Image

മെസ്സഞ്ചറിലെ മെസേജുകൾ (കഥ: രമണി അമ്മാൾ)

Published on 23 November, 2021
മെസ്സഞ്ചറിലെ മെസേജുകൾ (കഥ: രമണി അമ്മാൾ)
സോഷ്യൽമീഡിയയിലൊന്നും അത്ര സജീവമല്ലായിരുന്നു ഈ അടുത്തകാലം വരെ.. ഫേസ്ബുക്കിൽ  മുന്നൂറിൽത്താഴെ മാത്രം ഫ്രണ്ട്സ്, 
വല്ല കവിതയോ, കഥയോ എഴുതി ഫോസ്റ്റുചെയ്യുമ്പോൾ
അവരിൽ ചിലരൊക്കെ കാണ്ടാലായി, കണ്ടില്ലെങ്കിലായി.. 
ഇഷ്ടം പോലെ ഫ്രണ്ട് റിക്വസ്റ്റ് ഇൻബോക്സിൽ വന്നു കിടപ്പുണ്ട്.. 
ഒപ്പം പഠിച്ചവരും, ജോലിചെയ്തവരുമൊക്കെയുണ്ടു കൂട്ടത്തിൽ..
"താനെഴുതുന്നതും അച്ചടിച്ചുവരുന്നതുമൊക്കെ എഫ്ബിയിലിടുന്നതു
ആരെങ്കിലുമൊക്കെ കാണേണ്ടേ.....വരുന്ന ഫ്രണ്ട് റിക്വസ്റ്റ് നോക്കീംകണ്ടുമൊക്കെ
അക്സപ്റ്റുചെയ്യുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല.."
രണ്ടായിരത്തിനടുപ്പിച്ച് ഫ്രണ്ട്സുളള വിൻസിയുടെ ഉപദേശം കേട്ട് പത്തിൽ കൂടുതൽ മ്യൂച്വൽ ഫ്രണ്ട്സുള്ളവരുടെ റിക്വസ്റ്റ്, ആണെന്നോ പെണ്ണെന്നോ നോക്കാതെ നിരത്തിപ്പിടിച്ച് അക്സപ്റ്റുചെയ്തു..
അടുത്ത നിമിഷംമുതൽ
മെസഞ്ചറിൽ മെസ്സേജുകളുടെ പ്രളയം..
"നാടെവിടെ..വീടെവിടെ , മക്കളെത്ര.., കെട്ടിയോൻ
എന്തുചെയ്യുന്നു.."
അന്വേഷണങ്ങൾ, 
നന്ദി പറഞ്ഞുകൊണ്ടുളള
ചിലരുടെ മെസേജിന്.."സന്തോഷം"
എന്നു കൊടുത്തു..
ചിലരോട് വിവരങ്ങൾ എഫ്ബി പേജിലുണ്ടെന്നു പറഞ്ഞു..
തുടരെത്തുടരെയുളള ക്ഷേമാന്വേഷണങ്ങൾ..
"ശല്യമായിട്ടുതോന്നുന്നവരെ ഞാനങ്ങു ഡിലീറ്റുചെയ്യട്ടേ വിൻസീ.."
"അയ്യോ വേണ്ട മെസ്സേജ് ശ്രദ്ധിക്കാതിരുന്നാൽ മതി.." 
പ്രസാദചന്ദ്രന്റെ പ്രൊഫൈലിൽ കയറിനോക്കി..ആളൊരു കവി..പൊതുമേഖലാസ്ഥാപനത്തിൽനിന്നു വർഷങ്ങൾക്കുമുന്നേ വിരമിച്ചയാൾ..
എന്റെ അടുത്ത ഫ്രണ്ടിന്റെ ഫ്രണ്ട്.. എങ്ങനെ ഒഴിവാക്കും..
അദ്ദേഹം പണ്ടെഴുതിയതുമുതൽ മെസ്സഞ്ചറിൽ തുടരെത്തുടരെ വന്നുകൊണ്ടിരുന്നു..
"ഞാനിതൊക്കെ താങ്കളുടെ എഫ്ബിയിൽ കണ്ടുകൊളളാമെന്നു പറഞ്ഞപ്പോഴാണു നിർത്തിയത്...
"ഞാൻ  അടുത്ത ദിവസം അവിടെ ഒരു ഫങ്ഷനു വരുന്നു തമ്മിൽ കാണാൻ പറ്റുമോ..."
"നിവൃത്തിയില്ല..." 
അദ്ദേഹം അയച്ചുകൊണ്ടിരുന്ന  മെസ്സേജ്സ് റെസ്പോൺഡില്ലെന്നു മനസ്സിലായപ്പോൾ ആ ശല്യം ഒഴിവായി....
മൂവാറ്റുപുഴയിൽ നിന്ന് ഒരുച്ചക്ക് ശ്രീക്കുട്ടി മെസെഞ്ചറിൽ..
"ചേച്ചീ....നാട്, വീട്, കുട്ടികൾ, ഭർത്താവ്...
രണ്ടുവാക്കു ടൈപ്പുചെയ്താൽ മൂന്നുവാക്ക് അക്ഷരത്തെറ്റിൽ
ചോദ്യങ്ങൾ ശരങ്ങൾ തുടർന്നു....
തിരിച്ചൊന്നും ഞാൻ ചോദിക്കയുണ്ടായില്ല..
എഫ്ബിയിലേക്കു കടന്നു ചെന്നു, കക്ഷി
സാഹിത്യവുമായി പുലബന്ധംപോലുമില്ലാത്തയാൾ.
ഭർത്താവും മകളുമായി 
നില്ക്കുന്ന ഫോട്ടോയാണു പ്രൊഫൈൽ പിക്ചർ..

"ചേച്ചീ ഞാൻ മാത്സ് ടീച്ചറായിരുന്നു. ഭർത്താവ്
പോലീസാണ് ഇടുക്കി.."
"ഓക്കെ..പരിചയപ്പെട്ടതിൽ
സന്തോഷം..
തിരക്കുണ്ട്.."
പാതിരാത്രിയിൽ 
വീണ്ടും മെസ്സേജ്.. ."ചേച്ചി കഴിച്ചോ..? 
ഉറക്കം വരന്നില്ല ചേച്ചീ...
ചേട്ടൻ ഡൂട്ടീലാ...
ചേട്ടനെ
കെട്ടിപ്പിടിച്ചു കിടക്കാതെ..
ചേച്ചിക്ക് അങ്ങനൊന്നും
തോന്നത്തില്ലേ..."
തെറ്റില്ലാതെ ടൈപ്പുചെയ്യുന്നയാൾ
ശ്രീക്കുട്ടിയല്ലെന്ന വെളിപാടുണ്ടായതു പെട്ടെന്നാണ്..
അവരുടെ പോലീസുകാരൻ ഭർത്താവായിരിക്കുമിത്. 
എഫ്ബിയിൽ കയറി ശ്രീക്കുട്ടിയെ അൺഫ്രണ്ടു ചെയ്തു.. സമാധാനത്തോടെ
കിടന്നുറങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക