Image

പ്രവാസികൾക്ക് ടോൾഫ്രീ ഗ്ലോബൽ ഹെൽപ്പ് ലൈൻ വേണമെന്ന് ആക്ടിവിസ്റ്റ് പ്രേം ഭണ്ഡാരി

Published on 04 December, 2021
പ്രവാസികൾക്ക് ടോൾഫ്രീ ഗ്ലോബൽ ഹെൽപ്പ് ലൈൻ വേണമെന്ന് ആക്ടിവിസ്റ്റ് പ്രേം ഭണ്ഡാരി

വാഷിംഗ്ടൺ, ഡിസംബർ 3: ലോകമെമ്പാടുമുള്ള  ഇന്ത്യൻ പ്രവാസികൾക്കായി ഒരു ടോൾ- ഫ്രീ ഗ്ലോബൽ ഹെൽപ്പ് ലൈൻ സ്ഥാപിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകത  പ്രമുഖ ഇന്ത്യൻ-അമേരിക്കൻ കമ്മ്യൂണിറ്റി ആക്ടിവിസ്റ്റ് പ്രേം ഭണ്ഡാരി മുന്നോട്ടു വച്ചു. 
ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിൽ വിസ അപേക്ഷകയോട് ഉദ്യോഗസ്ഥൻ  ആക്രോശിച്ച സംഭവത്തെത്തുടർന്നാണ് 32 മില്യണിലധികം വരുന്ന ഇന്ത്യൻ പ്രവാസികൾക്ക് ടോൾ-ഫ്രീ ഹെല്പ്ലൈൻ തുടങ്ങുന്ന ആശയം മുന്നോട്ട് വച്ചിരിക്കുന്നത്. അങ്ങനൊരു നമ്പർ വന്നാൽ,   ഇന്ത്യൻ പ്രവാസികൾക്ക്  ഭയമില്ലാതെ വിളിക്കാനും സഹായം തേടാനും  കഴിമെന്നും കമ്മ്യൂണിറ്റി 
ആക്ടിവിസ്റ്റ് വിശദീകരിച്ചു.
 വിസ  അപേക്ഷയുമായി എത്തിയ  വനിതയോട് ഉദ്യോഗസ്ഥൻ കയർത്തുസംസാരിക്കുന്നതിന്റെ  ഹ്രസ്വ വീഡിയോ  വൈറലാകുകയും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ലക്ഷക്കണക്കിന് ആളുകൾ കാണുകയും ചെയ്തതോടെ കോൺസുലേറ്റ് ജനറൽ,  അയാൾക്കെതിരെ  അച്ചടക്ക നടപടി സ്വീകരിച്ചു.
അപേക്ഷ സമർപ്പിച്ച  സ്ത്രീക്ക്, ഒടുവിൽ പിതാവിന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ ഇന്ത്യയിലേക്ക് പോകാനുള്ള വിസ ലഭിച്ചു.
    ഒട്ടുമിക്ക രാജ്യങ്ങളിലെയും ഇന്ത്യൻ എംബസികളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് പ്രേം ഭണ്ഡാരി പറഞ്ഞു.
ന്യൂയോർക്ക് നിവാസിയായ  ഭണ്ഡാരി  വർഷങ്ങളായി വിസ-പാസ്‌പോർട്ട് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് നടത്തുന്നയാളാണ്. ഇന്ത്യൻ എംബസി  ഉദ്യോഗസ്ഥർക്ക്, അവരുടെ അടുക്കൽ വരുന്ന ആളുകളുമായി ഇടപഴകാൻ ഉചിതമായ പരിശീലനം ലഭിച്ചിട്ടില്ലെന്ന് ഭണ്ഡാരി അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ  കീഴിൽ കഴിഞ്ഞ വർഷങ്ങളിൽ കാര്യങ്ങൾ വളരെയധികം മെച്ചപ്പെട്ടെങ്കിലും എംബസിയിലെ പെരുമാറ്റവുമായി ബന്ധപ്പെട്ട  നിരവധി പരാതികളാണ് ദിവസവും  ലഭിക്കുന്നതെന്നും, ന്യൂയോർക്ക് കോൺസുലേറ്റിലും ഇതുതന്നെയാണ് സ്ഥിതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 വൈറലായ ദൃശ്യത്തിൽ,  ന്യൂയോർക്ക്  ഇന്ത്യൻ കോൺസുലേറ്റിലെ വിസ ഓഫീസറുടെ പെരുമാറ്റം  മാപ്പർഹിക്കുന്നില്ലെന്നും, നയതന്ത്രജ്ഞർ  ഇത് ആവർത്തിക്കാതിരിക്കാൻ ഇന്ത്യൻ സർക്കാർ നടപടികൾ കൈക്കൊള്ളേണ്ടത് പ്രധാനമാണെന്നും ഭണ്ഡാരി വിലയിരുത്തി.
വിസ, പാസ്‌പോർട്ട് സംവിധാനങ്ങൾ, ഒസിഐ കാർഡുകൾ എന്നിവ ലഘൂകരിക്കുന്നതുൾപ്പെടെ ഇന്ത്യൻ പ്രവാസികൾക്കായി മോഡി  വളരെയധികം കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും  ഇന്ത്യൻ പ്രധാനമന്ത്രിയിൽ നിന്ന് കൂടുതൽ കാര്യങ്ങൾ  പ്രതീക്ഷിക്കുന്നുണ്ടെന്നും   അദ്ദേഹം വ്യക്തമാക്കി.

വിസ അപേക്ഷകയോട് തട്ടിക്കയറി കോൺസുലേറ്റ് ഉദ്യോഗസ്ഥൻ (ഇത് നാണക്കേട്)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക