Image

സന്ദീപ് വധക്കേസ്: പ്രതികള്‍ ബി.ജെ.പിക്കാര്‍, ആക്രമിച്ചത് കൊല്ലാന്‍ വേണ്ടിയെന്ന് എഫ്.ഐ.ആര്‍

Published on 03 December, 2021
 സന്ദീപ് വധക്കേസ്: പ്രതികള്‍ ബി.ജെ.പിക്കാര്‍, ആക്രമിച്ചത് കൊല്ലാന്‍ വേണ്ടിയെന്ന് എഫ്.ഐ.ആര്‍

പത്തനംതിട്ട: തിരുവല്ലയിലെ സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തില്‍ പ്രതികള്‍ ബിജെപി പ്രവര്‍ത്തകരെന്ന് പോലീസ് എഫ്‌ഐആര്‍. സന്ദീപിനെ ആക്രമിച്ചത് കൊല്ലാന്‍ വേണ്ടി തന്നെ ആണെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. കൊലപാതകം രാഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തി വൈരാഗ്യമെന്നുമായിരുന്നു നേരത്തെ പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ പ്രതികള്‍ ബിജെപി പ്രവര്‍ത്തകരെന്നാണ് പുറത്തു വന്ന എഫ്‌ഐആഫില്‍ വ്യക്തമാക്കുന്നത്.


സന്ദീപിന്റെ കൊലപാതകത്തിന് പിന്നാലെ ഇതൊരു രാഷ്ട്രീയ കൊലപാതകമാണെന്ന് സിപിഎം നേതൃത്വം പറഞ്ഞിരുന്നു. എന്നാല്‍ ജില്ലാ പോലീസ് സൂപ്രണ്ട് അടക്കമുള്ള ആളുകള്‍ സംഭവത്തില്‍ രാഷ്ട്രീയപരമായ ബന്ധം തള്ളുകയും മുന്‍വൈരാഗ്യമാണ് കാരണമെന്നുമായിരുന്നു വ്യക്തമാക്കിയിരുന്നത്.

പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്നതിന് തൊട്ടു മുമ്പ് പുറത്തുവന്ന എഫ്‌ഐആറിലാണ് ഇപ്പോള്‍ പ്രതികളുടെ രാഷ്ട്രീയം വ്യക്തമാക്കുന്നത്. ബിജെപി പ്രവര്‍ത്തകരായ അഞ്ചു പേര്‍ക്ക് സിപിഎം പ്രവര്‍ത്തകനായ സന്ദീപിനോട് വൈരാഗ്യമുണ്ടായിരുന്നു. ഇത് കണക്കിലെടുത്ത് മുന്‍കൂട്ടി കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോട് കൂടി 
മാരകായുധങ്ങളുമായെത്തി ആസൂത്രിതമായി ആക്രമിച്ച് മുറിവേല്‍പ്പിച്ചു കൊലപ്പെടുത്തി എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

പ്രതികള്‍ക്കെതിരെ അന്യായമായ സംഘം ചേരല്‍, കൊലപാതകം, വധഭീഷണി തുടങ്ങിയ എട്ടു വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക