Image

പൊട്ടുതൊടാൻ ( കഥ: രമണി അമ്മാൾ)

Published on 29 November, 2021
പൊട്ടുതൊടാൻ ( കഥ: രമണി അമ്മാൾ)
ആദ്യം ഞങ്ങളു രണ്ടു മക്കളേയുണ്ടായിരുന്നുളളു അമ്മയ്ക്ക്..
അഞ്ചുവർഷം കഴിഞ്ഞ് ലാലിയും ആറാമത്തെ വർഷം ലോലിതയുമുണ്ടായി.
"കുളിക്കാതെ പെണ്ണൊണ്ടായാൽ കുലം മുടിയും..".അച്ഛമ്മയ്ക്ക് അമ്മയോടായിരുന്നു ദേഷ്യം.."
"നീയാരുന്നു സൂക്ഷിക്കേണ്ടത്..."
ലോലിത പിറന്നുവീണപ്പോൾ
ഒരു പൂച്ചക്കുഞ്ഞിന്റെയത്രയുമേ ഉണ്ടായിരുന്നുളളു..മാസംതികയാതെ പ്രസവിച്ചോ..
ഇതെങ്കിലും ഒരാണായിരിക്കുമെന്നു തീർത്തും വിശ്വസിച്ചിരുന്ന അച്ഛൻ
യാഥാര്‍ത്ഥ്യം അംഗീകരിക്കാൻ കുറച്ചു സമയമെടുത്തു..
ചേച്ചിമാർ  രണ്ടുപേരും ലാളിക്കാൻ ഒന്നിനുപകരം രണ്ടുകുഞ്ഞുങ്ങളെ കിട്ടിയ സന്തോഷത്തിലും...
ഞാൻ പറയാൻ വന്നതിതൊന്നുമല്ല..
എന്റെനേരെ ഇളയവൾ, ലൗലി എന്നേക്കാൾ പാവമാണെന്നായിരുന്നു പൊതുവേയുളള ധാരണ..
അതു തിരുത്തിയെഴുതേണ്ടിവന്ന ഒരു ചെറിയ, വലിയ സംഭവം ആയിടെയുണ്ടായി..
ഇപ്പോൾ പറഞ്ഞില്ലെങ്കിൽപ്പിന്നെ അതുപിന്നെ എപ്പോൾ പറയും...
ഞങ്ങടെ വീടിന് ആകെ രണ്ട് അയൽപക്കമേയുളളു..
ഒന്ന്, ചുടുകാടിനോടുചേർന്ന
പുറമ്പോക്കിൽ താമസിക്കുന്ന, ജംങ്ഷനിൽ ബാർബർഷോപ്പുളള നാരായണന്റെ കുടുംബം..
ഇദ്ദേഹത്തിന്റെ
ഒരേയൊരു മകൾ  ശിവലതയും ഞാനും ഒരേ ക്ളാസിൽ ഒരേ ബഞ്ചിലാണ്...ഞങ്ങളൊന്നിച്ചാ സ്കൂളിൽ പോകുന്നതും വരുന്നതും.
അവൾക്ക് എന്നേക്കാൾ നല്ല ഉടുപ്പുകളും ബാഗുമൊക്കെയുണ്ടായിരുന്നു... എന്റെ വീട്ടിലാണെങ്കിൽ അച്ഛൻ
പണിക്കുപോയിക്കിട്ടുന്നതിന്റെ പാതിയേ വീട്ടുചിലവിന് അമ്മേടെ കയ്യിൽ കൊടുക്കൂ.. അതുകൊണ്ടുവേണം അച്ഛമ്മയടക്കമുളള നാലഞ്ചുപേരുടെ ചിലവുകഴിയാൻ...ബുദ്ധിമുട്ടുകൾക്കിടയിലും അല്പമെന്തെങ്കിലും മിച്ചംവെച്ചുണ്ടാക്കി വല്ല പൊന്നോ പൊടിയോ ഉണ്ടാക്കിയാലും അതും അച്ഛനേ ഉപകരിക്കാറുളളൂ..
ഞങ്ങളു രണ്ടുപെൺകുട്ടികൾ പൊട്ടുതൊടാതെയും കണ്ണെഴുതാതെയും എന്തിന്, മുഖത്തെ എണ്ണമെഴുക്കു കളയാൻ പൗഡറുപോലും ഇടാനില്ലാതെയാണ് സ്കൂളിൽ പോകുന്നത്..
ശിവലത ഒരുങ്ങിക്കൊണ്ടിരിക്കുമ്പോൾ ഞങ്ങളു ചെന്നാൽ ഞങ്ങടെ കയ്യിൽ ഒരു ലേശം പൗഡർ അവൾ കുടഞ്ഞിട്ടുതരും..
ഞാനതിൽ ഒരുപൊടി പുസ്തകത്തിന്റെ അകത്തെ പേജിലോട്ടിട്ട് ബാക്കിയേ മുഖത്തിടൂ.. നാളേയ്ക്കുളള കരുതൽ..!
കുട്ടിക്കൂറാ പൗഡറിന്റെ നല്ലമണം സ്കൂളുവിട്ടുവന്നാലും പുസ്തകസഞ്ചീലുണ്ടാവും. 
വിളിച്ചാൽ വിളികേൾക്കുന്ന ദൂരത്തിൽ, ഇടവഴി തുടങ്ങുന്നിടത്ത് തടിയറപ്പുകാരൻ കുട്ടപ്പന്റെ 
ഓല മറച്ചുകെട്ടിയ
വീടാണ് മറ്റേ അയൽപക്കം. വീട്ടുകാരെ ധിക്കരിച്ചു കല്യാണംകഴിച്ചതിന്റെ പേരിൽ നാടും വീടും മറക്കേണ്ടി വന്നവർ..
അവർക്ക് 
രണ്ടാം ക്ളാസ്സിൽ പഠിക്കുന്ന മോളുണ്ട് മീനാക്ഷി..
ഒരുദിവസം വൈകുന്നേരം കുട്ടപ്പന്റെ ഭാര്യ ഞങ്ങടെ വീട്ടിലേക്കു തിടക്കത്തിൽ വന്നു കേറി.
"ഞങ്ങടെ വീട്ടിനുളളിൽ ആരോ കേറി ചേച്ചീ..ഞങ്ങളു പുറത്തുപോയിവന്നപ്പോൾ ചെറ്റക്കതകു  തുറന്നു കിടക്കുന്നു...
ആകെ പരിശോധന നടത്തിയ ലക്ഷണമുണ്ട്...കുറച്ചു കാശും , പൊന്നിന്റെ പൊടിയുമൊക്കെയുണ്ടായിരുന്നു. അതൊക്കെ അവിടെത്തന്നെയുണ്ട്..
മുഖത്തിടുന്ന പൗഡർ കുടഞ്ഞെടുത്തത് തറയിലും കിടപ്പുണ്ട്.
കൊച്ചിന്റെ തലയിൽ കുത്തുന്ന പൂ സ്ളൈഡുകളും
സ്റ്റിക്കർ പൊട്ടുകളും, കണ്മഷിക്കുടും  കാണാനില്ല.  കുട്ടിക്കളളികൾ ആരോ ആണ്.
"ഇവിടുത്തെ  പിള്ളേരാരും അങ്ങോട്ടൊന്നും വന്നില്ലാല്ലോ..."
"ഏയ്..അവർക്ക് ഈ വീടിന്റെ പൊറത്തെറങ്ങണേലും കൂട്ടുവേണം...അല്ലേലും ചോദിക്കാതേ പറയാതേം അവരാരുടേം ഒന്നും എടുക്കില്ല. " 
അമ്മയ്ക്കു ഞങ്ങളെ അത്രയ്ക്കങ്ങു വിശ്വാസമായിരുന്നു...
മൂന്നാലു ദിവസം
കഴിഞ്ഞിട്ടുണ്ടാവും,
ഞങ്ങൾ പുസ്തകങ്ങളുംമറ്റും  സുക്ഷിക്കുന്നത്
അച്ഛമ്മേടെ  വീങ്ങപ്പെട്ടിയിലായിരുന്നു. ടൈംടേബിൾ നോക്കി ബുക്കും പുസ്തകവും ബാഗിൽ എടുത്തുവയ്ക്കുമ്പോൾ
ഒരു പേപ്പറുപൊതി കണ്ണിൽപ്പെട്ടു. എന്തായിരിക്കും..തുറന്നു നോക്കുമ്പോൾ രണ്ടു പൂസ്ളൈഡുകൾ, വേറൊരു കുഞ്ഞുപൊതിയിൽ
മുഖത്തിടുന്ന പൗഡർ..
ഒട്ടിക്കുന്ന ചുവന്ന പൊട്ടുകൾ.. കണ്മഷിക്കൂട്..
ദൈവമേ...!കുട്ടപ്പന്റെ വീട്ടീന്ന് കാണാതെപോയതെല്ലാം.. 
ഇതെങ്ങിനെയിവിടെ...?
കൊച്ചു കളളി അവളുതന്നെ..ലൗലി. ദേഷ്യവും സങ്കടവും വെപ്രാളവുമെല്ലാം ഒരുമിച്ചുണ്ടായെങ്കിലും അച്ഛമ്മേം അമ്മേം ഒന്നും  അറിയാൻ പാടില്ല..
സ്കൂളിലേക്കുപോകുമ്പോഴാകട്ടെ ..
"എടീ.. നീയാണല്ലേ കുട്ടപ്പന്റെ വീടു തളളിത്തുറന്നകത്തുകേറി
മോഷണം നടത്തിയ പെരുങ്കളളി..."
പിടിക്കപ്പെട്ടതിന്റെ വെപ്രാളം..അവൾ ഏങ്ങലടിച്ചു കരയാൻ തുടങ്ങി...
"പോട്ടെ സാരമില്ല..
ആരും അറിഞ്ഞിട്ടില്ല.. മേലിലാരുടേം ഒന്നും അനുവാദം കൂടാതെ എടുക്കുവാൻ പാടില്ല കേട്ടോ..."
പാവം...പൗഡറിടാനും പൊട്ടുതൊടാനും കണ്ണെഴുതാനുമുളള അവളുടെ ആഗ്രഹം മോഷണത്തിൽ കലാശിച്ചു...
അമ്പലത്തിലെ
മീനഭരണിയുത്സവത്തിന്ഞാനും ലൗലിയും  അച്ഛമ്മയോടൊപ്പം 
അമ്പലത്തിൽ പോയിട്ടുണ്ടായിരുന്നു...
ചിന്തിക്കടയിൽനിന്ന് 
വളയും മാലയുമൊക്കെ വാങ്ങിച്ചുതന്ന കൂട്ടത്തിൽ ഒരു ടിന്നു കുട്ടിക്കൂറാ പൗഡറും, കണ്മഷിയും സ്റ്റിക്കർ പൊട്ടും കൂടി അച്ഛമ്മ  വാങ്ങിച്ചുതന്നപ്പോൾ
ഞാനത്ഭുതപ്പെട്ടു..
അച്ഛമ്മയെങ്ങാനും മനസ്സിലാക്കിയോ
ഞങ്ങളിലാരെങ്കിലുമാണ്
കുട്ടപ്പന്റെ കുടിലിൽക്കേറി
പൗഡറും പൊട്ടുമൊക്കെ മോഷ്ടിച്ചതെന്ന്..
ആ മുഖത്തേയ്ക്ക് നോക്കാൻ ധൈര്യമില്ലാതെ ഞാൻ നിന്നു. അച്ഛമ്മ എന്നെയും നോക്കിയതേയില്ല..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക