Image

ബെംഗളൂരുവില്‍ എത്തിയ 10 ആഫ്രിക്കക്കാരെക്കുറിച്ച് വിവരമില്ല; മൊബൈലുകള്‍ സ്വിച്ച് ഓഫ് ചെയത് മുങ്ങി

Published on 03 December, 2021
ബെംഗളൂരുവില്‍ എത്തിയ 10 ആഫ്രിക്കക്കാരെക്കുറിച്ച് വിവരമില്ല; മൊബൈലുകള്‍ സ്വിച്ച് ഓഫ് ചെയത് മുങ്ങി

ബെംഗളൂരു: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിയ പത്തോളം അന്താരാഷ്ട്ര യാത്രക്കാരെ കണ്ടെത്താനായിട്ടില്ലെന്ന് ബെംഗളൂരു മുന്‍സിപ്പല്‍ കോര്‍പറേഷന്‍. കര്‍ണാടകത്തില്‍ രാജ്യത്ത് ആദ്യമായി രണ്ടുപേരില്‍ കോവിഡ്-19 വകഭേദമായ ഒമിക്രോണ്‍ (ബി 1.1.529) സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇക്കാര്യം പുറത്ത് വന്നത്. വിദേശികളുടെ ബെംഗളൂരുവിലെ വിലാസം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രിയും സ്ഥിരീകരിച്ചു. 

വിദേശികളെ കണ്ടെത്താന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമം തുടരുകയാണെന്ന് ബിബിഎംപി കമ്മീഷണര്‍ ഗൗരവ് ഗുപ്ത പറഞ്ഞു. ട്രാക്കിങ് ഒരു തുടര്‍ പ്രക്രിയ ആണെന്നും തങ്ങള്‍ അത് തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫോണ്‍ വിളിച്ചിട്ട് പ്രതികരണമില്ലെങ്കില്‍ അവരെ കണ്ടെത്താന്‍ കൃത്യമായ നടപടിക്രമങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന് പിന്നാലെ അവിടെനിന്ന് 57 യാത്രക്കാരാണ് ബെംഗളൂരുവില്‍ എത്തിയതെന്നും ഈ 57 പേരില്‍ 10 പേരുടെ വിലാസം കണ്ടെത്താന്‍ ബെംഗളൂരു മുന്‍സിപ്പല്‍ കോര്‍പറേഷന് സാധിച്ചിട്ടില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ.സുധാകര്‍ പറഞ്ഞു. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫാണെന്നും വിലാസം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക