Image

മോഫിയയുടെ മരണം സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകമെന്ന് കെ.കെ. രമ

ജോബിന്‍സ് Published on 25 November, 2021
മോഫിയയുടെ മരണം സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകമെന്ന് കെ.കെ. രമ
ആലുവയില്‍ പോലീസിന്റെ മാനസീക പീഡനത്തേയും ഭര്‍തൃവീട്ടുകാരുടെ പീഡനത്തേയും തുടര്‍ന്ന് എല്‍എല്‍ബി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകമാണെന്ന് ആര്‍എംപി നേതാവും എംഎല്‍എയുമായ കെ.കെ. രമ പറഞ്ഞു. 

കഴിഞ്ഞ ആറുവര്‍ഷമായി സംസ്ഥാനത്ത് തുടരുന്ന ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടുകളുടെ അവസാനത്തെ രക്ഷസാക്ഷിയാണ് മോഫിയ പര്‍വീണെന്നും കെ.കെ. രമ ഫേസ് ബുക്കില്‍ കുറിച്ചു. 

കെ.കെ. രമയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം.

ആലുവയിലെ നിയമവിദ്യാര്‍ത്ഥിനി മൊഫിയ പര്‍വീണിന്റെ മരണം സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത കൊലപാതകമാണ്.

കഴിഞ്ഞ ആറ് വര്‍ഷമായി തുടരുന്ന ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടുകളുടെ അവസാന രക്തസാക്ഷിയാണ് പര്‍വീണ്‍. ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നതായി പരാതി നല്‍കിയ മൊഫിയ പര്‍വീണിനെ പോലീസ് സ്റ്റേഷനില്‍ ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വച്ച് കളിയാക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത ആലുവ ഈസ്റ്റ് സി.ഐ സി.എല്‍ സുധീറിനെതിരെ മൊഫിയയുടെ ആത്മഹത്യകുറിപ്പില്‍ കൃത്യമായി പറയുന്നുണ്ട്. ഇത് മൊഫിയയുടെ മരണമൊഴിയായി കണക്കാക്കി സി.ഐക്കെതിരെ കൊലപാതകത്തിനുള്ള പ്രേരണകുറ്റത്തിന് കേസ് എടുക്കണം. എന്നാല്‍ ഇതുവരെ സി.ഐക്കെതിരെ വകുപ്പുതലത്തില്‍ അന്വേഷണംപോലും നടത്താന്‍ ആഭ്യന്തരവകുപ്പു തയ്യാറായിട്ടില്ല.

പിണറായിവിജയന്‍ കേരളത്തിന്റെ ആഭ്യന്തരം കയ്യാളാന്‍ തുടങ്ങിയതില്‍പിന്നെ പോലീസ് സ്റ്റേഷനുകളില്‍ സാധാരണക്കാരന് നീതിയെന്നത് അപ്രാപ്യമായ അവസ്ഥയാണ്. പരാതിയുമായെത്തുന്നവരെ ക്രൂരമായി പീഡിപ്പിക്കുകയും, അപമാനിക്കുകയും ചെയ്യുന്നത് പോലീസിന്റെ ഇഷ്ടവിനോദമായിരിക്കുകയാണ്. ആഭ്യന്തരവകുപ്പിന്റെ മൗനാനുവാദമാണ് ഇതിനുകാരണം. ഒറ്റപ്പെട്ട വീഴ്ചകളെന്ന് മുഖ്യമന്ത്രി പറയുമ്പോഴും കേരളത്തിലങ്ങോളമിങ്ങോളം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന നിലയിലാണ് ആഭ്യന്തരവകുപ്പും പോലീസും പ്രവര്‍ത്തിക്കുന്നത്. മൊഫിയപര്‍വീണിന്റെത് ഇതില്‍ ഒടുവിലത്തേതാണെന്നുമാത്രം.പരാതിയുമായെത്തുന്നവരോട് മാന്യമായി പെരുമാറാനറിയാത്തവരെ അതു പഠിപ്പിക്കുകതന്നെവേണം. ഇക്കാര്യത്തില്‍ ഡി.ജി.പിയുടെ ഇടപെടല്‍ ഉണ്ടാവണം.

നിയമപഠനം നടത്തി നല്ലൊരു ഭാവിജീവിതം സ്വപ്നംകണ്ട ആ പെണ്‍കുട്ടിക്കും കുടുംബത്തിനും നീതി ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആഭ്യന്തരവകുപ്പിന്റെ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ ഇറങ്ങിപ്പോകുന്നതാണ് നല്ലത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവര്‍തന്നെ അവരുടെ അന്തകരാകുന്നത് നോക്കിനില്‍ക്കാനാകില്ല.

അധികാരത്തിന്റെ ചില്ലുമേടയിലിരുന്ന്, 'പോലീസിന്റെ ആത്മവീര്യം കെടുത്തരുതെന്നു' മുഖ്യമന്ത്രി ആഹ്വനം ചെയ്യുമ്പോള്‍, കേരളത്തിലങ്ങോളമിങ്ങോളം പോലീസിനാല്‍ പൊലിഞ്ഞു പോകുന്ന സാധാരണ ജീവിതങ്ങളെകാണാന്‍ അങ്ങ് കണ്ണ് തുറക്കണം. അങ്ങയുടെ പോലീസിന്റെ ആത്മവീര്യം ഞങ്ങള്‍ ജനങ്ങള്‍ക്ക് സഹിക്കാവുന്നതിലും അധികമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക