Image

'എന്തുകൊണ്ട് ദൈവമേ എന്തുകൊണ്ട് ഇങ്ങനെ?'

Published on 02 December, 2021
'എന്തുകൊണ്ട് ദൈവമേ എന്തുകൊണ്ട് ഇങ്ങനെ?'
ഒരാഴ്ചയിൽ നാല് യുവ പ്രതീക്ഷകൾ നമ്മെ  വിട്ടു പിരിഞ്ഞു. ഈ വേദന നമ്മെ സ്തബ്ധരാക്കുമ്പോൾ നാം ചോദിച്ചു പോകുന്നു, ദൈവമേ എന്ത് കൊണ്ട് ഇങ്ങനെ?  ഡാലസിൽ ഡോളര്‍ സ്റ്റോര്‍ നടത്തിയിരുന്ന അന്പത്തിയഞ്ചുകാരനായ സാജന്‍ മാത്യൂസ്  കൊല്ലപ്പെട്ടപ്പോൾ പി.പി. ചെറിയാൻ എഴുതിയ ലേഖനം ചോദിച്ചത് ഇവിടെയും പ്രസക്തം (താഴെ കാണുക).

മനുഷ്യന്റെ നിസഹായത,  കണ്ണീരിന്റെ അർത്ഥശൂന്യത എല്ലാം വെളിപ്പെടുന്നതാണ് ഈ വിയോഗങ്ങൾ.  നമുക്ക് കരയാനല്ലാതെ എന്ത് ചെയ്യാനാകും? നാട്ടിൽ ഒരു മരണം നടക്കുമ്പോൾ അത് ഏതെങ്കിലും ഒരു കുടുംബത്തെ മാത്രമാണ് ബാധിക്കുന്നത്. അമേരിക്കയിലാകട്ടെ നാം എല്ലാം ഒരു കുടുംബം പോലെ ഈ ദുഃഖം അനുഭവിക്കുന്നു. ഇത് വലിയ  വ്യത്യാസം തന്ന. 

ന്യു യോർക്കിലെ റോക്ക്‌ലാന്റിൽ ടെസ്‌ലി  മറിയം വർഗീസ്  അന്തരിക്കുമ്പോൾ പ്രായം 31 വയസ്. ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ ഇറുത്തു മാറ്റപ്പെട്ട പ്രതീക്ഷകൾ. ഒരു വർഷമായി കാൻസർ ചികിത്സയിലായിരുന്നു. ന്യു സിറ്റി സെന്റ്  ജോർജ് സിറിയൻ ഓർത്തഡോക്സ് ചർച്ച് അംഗമായിരുന്നു. 

അലബാമയിൽ  മോണ്ട്ഗോമറിയിൽ  വീട്ടിൽ വെടിയേറ്റു മരിച്ച   മറിയം സൂസൻ മാത്യുവിന്റെ, 19, പൊതുദര്ശനം ഡിസംബർ രണ്ട് വ്യാഴാഴ്ച വൈകിട്ട് 5 മുതൽ 7 വരെ നടക്കുകയാണ്  (Chapel of Magnolia Cremations & Funeral, 901 South McDonough Street | Montgomrey, AL 36104)

വീട്ടിൽ സ്വസ്ഥമായി ഉറങ്ങുമ്പോൾ മുകളിലത്തെ അപ്പാർട്ട്മെന്റിൽ  താമസിക്കുന്ന 18 -കാരന്റെ  തോക്കിൽ നിന്നുള്ള വെടിയുണ്ടകൾ സീലിംഗ് തുളച്ച് വന്നു  ശരീരത്തിൽ പതിക്കുകയായിരുന്നു. എത്രയോ സങ്കടകരം.

വീട്ടുകാർ  അറിയുന്നത് രാവിലെ മാത്രം.  രാത്രി ശബ്ദം കേട്ടുവെങ്കിലും അത് പുത്രിയുടെ മുറിയിൽ നിന്നാണെന്നു മനസിലായില്ല.

ഇനി ഒന്ന് കൂടി വൈകാതെ ഞെട്ടാണ് റെഡിയാവുക. രാത്രി രണ്ട് മണിക്ക് അതീവ ശക്തിയുള്ള തോക്ക് കൊണ്ട് വെടി   വച്ച അധമൻ മിക്കവാറും ശിക്ഷയൊന്നും കൂടാതെ രക്ഷപെടുന്നതും  നമുക്ക് കാണാം. അതാണല്ലോ അമേരിക്കയിലെ നീതിന്യായത്തിന്റെ ഇപ്പോഴത്തെ സ്ഥിതി. 

തന്നെക്കാൾ വലിയ തോക്കും കൊണ്ട് മറ്റൊരു സ്റ്റേറ്റിൽ നിന്ന് അമ്മയയോടൊപ്പം കാറിൽ വന്ന്  രണ്ട് പേരെ വെടിവച്ചു കൊന്ന  കൈൽ റിട്ടൻഹൌസ്സിനെ (18) കുറ്റവിമുക്തനാക്കി ജൂറി വിധി പറഞ്ഞത് നാം കണ്ടതാണ്. അതിനെ ന്യായീകരിക്കുന്നവർ മലയാളികൾക്ക് ഇടയിലുമുണ്ടെന്നത് മറക്കുന്നില്ല. അതെ സമയം  ഏതോ ചില സ്ത്രീകൾ ആരോപണമുന്നയിച്ചതിനു ആനന്ദ് ജോൺ  59 വര്ഷം തടവ് ശിക്ഷ അനുഭവിക്കുകയാണെന്നതും  കൂട്ടി വായിക്കാം.

ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സമ്മേളനം കഴിഞ്ഞ മാസം ചിക്കാഗോയിൽ നടന്നപ്പോൾ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും ഒട്ടേറെ പേർ  അതിൽ പങ്കെടുക്കാൻ എത്തുകയുണ്ടായി. അവരിൽ മിക്കവരും  ഈ വെള്ളി, ശനി ദിവസങ്ങളിൽ  വീണ്ടും ചിക്കാഗോയിൽ എത്തുന്നുണ്ട്. കഴിഞ്ഞ മാസം സന്തോഷത്തോടെ എത്തിയവർ കണ്ണീരുമായി എത്തുന്നു പ്രിയപ്പെട്ട  ജെഫിൻ  കിഴക്കേക്കുറ്റിന്റെ (22) അന്ത്യയാത്രയിൽ പങ്കെടുക്കാൻ. പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിന്റെയും, ഡോളിയുടെയും പുത്രന്‍ ജെഫിന്‍ ഓടിച്ചിരുന്ന വാഹനം സ്കിഡ് ചെയ്തു മരത്തിലിടിച്ച് വിടപറയുകയായിരുന്നു . ലോകമെങ്ങു  നിന്നും  അനുശോചനങ്ങൾ പ്രവഹിക്കുന്നു.

ന്യൂജേഴ്സ ഫോർഡ്‌സിൽ താമസിക്കുന്ന കൈപ്പുഴ ആട്ടുകാരൻ ചാമക്കാലായിൽ ജോസ് ജേക്കബിന്റെയും ജെസ്സിയുടെയും  മകൻ റോണി ചാമക്കാലായിൽ [27] ന്യൂജേഴ്‌സിയിൽ ചൊവ്വാഴ്ച വെളുപ്പിനെ ഹൃദയാഘാതത്തുടർന്ന്  അന്തരിക്കുകയായിരുന്നു. റോണിയുടെ ഫോട്ടോ കാണുമ്പോൾ കണ്ണ് നിറയാത്ത ആരാണുള്ളത്?

--------------------------

ഡാലസില്‍ സ്വന്തമായി ഡോളര്‍ സ്റ്റോര്‍ നടത്തിവന്നിരുന്ന അന്പത്തിയഞ്ചുകാരനായ സാജന്‍ മാത്യൂസ് വ്യാപാര രംഗത്തു കാലുറപ്പിക്കുന്നതിനു മുന്‍പ് തന്റെ കടയുടെ മുന്‍പില്‍ വെച്ചു ഒരു പതിനഞ്ചു  വയസ്സുകാരന്റെ തോക്കില്‍ നിന്നും ചീറിപ്പാഞ്ഞ വെടിയുണ്ടയേറ്റ് ഈയിടെ മരിച്ച  സംഭവം മലയാളി സമൂഹം ഉള്‍പ്പെടെയുള്ള എല്ലാവരിലും   വലിയൊരു ഞെട്ടല്‍ ഉളവാക്കിയിരുന്നു.

ഭാര്യയും അടുത്തിടെ വിവാഹിതയായ ഒരു മകള്‍ ഉള്‍പ്പെടെ രണ്ടു പെണ്മക്കളുള്ള  സന്തുഷ്ട കുടുമ്പത്തിന്റെ അമരക്കാരനായിരുന്നു  സാജന്‍ . ഇതിനോടനുബന്ധിച്ച് വിവിധ കോണുകളില്‍നിന്നും ഉയര്‍ന്ന ഒരു ചോദ്യമാണ് ഞാന്‍ തലവാചകമായി ചേര്‍ത്തിരിക്കുന്നത് .'എന്തുകൊണ്ട് ദൈവമേ എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു.'ഇതു ഒരു ഒരു ഒറ്റപ്പെട്ട സംഭവമായി മാത്രം പരിമിതപ്പെടുത്തേണ്ടതില്ല അപ്രതീക്ഷിതമായി ജീവിതത്തില്‍ സംഭവിക്കുന്ന തിരിച്ചടികളുടെ മുന്‍പിലും ഇതേ ചോദ്യങ്ങള്‍ പലരും ചോദികുന്നത്  കേള്‍ക്കാന്‍  അവസരം ലഭിച്ചിട്ടുണ്ട് .

അമേരിക്കയിലെ സുപ്രധാന ആഘോഷങ്ങളില്‍ ഒന്നാണ് താങ്ക്‌സ്ഗിവിങ് ഡേ. അതിനു  തൊട്ടടുത്ത  ദിവസം രാവിലെ ഒരു അടുത്ത സ്‌നേഹിതനുമായി സംസാരി ച്ചപ്പോള്‍ അദ്ദേഹത്തിന്റെ സ്വകാര്യ ദുഃഖവും  മാനസീക സംഘര്‍ഷവും ഞാനുമായി പങ്കിടുന്നതിനിടയായി.

നാലു പതീറ്റാണ്ടു മുന്‍പാണ് ഭൂമിയിലെ പറുദീസയെന്നു പരക്കെ അറിയപ്പെട്ടിരുന്ന അമേരിക്കയില്‍ എത്തിചേരാന്‍ ഭാഗ്യം ലഭിച്ചത് ..കാര്യമായ വിദ്യാഭ്യാസ യോഗ്യതയോ ,സാങ്കേതിക പരിജ്ഞാനമോ ഇല്ലാതിരുന്ന താനും ഭാര്യയും രാത്രിയും പകലും കഠിനാദ്ധ്വാനം  ചെയ്താണ് മക്കളെ വളര്‍ത്തിയത്.അവര്‍ക്കു നല്ല വിദ്യാഭ്യാസം കൊടുക്കുന്നതിനും ദൈവീക വഴികളിലൂടെ നയിക്കുന്നതിനും കഴിവിന്റെ പരമാവധി ആത്മാര്ത്ഥമായി ശ്രമിക്കുകയും  ചെയ്തിരുന്നു  .ഇന്നു അവര്‍ വലുതായി സ്വന്തം കാലില്‍ നില്‍ക്കാം എന്ന അവസ്ഥയില്‍ എത്തിയപ്പോള്‍ ഭൂതകാലം മറന്ന് അവര്‍ അവരുടെ സ്വന്തം വഴി തിരഞ്ഞെടുത്തിരിക്കുന്നു.അതിനു അവര്‍ക്കു അവരുടേതായ ന്യായവാദങ്ങള്‍ നിരത്താനുമുണ്ട് .

ശത്രുക്കള്‍ പോലും പരസ്പരം അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്ന താങ്ക്‌സ് ഗിവിങ് ഡേ സുദിനത്തില്‍  മക്കളില്‍ ഒരാള്‍ പോലും പ്രായമായ  ഞങ്ങളെ തിരിഞ്ഞു നോക്കുകയോ വിളിക്കുകയോ ചെയ്തില്ല എന്നു ഗദ്ഗദത്തോടെ  പറഞ്ഞു നിര്‍ത്തിയപ്പോള്‍  ആമുഖത്തു പ്രതിഫലിച്ച. ഭാവ ഭേദങ്ങളും കണ്ണില്‍ നിറഞ്ഞു തുളുംബിയ കണ്ണീര്‍ കണങ്ങളും   മനസില്‍ നീറി പുകയുന്ന വേദന എത്ര ആഴമേറിയതാന്നു എന്നു പ്രതിഫലിപ്പിക്കുന്നതായിരുന്നു.

ഇത്തരം അതി വേദനാജനകമായ സംഭവങ്ങളുടെ  മധ്യത്തിലും , .നമ്മുടെ  പ്രിയപ്പെട്ടവര്‍  ആരെയെങ്കിലും ഏതെങ്കിലും അത്യാഹിതത്തില്‍ കൂടെയോ, രോഗം മൂലമോ മറ്റേതെങ്കിലും ദുരന്ത സംഭവത്തിലൂടെയോ  മരണം നമ്മില്‍ നിന്നും അപഹരികുമ്പോള്‍  നാം സങ്കടത്തില്‍ മുഴുകി പോവുകയും എന്തുകൊണ്ട് ദൈവമേ  എന്തുകൊണ്ടിങ്ങനെ  സംഭവിച്ചു എന്ന് ചോദിച്ചു പോവുകയും ചെയ്യുന്നത് സ്വാഭാവികമാണ് .അതിന്റെ രഹസ്യം പൂര്‍ണമായും  ഉടന്‍ നമുക്ക് വെളിപ്പെട്ട്  കിട്ടിയില്ലെങ്കിലും ചിലപ്പോള്‍ നമ്മുടെ ചോദ്യത്തിന് ഭാഗികമായ ഒരു മറുപടി എങ്കിലും ദൈവം നല്‍കാതിരിക്കില്ല.

 ഞാന്‍ വായിച്ച ഒരു സംഭവ കഥ ഇതിനോടൊപ്പം ചേര്‍ക്കുന്നത് യുക്തമാണെന്നു തോന്നുന്നു.

ജോസഫീന  എന്ന യുവതിയായ ഒരു മാതാവ് പുറത്തുപോയി വീട്ടിലേക്ക് മടങ്ങി വന്നത് ഓമന മകന്റെ അതി ഭീകരമായ മരണം കണ്ടുകൊണ്ടായിരുന്നു. കുട്ടന്‍ എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന  ആ കൊച്ചു കുട്ടി അമ്മ വരുന്നത് കണ്ടുകൊണ്ട് വീടിനുള്ളില്‍ നിന്നും കാര്‍പോര്‍ച്ച് മുകളിലുള്ള ടെറസിലേക്ക് ഓടിക്കയറി. ആ ടെറസിനു  ചുറ്റും ഉണ്ടായിരുന്ന കൈവരി പിടിച്ചുകൊണ്ട് മുന്നോട്ട് ആഞ്ഞു .പെട്ടെന്ന്  കാല്‍ വഴുതി കൈവരിയുടെ മുകളിലൂടെ തറയിലേക്ക് മറിഞ്ഞു വീണ് ആ കുട്ടി നിമിഷ നേരത്തിനുള്ളില്‍ അതി ദയനീയമായി മൃതിയടഞ്ഞു.

മകന്റെ ആകസ്മീക മരണത്തോടെ ജീവിതമാകെ തകര്‍ന്ന് തരിപ്പണമായി എന്ന് കരുതി അല്പം ആശ്വാസം ലഭിക്കുന്നതിന് വേണ്ടി അവര്‍  അയല്‍പക്കത്തുള്ള ഒരു സ്ത്രീയെ സമീപിച്ചു. നല്ലൊരു ഈശ്വര വിശ്വാസിയായിരുന്നു  അവര്‍ പറഞ്ഞു, സഹോദരി നിങ്ങളുടെ സ്‌നേഹ ഭാജനമായിരുന്ന കുഞ്ഞിനെ നിങ്ങളില്‍ നിന്നും എടുത്തുകളഞ്ഞു എന്നത് ശരിതന്നെ .എന്നാല്‍ നിങ്ങളുടെ സ്‌നേഹത്തിനുവേണ്ടി ദാഹിക്കുന്ന അനാഥരായ എത്രയെത്ര കുഞ്ഞുങ്ങള്‍ നിനക്ക് ചുറ്റും കാണുമെന്നു  ചിന്തിക്കുക..

ഈ വാക്കുകള്‍ ജോസഫീനയുടെ  ജീവിതത്തെ വലിയ സാമൂഹിക സേവനത്തിനും ക്രിസ്തീയ ശുശ്രൂഷയുടെ  പാതയിലേക്ക് തിരിക്കുന്നതിനും  അനേകായിരങ്ങള്‍ക്ക് ആശ്വാസവും സമാധാനവും ലഭിക്കുന്നതിന് മുഖാന്തമായിത്തീര്‍ന്നു. ജോസഫീനയുടെ ജീവിതം അനേകായിരങ്ങള്‍ക്ക് അനുഗ്രഹം ആയിത്തീരുന്നതിന്  വേണ്ടിയായിരിക്കും  അവളുടെ കുഞ്ഞു കുട്ടനെ  ദൈവത്തിങ്കിലേക്ക് വിളിച്ചുചേര്‍ത്തതെന്നു കരുതുന്നതില്‍ എന്താണ് തെറ്റു.

ഇയ്യോബിനെ നേരിട്ട് നഷ്ടങ്ങള്‍ അതിഭയങ്കരം ആയിരുന്നു എന്നാല്‍ ആ വലിയ യാതനയുടെ ഫലമായി ദൈവത്തെ കുറെക്കൂടെ അടുത്തറിയുന്നതിനും മക്കള്‍ ഉള്‍പ്പെടെ നഷ്ടപെട്ടതെല്ലാം തിരികെ ലഭിക്കുന്നതിനും  പതിന്മടങ്ങു അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനും തനിക്കു സാധിച്ചു.  ലക്ഷങ്ങള്‍ക്ക് അവരുടെ പരിശോധനകളില്‍ സഹായകരമായ തീര്‍ന്നിട്ടുള്ള തിരുവചന ഭാഗം രൂപം പ്രാപിച്ചതും അത് മുഖാന്തരം ആയിരുന്നുവല്ലോ.

നമ്മുടെ ജീവിതത്തില്‍ വലിയ നഷ്ടങ്ങള്‍ വല്ലതും നേരിടുന്നുണ്ടെങ്കില്‍ അതിനു പൂര്‍ണമായ ഒരു വിശദീകരണം ലഭിച്ചില്ലായെങ്കിലും  അത് വഹിച്ചും സഹിച്ചും മുന്‍പോട്ടു പോകുവാന്‍ ദൈവം നമ്മെ ശക്തീകരിക്കും എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു ദൈവമേ എന്ന് നമ്മള്‍ ചോദിക്കണം എന്ന് തന്നെയായിരിക്കും ദൈവം ആഗ്രഹിക്കുന്നത്. തന്റെ ഹിതത്തിനു വഴങ്ങാനുള്ള മനസ്സോടെ നിങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ നമുക്ക് ആവശ്യമായ മറുപടി ലഭിക്കുക തന്നെ ചെയ്യും പലപ്പോഴും വലിയ വിജയത്തിനു മുന്‍പില്‍ വലിയ പരിശോധനകള്‍ ഉണ്ടായേക്കാം. അതില്‍ പതറി പോകുന്നവരായിട്ടല്ല മറിച്ചു അതിനെ അഭിമുഖീകരിച്ചു വിജയപൂര്‍വം തരണം ചെയുന്നതിനായിരിക്കണം നാം ശ്രദ്ധ ചെലുത്തേണ്ടതും ക്രപാസനത്തിനടുക്കല്‍ വരേണ്ടതും...
Join WhatsApp News
Truth and Justice 2021-12-02 14:49:06
We do not have no idea when we will die and how we will die.But Bible says there is appointed time for death and the judgement.If someone born to this world, there is no guarantee for life.Everyday and every moment is another day another moment.Therefore whatever God gives us take it as a blessing.
Sudhir Panikkaveetil 2021-12-03 00:35:46
എന്തിനാണ് മനുഷ്യർ മരണത്തെപ്പറ്റി ചിന്തിച്ച് വ്യാകുലപ്പെടുന്നത്? പണ്ടുള്ളവർ പറഞ്ഞുവച്ച നുണകൾ വിശ്വസിച്ച് ഈ മനോഹര ജന്മം പാഴാക്കുന്നു മനുഷ്യർ. അവനു ഒറ്റക്ക് ജീവിക്കാൻ കഴിയാത്തതുകൊണ്ട് മറ്റുള്ളവർ അവനെ ചൂഷണം ചെയ്യുന്നു. ചൊവ്വയിലേക്കും ചന്ദ്രനിലേക്കും പോകാൻ ശ്രമിക്കാതെ ഇവിടെ ആരോഗ്യത്തോടെ ജീവിച്ച് മരിക്കാനും ദുഷ്ടന്മാരിൽ നിന്ന് രക്ഷനേടാനും മനുഷ്യൻ ശ്രമിക്കണം. ദൈവം മനുഷ്യനെ അങ്ങേരുടെ പ്രതിച്ഛായയിൽ സൃഷ്ടിച്ചെങ്കിലും ചിലർക്കൊക്കെ ചെകുത്താന്റെ ബുദ്ധി കൊടുത്തത് ദൈവത്തിനു പറ്റിയ തെറ്റ് എന്ന് കപട വിശ്വാസികൾ വിശ്വസിക്കണം. അപ്പോൾ പകുതി കുഴപ്പം തീരും. ശരിയാണ് നമ്മൾ ആരുടെ വെടികൊണ്ട് മരിക്കുമെന്ന് നമുക്ക് നിശ്ചയമില്ല. ഈ ലോകം അപകടം നിറഞ്ഞതാണ്. പക്ഷെ അധികാരമുള്ള മനുഷ്യന് ഒരു കാര്യം ചെയ്യാം. തൽക്കാലം കർത്താവിനോട് മാപ്പു ചോദിച്ചു കുറ്റവാളിക്ക് മാപ്പ് കൊടുക്കാതെ അവനെ തൂക്കികൊല്ലാം. വധശിക്ഷയും ദയാവധവും വന്നാൽ ഭൂമി നന്നാകും. അതിനു ആർക്ക് ധൈര്യവും ശക്തിയുമുണ്ട്. ആർക്കുമില്ല. അപ്പോൾ പിന്നെ ഇഷ്ടം പോലെ കണ്ണീരും പള്ളിക്കൂടത്തിൽ നിന്നു പഠിച്ച അറിവുമുണ്ടല്ലോ. കരയുകയും എഴുതുകയും ചെയ്യാം. സൗഭാഗ്യം അനുഭവിക്കുന്നവർ സഹതപിക്കും. വയലാറിന്റെ വരികൾ " ഹേ മനുഷ്യ വലിച്ചെറിയു നിന്റെ മുഖം മൂടി". കരച്ചിൽ ഒന്നിനും പരിഹാരമല്ല. ദൈവത്തിനോട് ചോദിക്കാനൊന്നും പോകണ്ട അങ്ങേർക്ക് എല്ലാം അറിയാം. മനുഷ്യർ നന്നാകാൻ നോക്കിയാൽ മതി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക