Image

വാക്സിനേഷൻ നിരക്ക് വർദ്ധിപ്പിക്കുന്നത് ഒമിക്രോൺ വ്യാപനം തടഞ്ഞേക്കും

Published on 05 December, 2021
വാക്സിനേഷൻ നിരക്ക് വർദ്ധിപ്പിക്കുന്നത് ഒമിക്രോൺ  വ്യാപനം തടഞ്ഞേക്കും
ന്യൂയോർക്ക്: ന്യൂയോർക്ക് മുതൽ ഹവായ് വരെ അമേരിക്കയിലെ  പല സംസ്ഥാനങ്ങളിലും  ഒമിക്രോൺ  വേരിയന്റിന്റെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ, സമൂഹ വ്യാപനം തടയേണ്ടത്  അനിവാര്യമാണെന്നും  വാക്സിനേഷൻ നിരക്ക് ഉയർത്തുന്നത്  വൈറസിനെ തടയുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്നും യുഎസ് ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.
ന്യൂയോർക്ക്, കാലിഫോർണിയ, ഹവായ്, മിനസോട്ട, കൊളറാഡോ എന്നീ അഞ്ച് യുഎസ് സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ആദ്യം  ഒമിക്രോൺ വേരിയന്റ് കണ്ടെത്തിയത്.  കുറഞ്ഞത് 10 കേസുകളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും കമ്മ്യൂണിറ്റിയിൽ വകഭേദം വ്യാപിക്കാൻ തുടങ്ങിയിട്ടുണ്ടെന്നുമാണ് വിവരം.
ആശങ്കാജനകമായ പുതിയ വേരിയന്റിനെ അഭിമുഖീകരിക്കുന്നതിന്റെ ഭാഗമായി പ്രായപൂർത്തിയായ എല്ലാവരും ബൂസ്റ്ററുകൾ സ്വീകരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ 
നിർദ്ദേശിച്ചു. ടെസ്റ്റിംഗ് ലഭ്യത വിപുലീകരിക്കുമെന്നതും  പരിശോധനാചിലവ് കുറയ്ക്കുമെന്നതും ഉൾപ്പെടെ നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്.

വ്യാഴാഴ്ച, ന്യൂയോർക്കിൽ ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ച ശേഷം നടത്തിയ പത്രസമ്മേളനത്തിൽ,   ഗവർണർ കാത്തി ഹോക്കലും  മേയർ ബിൽ ഡി ബ്ലാസിയോയും ജനങ്ങൾ  പരിഭ്രാന്തരാകരുതെന്നും ബൂസ്റ്റർ ഷോട്ടുകൾ എടുത്ത് പ്രതിരോധം തീർക്കണമെന്നും അറിയിച്ചു. ഈ വേരിയന്റ് സംസ്ഥാനത്തിന് എത്രത്തോളം ഭീഷണി ഉയർത്തുമെന്ന് അറിയാൻ അധികം  വൈകാതെ സാധിക്കുമെന്നും  അവർ പറഞ്ഞു.

അതിർത്തികൾ അടയ്ക്കുന്നത് സമയനഷ്ടത്തിനും ജനങ്ങളുടെ ക്ലേശത്തിനും ഇടയാക്കുമെന്നല്ലാതെ വൈറസിനെ നേരിടാൻ പര്യാപ്തമായ മാർഗ്ഗമല്ലെന്നും വാക്സിൻ നിരക്ക് ഉയർത്തിയും മാസ്ക് ധരിച്ചും വേണം വ്യാപനം നിയന്ത്രിക്കാണെന്നും ലോകാരോഗ്യ സംഘടനയുടെ വെസ്റ്റേൺ പസിഫിക് ഡയറക്ടർ ടാകേശി കസായി അഭിപ്രായപ്പെട്ടു.

   ദക്ഷിണാഫ്രിക്കയിലെ  2.8 മില്യൺ പോസിറ്റീവ് കൊറോണ വൈറസ് സാമ്പിളുകൾ  വിശകലനം ചെയ്തതിൽ നിന്ന്  ബീറ്റ, ഡെൽറ്റ തുടങ്ങിയ മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് മൂന്ന് മടങ്ങ് കൂടുതൽ വ്യാപനശേഷിയുണ്ടെന്ന് രാജ്യത്തെ ശാസ്ത്രജ്ഞർ വ്യക്തമാക്കി. ഇതിൽ 35,670 പേർക്ക്  വീണ്ടും കോവിഡ് ബാധിച്ചതായും സംശയിക്കുന്നു.

പുതിയ  വേരിയന്റ് ഉയർത്തുന്ന ആശങ്കകൾ  കൂടുതൽ ആളുകളെ വാക്സിനേഷൻ എടുക്കാൻ പ്രേരിപ്പിക്കുന്നുവെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ  പറഞ്ഞു. യുഎസ് റീട്ടെയിൽ ഫാർമസികളിൽ കോവിഡ് വാക്സിനുകൾ അന്വേഷിച്ചെത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നും, ഡോസുകൾക്കായി ദിവസങ്ങളോ ആഴ്ചകളോ കാത്തിരിക്കേണ്ടിവരുന്നു എന്നും റിപ്പോർട്ടുണ്ട്. വർദ്ധിച്ചുവരുന്ന ആവശ്യക്കാർക്ക് ഡോസ് ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങൾ മെച്ചപ്പെടുത്തുമെന്ന് പ്രാദേശിക ആരോഗ്യ അധികൃതർ പറയുന്നു.ജീവനക്കാരുടെ ക്ഷാമവും വെല്ലുവിളി ഉയർത്തുന്നുണ്ട്. അപ്പോയിന്റ്മെന്റ് എടുക്കാതെ  ആളുകളെ ഉൾക്കൊള്ളാൻ കഴിയാത്ത സാഹചര്യമാണ് മിക്ക ഇടങ്ങളിലും ഉള്ളത്.

ലക്ഷക്കണക്കിന് അമേരിക്കക്കാരാണ് ബൂസ്റ്റർ ഷോട്ടുകൾ സ്വീകരിക്കാൻ  അർഹത നേടിയിരിക്കുന്നത്.
 നവംബറിൽ ഫെഡറൽ ഹെൽത്ത് ഉദ്യോഗസ്ഥർ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ വാക്സിൻ ഉപയോഗിക്കാൻ ശുപാർശ ചെയ്തതും വ്യാപനം കുറയ്ക്കുമെന്ന് കരുതുന്നു. 

സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (സിഡിസി) കണക്കനുസരിച്ച്, നവംബർ 17 വരെയുള്ള ഏഴ് ദിവസത്തെ കാലയളവിൽ  ശരാശരി 1.5 മില്യൺ ഡോസുകൾ  ഒരു ദിവസംകൊണ്ട് യു എൻ  വിതരണം ചെയ്തിട്ടുണ്ട്.
നിരവധി കമ്പനികളുടെ  വാക്‌സിനുകളും  ബൂസ്റ്റർ ഷോട്ട് കോമ്പിനേഷനുകളും കൊറോണ വൈറസിനെതിരെ സംരക്ഷണം വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും ഇവയിൽ,mRNA സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള  ഫൈസറിന്റെയും മോഡേണയുടെയും ഷോട്ടുകൾ  കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിച്ചേക്കാമെന്നാണ്  പുതിയ പഠനം പറയുന്നത്.
 'മിക്സ് ആൻഡ് മാച്ച്' ബൂസ്റ്റർ ഷോട്ടുകളും മികച്ച ഫലപ്രാപ്തി കാണിക്കുന്നുണ്ടെന്നാണ്  വിലയിരുത്തൽ.

ബ്രിട്ടീഷ് ജേണലായ ലാൻസെറ്റിൽ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിൽ , ഓക്സ്ഫോർഡ്-ആസ്ട്രസെനെക്ക വാക്സിൻ സ്വീകരിച്ചവരിലും  ഫൈസർ,മോഡേണ   വാക്സിൻ ഉപയോഗിച്ചവരിലുമുള്ള  പ്രതിരോധം പരിശോധിച്ചാണ് വിലയിരുത്തൽ.
 ഒമിക്രോൺ കോവിഡ് വേരിയന്റിനെ നേരിടാൻ നിലവിലെ  വാക്സിനുകൾക്കാകുമോ എന്ന്  വേഗത്തിൽ വിലയിരുത്തുന്നതിന് ആവശ്യമായ പഠനങ്ങൾക്കും ഡാറ്റയ്ക്കും മാർഗ്ഗനിർദ്ദേശങ്ങൾ എഫ്ഡിഎ  നൽകിയിട്ടുണ്ടെന്ന്  റിപ്പോർട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക