Image

കളിഗെമിനാറിലെ കുറ്റവാളികളും ചുരുളിയും ( ഭദ്ര വേണുഗോപാൽ)

Published on 28 November, 2021
കളിഗെമിനാറിലെ കുറ്റവാളികളും ചുരുളിയും ( ഭദ്ര വേണുഗോപാൽ)
ചുരുളി എന്ന സിനിമ അതിലെ ശ്ലീലമല്ലാത്ത ഭാഷാ പ്രയോഗത്തിലൂടെ ചർച്ചകളിൽ നിറയുമ്പോഴാണ് എന്നോട് മകൻ പറഞ്ഞത് അമ്മ ആദ്യം ആ കഥ വായിച്ച് നന്നായി മനസ്സിലാക്കു എന്നിട്ട് സിനിമ കാണൂ എന്ന്. അങ്ങനെയാണ് ഞാൻ വിനോയ് തോമസിൻ്റെ  മുള്ളരഞ്ഞാണം എന്ന കഥാസമാഹാരത്തിലെ അവസാന കഥയായ
'കളിഗെമിനാറിലെ കുറ്റവാളികൾ ' വായിച്ചത്.
                
വേഷം മാറി കർണ്ണാടകയിലെ വിദൂര ഗ്രാമത്തിലേക്ക് കുറ്റാന്വേഷണത്തിനു പോകുന്ന രണ്ടു പോലീസുകാരും അവരുടെ വിചിത്ര അനുഭവങ്ങളും പറയുന്ന കഥ .അതിലുപരി അതി ഭീതിതമായ സംസ്ക്കാരിക അന്തരം ചൂണ്ടിക്കാട്ടുന്ന കഥ എന്നാണ് എനിക്ക് തോന്നിയത്.
               
രണ്ട് പ്രദേശങ്ങൾക്കിടയിലെ തോടും അതിലെ വലിച്ചു മാറ്റപ്പെടുന്ന ഉരുളന്തടിപ്പാലവും പ്രതീകാത്മകമാണ് (Symbolic) .തോടിനിപ്പുറം മാന്യരായിരുന്നവർ തോടു കടന്ന് അപ്പുറത്തെത്തുമ്പോൾ തെറിപ്പാട്ടുകാരാവുന്നു. ആ കരയും ഈ കരയും തമ്മിലെ അന്തരത്തിൻ്റെ പ്രതീകമാണ്  ഈ വലിച്ചു മാറ്റപ്പെടുന്ന പാലം ( സിനിമയിൽ അങ്ങനെ അല്ല ) തികച്ചും വിഭിന്നമായ ജീവിതരീതികൾ അനുവർത്തിക്കുന്ന ഒരു വിഭാഗം ആളുകൾ. നമ്മുടെ ശ്ലീല അശ്ലീലങ്ങളുടെ അളവുകോൽ അവിടെ നിരർത്ഥകമാണ്. പല വിധ സാഹചര്യങ്ങളിൽ പെട്ട് അവരിലൊരാളായി മാറിപ്പോകുന്ന പോലീസുകാർ  തങ്ങൾ അന്വേഷിച്ചു പോയ പ്രതി ചെയ്ത അതേ കുറ്റങ്ങൾ ആവർത്തിക്കുന്നു.
        
സ്ട്രെക്ചറിൽ കിടത്താൻ പരുവമായ പ്രതിയെ കണ്ടെത്തി കൊണ്ടു പോകാൻ തുടങ്ങുന്നിടത്ത്  കഥ അവസാനിക്കുന്നു. ഇതിലുപയോഗിച്ചിരിക്കുന്ന ശ്ലീലമല്ലാത്ത  ഭാഷ കഥയ്ക്ക് അനിവാര്യമാണോ എന്ന് അറിയില്ല .കഥയിലെ കൂടുതൽ ഭാഗവും ഷാപ്പും മറ്റും കേന്ദ്രീകരിച്ചായതിനാലും ആ ഒരു വിഭാഗത്തിൻ്റെ സംസ്ക്കാരരഹിത്യം വെളിപ്പെടുത്താനും ആവാം ഇത്തരം സംസാരരീതി സ്വീകരിച്ചത് .
         
ഈ കഥ 'ചുരുളി' എന്ന സിനിമ ആയപ്പോൾ മിത്തും ഫാൻറസിയും എല്ലാം കൂട്ടിച്ചേർത്ത് ഒരു ഫിക്ഷൻ മോഡിലാണ് കഥ പോകുന്നത്.  . ഈ സിനിമ കാണുമ്പോൾ ആദ്യമേ  രണ്ടു കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ സിനിമ വ്യത്യസ്തമായ ഒന്നായി മാറും.

1) തുടക്കത്തിലേ പറയുന്ന മാടൻ്റെ കഥ ശ്രദ്ധിക്കുക .എല്ലാവരേയും വഴി തെറ്റിച്ചു വിടുന്ന മാടൻ. അവിടെ ചെന്നെത്തുന്നവർ അവിടെ തന്നെ വഴി തെറ്റി അലയുന്നു. ആരെങ്കിലും അതിൽ നിന്ന് രക്ഷപ്പെടുന്നോ?

2) ചുരുളിയിലേക്കുള്ള വഴി ചോദിക്കുമ്പോൾ കടക്കാരൻ ജീപ്പ് കാണിക്കുന്ന സീനിൽ ഒരാൾ പേപ്പർ വായിക്കുന്നുണ്ട് "രണ്ട് അമേരിക്കക്കാരെ ഏലിയൻസ് തട്ടിക്കൊണ്ട് പോകുന്നു" എന്ന് ഇതൊക്കെ ആ സിനിമയിലേക്കുള്ള ചൂണ്ടുപലകകളാണ് .
      
ഒരു കുറ്റാന്വേഷണ രീതിയിലുള്ള കഥയെ മിത്തുമായി ബന്ധിപ്പിച്ച് ഫിക്ഷൻ മോഡിൽ വളരെ നന്നായി ചിത്രീകരിച്ചിരിക്കുന്നു. ചുരുളി എന്ന പേരും  അന്യഗ്രഹത്തിൽ എത്തപ്പെട്ടാൽ എന്ന പോലത്തെ അവസ്ഥകളും സിനിമയെ വേറിട്ട താക്കുന്നു. . ചെറിയ ഒരു കഥ വലിയൊരു കാൻവാസിലേക്ക് മാറ്റപ്പെടുമ്പോഴുള്ള വ്യതിയാനങ്ങൾ ഇതിലും ഉണ്ട് .എങ്കിലും മൂലകഥയോട് നീതി പുലർത്തിയിരിക്കുന്നു സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി .


കളിഗെമിനാറിലെ കുറ്റവാളികളും ചുരുളിയും ( ഭദ്ര വേണുഗോപാൽ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക