Image

സൂര്യകാന്തിപ്പാടങ്ങൾ (ഓർമ്മക്കുറിപ്പ് : രാജൻ കിണറ്റിങ്കര)

Published on 23 November, 2021
 സൂര്യകാന്തിപ്പാടങ്ങൾ (ഓർമ്മക്കുറിപ്പ് : രാജൻ കിണറ്റിങ്കര)
ഒരു മഞ്ഞുകാലത്തിലാണ് സൂര്യകാന്തി പാടങ്ങൾ ചുറ്റി ജയന്തി ജനത കേരളത്തിലേക്കോടിയത്. മഞ്ഞപ്പാടങ്ങളിൽ അടക്കാ കുരുവികൾ പാറിക്കളിച്ചു. പാന്റ്ട്രിയില്ലാത്ത ട്രെയിനിലെ തോൽ ബാഗിൽ തണുത്തു മരവിച്ച പപ്പാത്തിയും തൈര് ശാതവും. ബാച്ചിലർ ലൈഫിന്റെ സൗഹൃദ കൈകൾ സെക്കന്റ് ക്ലാസ് കമ്പാർട്ട്മെന്റിന്റെ സീറ്റിനടിവരെ അനുഗമിച്ചു.  കൺഫേംഡ് ടിക്കറ്റിന്റെ കോണിലെഴുതിയ കോച്ച് നമ്പറും സീറ്റ് നമ്പറും പലവുരു വായിക്കും .  

മുപ്പത്തിയാറ് മണിക്കൂറിന്റെ യാത്ര 40 ഉം 45 ഉം മണിക്കൂറിൽ തീർക്കുന്ന ബോംബെ മലയാളിയുടെ ആശ്രിത വണ്ടി.  ചുട്ടുപൊള്ളുന്ന ആന്ധ്രയുടെ കാറ്റിന് പക്ഷെ മനസ്സിലെ ആഹ്ളാദങ്ങളെ കരിക്കാനായില്ല.  അസ്വാൻസ് വാങ്ങിയ നാലക്കം തികയാത്ത ശമ്പളത്തിന് ഒരു വീടിന്റെ മാത്രമല്ല ഒരു ഗ്രാമത്തിന്റെ സ്നേഹവും പ്രതിക്ഷയും   പൂർത്തീകരിക്കാനുള്ള പ്രാപ്തിയുണ്ടായിരുന്നു.

സോപ്പും ചായപ്പൊടിയും പഞ്ചസാരയും എന്ന് വേണ്ട നാട്ടിൽ കിട്ടുന്ന പലതും മഹാനഗരത്തിന്റെ ഗന്ധം പേറി സിബ് പൊട്ടിയ ബാഗുകളിൽ വിശ്രമിച്ചു.  നാട്ടിൽ ഇതൊക്കെ ലൂസായി ആണ് കിട്ടുക.  നഗരത്തിന്റെ കാപട്യം അവയെ പാക്കറ്റുകളിൽ തളച്ചിടും.  ഗ്രാമത്തിന്റെ നിഷ്കളങ്കതയിലേക്ക് നഗര പ്രതാപവുമായി കടന്നുചെല്ലാൻ , ഒരവധിക്കാലത്തിന് കൂട്ടിരിക്കാൻ.

ആന്ധ്രയും തമിഴ് നാടും ചുറ്റി വണ്ടി ചൂളം വിളിച്ചോടുമ്പോൾ ജനാല കമ്പികൾക്കരികിൽ ഒരു യാത്രയുടെ മായാത്ത അടയാളമായി ചായ , കാപ്പി, ചോറ് ബിരിയാണി വിളികൾ പ്ലാറ്റ്ഫോമിൽ മുഴങ്ങും . പോക്കറ്റിലെ ചില്ലറ തുട്ടുകൾ എണ്ണി നോക്കി ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിട്ട യൗവനത്തിന്റെ നിശ്വാസങ്ങളിൽ ഒരു മാസത്തെ അവധി ആഘോഷങ്ങൾ തീർത്ത  പ്രതീക്ഷയുടേയും ജിജ്ഞാസയുടേയും മഞ്ഞുതുള്ളികൾ പടർന്നിരുന്നു.

പുലർച്ചെ കിഴക്കുണരും മുമ്പ് വാളയാർ അതിർത്തി കടക്കുമ്പോൾ മലയാള മണ്ണിന്റെ ഗന്ധം മൂക്കിലേക്ക് തുളച്ചുകയറും .  പുതുമണ്ണിന്റെ മണവും പേറി വൃശ്ചിക കാറ്റേറ്റ് വാതിൽ പാതി തുറന്ന് നിൽക്കുമ്പോൾ വയലിനക്കരെ വീടുകിൽ അങ്ങിങ് തെളിയുന്ന നിലവിളക്കുകൾ.  നെല്ലോലകൾക്കിടയിലൂടെ ചീവിടുകൾ ശബ്ദമുണ്ടാക്കി പറന്നു നടന്നു.

മനസ്സിൽ ഗൃഹാതുരത്വത്തിന്റെ മെത്താപ്പ് കത്തിച്ച് ഓർമ്മകൾ ലക്കും ലഗാന്നുമില്ലാതെ ഓടുന്ന വണ്ടിക്കു മുന്നേ പിടിപ്പുര പടവുകൾ ചവിട്ടിക്കയറി ഉമ്മറമുറ്റത്തെത്തും.  കൂവളത്തറയിലെ നന്ത്യാർ വട്ടവും മുല്ലയും തലയാട്ടി പരിചയം കാണിക്കും .  ടയർ പൊട്ടിയ പഴയ സൈക്കിൾ കയ്യാല മുറ്റത്ത് ആരെയോ കാത്ത് കിടക്കുന്നു.

അടുക്കള കിണറ്റിൽ പരൽ മീനുകൾ പുളയുന്ന ശബ്ദം .  വീടുണർന്നിട്ടില്ല. നേരം പുലരാൻ ഇനിയും ബാക്കിയുണ്ട്.   ഉമ്മറമുറ്റത്തെ ചരൽ മണ്ണിലേക്ക് കാലെടുത്തു വക്കുമ്പോൾ താഴെ കൊലായിൽ തൂണ് ചാരി അതേ രൂപം. "മുണ്ടിന്റെ കോന്തല ഉയർത്തി തല തുവർത്തി അകത്തേക്ക് നടക്കുമ്പോൾ ഇനിയൊരിക്കലും കേൾക്കാത്ത ആ ആത്മഗതം " ന്റെ കുട്ടി വല്ലതും കഴിച്ചോ ആവോ ?"

വളവുകൾ തിരിഞ്ഞ് പാളം തെറ്റാതെ ജയന്തി ജനത സഫലമാകാത്ത പ്രണയം പോലെ സമാന്തരമായി ഒഴുകുന്നു.  ശൂന്യതയിൽ ഒരു പഴയ യാത്രയുടെ മങ്ങിയ നിഴൽപ്പാടുകൾ.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക