Image

സി പി എം നേതാവിന്റെ കൊലപാതകം: മുഴുവന്‍ പ്രതികളും പിടിയില്‍, മരണ കാരണം ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് റിപ്പോർട്ട്

Published on 03 December, 2021
സി പി എം നേതാവിന്റെ കൊലപാതകം: മുഴുവന്‍ പ്രതികളും പിടിയില്‍, മരണ കാരണം ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് റിപ്പോർട്ട്
പത്തനംതിട്ട; തിരുവല്ല പെരിങ്ങര സി പി എം ലോക്കല്‍ സെക്രട്ടറി പി പി സന്ദീപിനെ   കുത്തിക്കൊന്ന കേസില്‍ മുഴുവന്‍ പ്രതികളും പിടിയില്‍.

അഞ്ചാം പ്രതിയായ അഭിയാണ് ഒടുവില്‍ പിടിയിലായത്. ആലപ്പുഴ എടത്വയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മറ്റു നാല് പ്രതികളായ ജിഷ്ണു, ഫൈസല്‍, നന്ദു, പ്രമോദ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആര്‍ എസ് എസ് പ്രവര്‍ത്തകനായ ജിഷ്ണുവിന്റെ നേതൃത്വത്തിലാണ് ഇന്നലെ രാത്രി കൊലപാതകം നടന്നത്. ജിഷ്ണുവിന്റെ ആര്‍ എസ് എസ് ബന്ധം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം സന്ദീപ്ന്റെ മരണക്കാരണം ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. സന്ദീപിന്റെ ശരീരത്തിൽ ഇരുപതിലേറെ മുറിവുകൾ ഉണ്ടെന്നും അറയ്ക്ക് മുകളിൽ പതിനഞ്ചിലേറെ കുത്തുകൾ ഏറ്റിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

 കൊലപാതകം വ്യക്തി വൈരാഗ്യത്തെ തുടർന്നാണെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. ഒന്നാം പ്രതി ജിഷ്ണുവിന് സന്ദീപിനോട് മുൻ വൈരാഗ്യം ഉണ്ടായിരുന്നെന്നും ഇത് തീർക്കാൻ വേണ്ടിയാണ് സുഹൃത്തുക്കളെ കൂട്ടി ആസൂത്രണം ചെയ്ത് കൊലപാതകം നടപ്പിലാക്കിയതെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിഷ്ണു ജയിലിൽ വെച്ചാണ് മറ്റ് പ്രതികളെ പരിചപ്പെടുന്നതെന്നും പൊലീസ് പറയുന്നു.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് പ്രതികൾ സന്ദീപിനെ വെട്ടിക്കൊലപ്പെടുത്തിയത്. തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലിൽ വയലിന് സമീപത്ത് ഒരു കലുങ്കിൽ ഇരിക്കുകയായിരുന്ന സന്ദീപിനെ, ബൈക്കിലെത്തിയ പ്രതികൾ വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. സന്ദീപിന്റെ നെ‌ഞ്ചിൽ ഒമ്പത് കുത്തേറ്റിട്ടുണ്ട്. സന്ദീപിനെ ഉടൻ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തും മുമ്പ് മരിക്കുകയായിരുന്നു.

സന്ദീപിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ തിരുവല്ലയില്‍ സി പി എം ഏരിയ കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരമായി പുരോഗമിക്കുകയാണ്. നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍. കൊല്ലപ്പെട്ട സന്ദീപിന് ആദരാഞ്ജലിയര്‍പ്പിക്കാൻ പ്രമുഖ നേതാക്കളടക്കം നൂറുകണക്കിന് സി പി എം പ്രവര്‍ത്തകരാണ് എത്തുന്നത്. ഒരു തരത്തിലുള്ള രാഷ്ട്രീയ സംഘര്‍ഷവും നടക്കാത്ത പ്രദേശത്ത് ആര്‍ എസ് എസ് ക്രിമിനല്‍ സംഘം ബോധപൂര്‍വ്വം കൊലപാതകം നടത്തുകയായിരുന്നെന്ന് സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പ്രതികരിച്ചു.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക