് മാറ്റർ "എന്നുപറഞ്ഞു കൊടിപിടിക്കാൻ ഇവിടെ ആരുമില്ല. എന്നാൽ ഈ രാജ്യത്തെ ഏറ്റവും ഗുണ്ടായിസവും കൊലപാതകവും നടത്തുന്നവർക്ക് വേണ്ടി തെരുവിലിറങ്ങാനും സത്യാഗ്രഹം ചെയ്യാനും പീഡനം അനുഭവിക്കുന്ന നമ്മുടെ സ്വന്തം വിഭാഗത്തിൽ നിന്നു തന്നെ ആളുകൾ ഉണ്ടെന്നുള്ളതാണ് ദുഃഖകരമായ വസ്തുത. സ്വന്തം കൂട്ടത്തിൽ നിന്നുള്ളവരുടെ ജീവൻ പോകുമ്പോൾ ഇങ്ങനെയുള്ളവരെ ഒന്നും കാണാറില്ല.

 എന്തിനും ഏതിനും സാഹചര്യങ്ങളെ മാത്രം പഴിചാരുന്ന ചെറുതും വലുതുമായ കൂട്ടം എല്ലായിടത്തും കാണുമല്ലോ. പണ്ടുകാലത്തെ പൂർവ്വികന്മാർ  കഷ്ടം അനുഭവിക്കുകയും പീഡനവും അടിമത്തവും അനുഭവിക്കുകയും ചെയ്തു എന്ന് പറഞ്ഞ് അതിന്മേൽ ഞാന്നുതൂങ്ങി നല്ല ജീവിത സാഹചര്യങ്ങൾക്കും വിദ്യാഭ്യാസത്തിനുമുള്ള അവസരങ്ങൾ നിറത്തിന്റെ പേരുംപറഞ്ഞു  പാഴാക്കി കളഞ്ഞുകൊണ്ട് എളുപ്പത്തിൽ പണവും ജീവിത സുഖങ്ങളും നേടുന്നതിനുവേണ്ടി തട്ടിപ്പും വെട്ടിപ്പും കൊലപാതകവും ജീവിതചര്യയാക്കി മാറ്റിയ കുറെ തീവ്രവാദികൾ സ്വൈര്യം വിഹരിക്കുന്ന നാടാണ് ഇന്നത്തെ അമേരിക്കൻ ഐക്യനാടുകൾ. അവർക്കൊരു പോറലേറ്റാൽ കരയാനും മുദ്രാവാക്യം വിളിക്കാനും നമ്മുടെ സമൂഹത്തിൽ നിന്നുതന്നെ സംഘടനകൾ ഉണ്ടെന്നുള്ളത് തികച്ചും ആക്ഷേപാർഹമാണ്. സ്വന്തം കുടുംബത്തിലെ ഒരു ജീവൻ നിമിഷനേരംകൊണ്ട് അപഹരിക്കപ്പെടുമ്പോൾ  മാത്രമേ അവർ ചെയ്യുന്ന മണ്ടത്തരത്തിന്റെ വില മനസ്സിലാവുകയുള്ളൂ.

അമേരിക്കൻ സ്വപ്നങ്ങളുമായി ഇവിടേയ്ക്ക് വരുന്ന മറുനാടൻ മലയാളികൾക്കും മറ്റു നാഷണാലിറ്റികൾക്കും ഇവിടം ഒരു പേടിസ്വപ്നമായി മാറിക്കൊണ്ടിരിക്കുന്നു. കുറ്റവാളികളെ പിടികിട്ടിയാലും അവർക്കുള്ള ശിക്ഷ വിധിച്ചാലും നമുക്ക് നഷ്ടപ്പെട്ടവർ ഒരിക്കലും തിരികെ വരുന്നില്ല. ഒരു ഹൃദയാഘാതം മൂലമോ മറ്റുള്ള ആരോഗ്യപരമായ പ്രശ്നങ്ങൾ കൊണ്ടോ അല്ല, മറ്റൊരുത്തന്റെ സ്വാർത്ഥത മൂലം മാത്രം നമ്മുടെ പ്രിയപ്പെട്ടവർക്ക് ഈ രാജ്യത്ത് എന്നല്ല ഈ ലോകത്തിൽ തന്നെ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നത് തികച്ചും കണ്ണിൽ ചോരയില്ലാത്ത ക്രൂരതയാണ് . അതും ഒരു കണ്ണിമ വെട്ടുന്ന നേരത്തിനിടയിൽ. ഇത്തരം ആക്രമണ പ്രവണതകൾ നമുക്ക് ഒരു പരിധിവരെ  തടയാനാവും. കുറഞ്ഞപക്ഷം നമുക്ക് അത്തരം മൂവ്മെന്റ്സിനെയും അതിന് കൊടി പിടിക്കുന്നവരെയും സപ്പോർട്ട് ചെയ്യാതെയെങ്കിലും ഇരിക്കാം.

 എന്തിനും ഏതിനും സ്വാതന്ത്ര്യമുള്ള ഒരു നാടാണിത്. എന്നുവെച്ച് നെഗറ്റീവ് എനർജി ഉണ്ടാക്കുന്ന കാര്യങ്ങൾക്ക് താങ്ങ് കൊടുക്കാതിരിക്കുക. ഇന്നോ നാളെയോ കൊണ്ട് മാറുന്ന ഒന്നല്ല ഇത്. ചിലപ്പോൾ ചില ദശകങ്ങൾ തന്നെ എടുത്തേക്കാം പക്ഷേ നമ്മൾ പ്രവാസികൾ ആയതുകൊണ്ട് മാത്രം മിണ്ടാതെ ഇരിക്കണ്ട ആവശ്യമില്ല. നെഞ്ചിനു നേരെ വരുന്ന വെടിയുണ്ടയെ ചിലപ്പോൾ തടുക്കാൻ കഴിഞ്ഞില്ലെന്ന് വരും. പക്ഷേ എന്തുകൊണ്ട് ലക്ഷ്യബോധമില്ലാത്ത ചില സ്വദേശികൾ  കൂടുതലും പ്രവാസികളെ മാത്രം ലക്ഷ്യമിടുന്നു? ഇവിടുത്തെ നല്ലൊരുഭാഗം പ്രവാസികളും സ്വദേശികളെക്കാളും മെച്ചപ്പെട്ട  ജീവിതനിലവാരം പുലർത്തുന്നു എന്നതുകൊണ്ടാണ്.

ഇത്തരക്കാരുമായി സ്കൂളുകളിലും ജോലിസ്ഥലങ്ങളിലും ബിസിനസ് കാര്യങ്ങളിലും ഏതെങ്കിലും രീതിയിൽ ഇടപെടേണ്ടി വരുമ്പോൾ പഞ്ചപാവങ്ങളായി നിലകൊള്ളുന്നതിന് പകരം കാര്യങ്ങൾ പറയേണ്ടിടത്ത് പറയാൻ പഠിക്കുക. സ്കൂളിൽ പോകുന്ന നമ്മുടെ  കുട്ടികളെയും അതുതന്നെ പറഞ്ഞു മനസ്സിലാക്കുക. പ്രവാസികൾ ആയതുകൊണ്ട് നമ്മളോ നമ്മുടെ കുട്ടികളോ ആർക്കും അടിമകളല്ല. അങ്ങനെ ഒരു കാഴ്ചപ്പാട് ചെറുപ്പം മുതലേ തന്നെ ഇവിടുത്തെ സ്വദേശികളായ കുട്ടികളുടെ മനസ്സിൽ സൃഷ്ടിക്കപ്പെടാൻ പറ്റിയാൽ ഒരു പരിധിവരെ ഇത്തരം പ്രവണതകൾ കുറയ്ക്കാൻ പറ്റുമായിരിക്കും.

 വാക്കാലുള്ള അധിക്ഷേപങ്ങൾക്കും ശാരീരിക - മാനസിക പീഡനങ്ങൾക്കും "സീറോ ടോളെറൻസ് " ആയിരിക്കണം, അത് സ്കൂളുകളിൽ ആയാലും ജോലിസ്ഥലങ്ങളിൽ ആയാലും എവിടെയായിരുന്നാലും. നമ്മുടെ നിറത്തിന്റെയോ സംസ്കാരത്തിന്റെയോ ദേശീയതയുടെയോ പേരിൽ വേർതിരിവ് കാണിക്കപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്യുകയാണെങ്കിൽ ഉത്തരവാദപ്പെട്ടവരെ എത്രയും പെട്ടെന്ന് തന്നെ അറിയിക്കുവാൻ മടി കാണിക്കരുത്.

 മിക്കയിടങ്ങളിലും "ഈക്വൽ എംപ്ലോയീസ് ഓപ്പർച്ചുനിറ്റീസ്", യൂണിയൻസ് ഇങ്ങനെ പല പേരുകളിലുള്ള സംഘടനകൾ നിലവിലുണ്ട്. നമ്മുടെ ആളുകൾ സാധാരണയായി ആരെയും ബുദ്ധിമുട്ടിക്കേണ്ട, ആരോടും വഴക്കുണ്ടാക്കണ്ട, സമാധാനപരമായി പോയേക്കാം എന്നു കരുതി എന്തും സഹിച്ചുകൊണ്ട് മുന്നോട്ടു പോകുന്ന ഒരു പ്രകൃതക്കാരാണ്. ഏറ്റവും ആദ്യത്തെ തെറ്റായ പെരുമാറ്റത്തിൽ തന്നെ നമ്മുടെ അസഹിഷ്ണുത പ്രകടിപ്പിക്കാൻ ഒരു മടിയും വിചാരിക്കരുത്. ഒരു വാക്കുകൊണ്ടോ നോട്ടം കൊണ്ടോ അതു വെളിപ്പെടുത്തിയിരിക്കണം. മുളയിലെ നുള്ളി കളയുന്നതാണ് അധികമായി കഴിയുമ്പോൾ തിരുത്തുന്നതിലും എളുപ്പം. സ്വയമായി കൈകാര്യം  ചെയ്യാൻ പറ്റാതെ വരുമ്പോൾ ഉത്തരവാദപ്പെട്ടവരുമായി ബന്ധപ്പെടുക തന്നെ വേണം.

 സ്കൂളുകളിലെ കൊച്ചു ക്ലാസുകൾ മുതൽ തന്നെ നമ്മുടെ കുട്ടികളെ ഇത് പഠിപ്പിക്കുകയാണെങ്കിൽ സ്വദേശികളായ കുട്ടികൾക്കും കാര്യം പിടികിട്ടും അവർ ഏതു കുടുംബ സാഹചര്യങ്ങളിൽ നിന്ന് വരുന്നവർ ആണെങ്കിൽ പോലും. എല്ലാവരും തുല്യരാണ് എന്നുള്ള സങ്കല്പം അവരുടെ കൊച്ചു മനസ്സുകളിൽ തന്നെ കുറിച്ചിടാൻ തുടങ്ങും.  അങ്ങനെ ഒരു സമൂഹത്തിന്റെ തന്നെ പ്രതിച്ഛായ മാറ്റി എടുക്കാൻ സാധിച്ചേക്കാം. നമ്മുടെ കുട്ടികൾക്ക് മറ്റു കുട്ടികളിൽ നിന്നും സഹിക്കാൻ പറ്റാത്ത പെരുമാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ആരോടെങ്കിലും തുറന്നു പറയാനുള്ള അവസരം നമ്മുടെ കുട്ടികൾക്ക് നമ്മളായി തന്നെ ഉണ്ടാക്കി കൊടുക്കണം.

കൂടെക്കൂടെ അവരോട് സംസാരിക്കുകയും ഇത്തരം പ്രശ്നങ്ങൾ നിലവിലുണ്ടോ എന്ന് മനസ്സിലാക്കുകയും അവരെ ശാക്തീകരിക്കുകയും ചെയ്യണം.  എങ്കിൽ മാത്രമേ മാതാപിതാക്കൾക്കും സ്കൂളിലെ ടീച്ചർമാർക്കും കൗൺസിലേഴ്സിനുമൊക്ക എന്തെങ്കിലും സഹായിക്കാൻ സാധിക്കൂ.  ഇതുപോലെയുള്ള കുട്ടി ക്രിമിനലുകളെ തിരിച്ചറിയാനും വേണ്ടരീതിയിൽ കൗൺസിൽ ചെയ്യുവാനും സ്കൂളുകൾ കൂടുതൽ മുൻകൈ എടുക്കേണ്ടിയിരിക്കുന്നു. സ്നേഹം കൊണ്ടും നല്ല പെരുമാറ്റം കൊണ്ടും പ്രാർത്ഥനകൾ കൊണ്ടും സ്വഭാവ രൂപവൽക്കരണം ചെയ്തെടുക്കാം എന്ന് വിശ്വസിക്കുമ്പോൾ തന്നെ നിലവിലുള്ള റിസോഴ്സുകൾ ഉപയോഗിക്കാൻ നമ്മൾ മടി കാണിക്കരുത്. ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാർ.

സമയോചിതമായ സമീപനങ്ങൾ കൊണ്ട്  വിലപ്പെട്ട ജീവനുകൾ സംരക്ഷിക്കാൻ പറ്റിയേക്കാം. ചിലപ്പോൾ ഒരു അത്യാവശ്യഘട്ടത്തിൽ നമുക്ക് എന്ത് ചെയ്യണം എന്നറിഞ്ഞു എന്ന് വരില്ല. ഗൺപോയിന്റിൽ നിർത്തിയിട്ട് നമ്മളോട് എന്ത് ചോദിച്ചാലും കൊടുത്തേക്കണം. വിശദീകരണങ്ങൾക്കും തർക്കങ്ങൾക്കും അവിടെ സ്ഥാനമില്ല.  മിക്കവാറും കൊല്ലാൻ മടിയുള്ളവനാണെങ്കിൽ അവൻ എടുക്കാനുള്ള പണമോ കാറോ എടുത്തിട്ട് നമ്മളെ ജീവനോടെ വച്ചേക്കാം. പെട്ടുപോയിരിക്കുന്ന സാഹചര്യം അനുസരിച്ച് പ്രവർത്തിക്കാൻ നമ്മുടെ കുട്ടികളും മുതിർന്നവരും പ്രാപ്തിയുള്ളവരായി മാറണം. നമ്മുടെ പെൺകുട്ടികൾ പെപ്പർ സ്പ്രേയും കുഞ്ഞു കത്തിയുമൊക്കെ പേഴ്സിൽ കരുതിവേണം വീടിന് പുറത്തിറങ്ങാൻ. നമ്മുടെ ആൺകുട്ടികളെയും പെൺകുട്ടികളെയും പാഠ്യവിഷയങ്ങൾ പഠിപ്പിക്കുന്നത് പോലെതന്നെ  സ്വയ രക്ഷക്ക്വേണ്ടിയുള്ള  പ്രതിരോധമുറകളും അഭ്യസിപ്പിക്കണം.

ഈ സ്റ്റേറ്റിൽ ഇപ്പോൾ ലൈസൻസ് ഉള്ള ആർക്കും നിയമപരമായി തോക്ക് കയ്യിൽ കൊണ്ട് നടക്കാം. സ്വയരക്ഷയ്ക്ക് വേണ്ടി എല്ലാവരും, പ്രത്യേകിച്ച് പ്രവാസികൾ  ഒരു തോക്ക് കൈവശം വെക്കുന്ന കാലം അതിവിദൂരമല്ല.  അതോടൊപ്പം തന്നെ വീട്ടിലെ കുട്ടികളുടെ കയ്യിൽ ഇതുപോലെയുള്ള മാരക ആയുധങ്ങൾ എത്തിപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. എന്തെങ്കിലുമൊക്കെ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ ഒരുപാട് ജീവിതങ്ങൾ നമ്മുടെ കണ്മുൻപിൽ തന്നെ പൊലിഞ്ഞു പോകുന്നത് ഇനിയും കാണേണ്ടിവരും.
Join WhatsApp News
മലയാളുടെ അമേരിക്കൻ ദേശീയത 2021-11-22 15:45:50
അമേരിക്കയിലുള്ള മലയാളികൾക്ക് ഒരു അമേരിക്കൻ ദേശീയതയോ, മലയാളീ ദേശീതയോ ഉണ്ടോ? ഓരോരുത്തരും അവരുടെ സാമുദായിക വേലിക്കെട്ടിൽ തന്നേ നിന്ന് അതിനെയൊക്കെ പരിപോഷിച്ചു സായൂജ്യം നേടി അമേരിക്കൻ സ്വപ്നങ്ങൾ സാക്ഷാൽകരിച്ചോ, അല്ലാതെയോ കടന്നു പോകുന്ന രീതി. ഓരോരുത്തരും പരിസരത്തുള്ള തന്നെയുള്ള മലയാളി സംഘടനകളിൽ ഇവയൊക്കെ പ്രാവർത്തികമാക്കാൻ എത്ര മാത്രം തങ്ങളാൽ സഹകരിക്കുന്നു എന്നതും ചിന്തനനീയo. ഒന്നാം തലമുറ മൺ മറയുമ്പോൾ ,രണ്ടാം തലമുറക്കുള്ള മാനസിക സമ്മർദ്ദവും വെല്ലുവിളിയും, തങ്ങളുടെ ജീവിതം അമേരിക്കൻ ജീവിത ശൈലിയിലേക്ക് ഇണങ്ങി ഭാവി എങ്ങനെ കരുപ്പിടിക്കാം എന്നതാണ് .അമേരിക്കൻ മലയാളീ സംഘടന എന്നാൽ ,വിശാലതയിൽ തുടങ്ങി സങ്കുചിതത്തിൽ അവസാനിക്കുന്നു എന്ന കർമം ചെയ്തുകൊണ്ടിരിക്കുന്നു(95 %). അവരുടെ ദിക്ക് സൂചിക കേരളത്തിലേക്ക് മാത്രം ഫിക്സിഡ്.
V. George 2021-11-24 02:58:33
Priya Wesley, I salute you for showing the courage to write about such a sensitive matter. Unfortunately, majority of the Malayalees support certain groups that profess lawlessness, looting, robbery, murder, rape etc. They blindly follow the politicians who like to change this beautiful country to a haven of illegal immigrants, vicious gang members, drugs, prostitution etc. In order to accomplish their goals they change the very basic structure of the country by keepng the borders wide open, shut down the pipe line arteries, nearly abolish the police force, shut down the prisons etc. Look at the lootings and killings taking place all across the nation. Very soon this great nation will be in par with third world contries. Welcome the change.
Brown Lives Matter 2021-11-25 02:12:10
ക്രിസ്മസ് പരേഡിലേക്കു വാഹനം ഓടിച്ചു കയറ്റി അനേകരെ കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്തതും, മെസ്‌ക്വിറ്റിലെ മലയാളിയെ കടയിൽ കയറി വെടി വെച്ച് കൊന്നവനും ആരായിരുന്നു എന്നത് എല്ലാ മലയാളിക്കുമറിയാം. "ബ്ളാക് ലൈവ്‌സ് മാറ്റർ" (BLM) എന്ന് തൊണ്ട കീറി അലറി, ഇലക്‌ഷൻ കാലത്തു കൊള്ളയും കൊലയും കൊള്ളിവെപ്പും നടത്തിയവരെ പിന്താങ്ങിയവർ ഇതൊന്നും കണ്ടാൽ പ്രതികരിക്കാൻ മുന്നോട്ടു വരുമെന്നു കരുതേണ്ട. Brown Lives Matter / All Lives Matter എന്ന് ഉറക്കെ വിളിച്ചു പറയാൻ മലയാളിക്ക് എന്നാണ് വകതിരിവ് ഉണ്ടാകുന്നത് ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക