Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 05 December, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച (ജോബിന്‍സ്)
നാഗാലാന്‍ഡില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് 12 ഗ്രാമീണര്‍ കൊല്ലപ്പെട്ടു. മോണ്‍ ജില്ലയിലാണ് സംഭവം. ട്രക്കില്‍ സഞ്ചരിക്കുകയായിരുന്ന ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവം സംബന്ധിച്ച് നാഗാലാന്‍ഡ് സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ആക്രമണത്തിനെത്തിയ വിഘടനവാദികളെന്ന് സംശയിച്ചായിരുന്നു സൈന്യം ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഖനിയിലെ ജോലി കഴിഞ്ഞ് വീടുകളിലേയ്ക്ക് ട്രക്കില്‍ മടങ്ങുകയായിരുന്ന ആളുകള്‍ക്ക് നേരെയായിരുന്നു സൈന്യം വെടിയുതിര്‍തത്തത്.
*****************************
വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് നാഗാലാന്‍ഡില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 12 പേര്‍ കൊല്ലപ്പട്ട സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. നാഗാലാന്‍ഡില്‍ എന്താണ് യഥാര്‍ത്ഥത്തില്‍  സംഭവിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. പൗരന്മാരും ജവാന്മാരും സുരക്ഷിതരല്ലാത്ത നാട്ടില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
********************************
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. ആരോഗ്യ ഡയറക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പൊതുജനാരോഗ്യ നിയമത്തിന്റെ 8, 54(1) വകുപ്പുകള്‍ പ്രകാരമാണ് ഉത്തരവ്. രാജ്യത്ത് നിയമം മൂലം കൊവിഡ് വാക്സീന്‍ നിര്‍ബന്ധമാക്കുന്ന ഉത്തരവ് ഇതാദ്യമാണ്.
********************************
അനുമതിയില്ലാതെ ഇനി വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തരുതെന്ന് സംസ്ഥാനത്തെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം, ആരോഗ്യവകുപ്പ് ഡയറക്ടറാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കുലര്‍ ഇറക്കിയത്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പൊതുവായ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെയ്ക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. മുന്‍കൂര്‍ അനുമതിയില്ലാതെ ഒരു വിവരങ്ങളും മാധ്യമങ്ങള്‍ക്കു കൈമാറെരുതെന്നാണ് പ്രധാന നിര്‍ദ്ദേശം.
**********************************
തിരുവനന്തപുരം വിഴിഞ്ഞത്ത് ലഹരി പാര്‍ട്ടിയില്‍ എക്സൈസിന്റെ റെയ്ഡ്. കാരക്കാട്ട് റിസോര്‍ട്ടില്‍  നടന്ന ലഹരി പാര്‍ട്ടിയില്‍   എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തി ഹഷീഷ് ഓയില്‍, എംഡിഎംഎ തുടങ്ങിയവ പിടിച്ചെടുത്തു. റേവ് പാര്‍ട്ടി സംഘടിപ്പിച്ചെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. 4 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 'നിര്‍വാണ' എന്ന കൂട്ടായ്മയാണ് ലഹരി പാര്‍ട്ടി സംഘടിപ്പിച്ചത്.
***********************************
രാജ്യത്ത് ഒമൈക്രോണ്‍ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. ഡല്‍ഹിയിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ടാന്‍സാനിയയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ആള്‍ക്കാണ് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം, ഗുജറാത്തിലും മഹാരാഷ്ട്രയിലും ഒന്നുവീതവും കര്‍ണ്ണാടകയില്‍ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
**********************************
കൊല്ലപ്പെട്ട സി.പി.ഐ.എം പെരിങ്ങ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപിന്റെ കുടുംബം അനാഥരാകില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സന്ദീപിന്റെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു കോടിയേരിയുടെ പ്രതികരണം.'ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും കുടുംബത്തിന് വേണ്ടി സാധിക്കുന്നതെല്ലാം ചെയ്യുമെന്നും കോടിയേരി പറഞ്ഞു.
*********************************
കൊച്ചിയില്‍ ലാത്വിയന്‍ സ്വദേശിനിയുടെ കൊലപാതകത്തില്‍ വിചാരണ 10 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഉത്തരവ്. തിരുവനന്തപുരം പ്രിന്‍പ്പല്‍ സെഷന്‍സ് കോടതിക്കാണ് ഇതു സംബന്ധിച്ച നിര്‍ദേശം ഹൈക്കോടതി കൈമാറിയത്. കൊല്ലപ്പെട്ട യുവതിയുടെ സഹോദരി സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. സംഭവം നടന്ന് 3 വര്‍ഷം കഴിഞ്ഞിട്ടും കേസ് വിചാരണ കഴിയാത്തതിനെ തുടര്‍ന്നാണ് കൊല്ലപ്പെട്ട യുവതിയുടെ സഹോദരി ഹൈക്കോടതിയെ സമീപിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക