Image

ക്രിസ്ത്യാനികൾക്കെതിരെ  ഇന്ത്യയിൽ  വ്യാപകമാകുന്ന പീഡനങ്ങൾ കോൺഗ്രഷണൽ  ബ്രീഫിംഗിൽ തുറന്നുകാട്ടി

Published on 06 December, 2021
ക്രിസ്ത്യാനികൾക്കെതിരെ  ഇന്ത്യയിൽ  വ്യാപകമാകുന്ന പീഡനങ്ങൾ കോൺഗ്രഷണൽ  ബ്രീഫിംഗിൽ തുറന്നുകാട്ടി

വാഷിംഗ്ടൺ, ഡിസി:  ക്രിസ്ത്യാനികൾക്കെതിരായി ഇന്ത്യയിൽ വ്യാപകമായി വർദ്ധിച്ചുവരുന്ന അതിക്രമങ്ങളും പീഡനങ്ങളും  കോൺഗ്രസ് ബ്രീഫിംഗിൽ  അവതാരകർ തുറന്നുകാട്ടി. ദേവാലയങ്ങൾക്കും വിശ്വാസികൾക്കും നേരെയുണ്ടാകുന്ന  അക്രമം തടയാൻ നടപടികൾ കൈക്കൊള്ളണമെന്നും  ഇന്ത്യയിലെ  രാഷ്ട്രീയ നേതാക്കൾക്കു  ഉപരോധം ഏർപ്പെടുത്തണമെന്നും  ആവശ്യം  ഉയർന്നു.

ആംനസ്റ്റി ഇന്റർനാഷണൽ യു.എസ്.എ., 21  വിൽബർഫോഴ്‌സ്‌,  ഹിന്ദുസ് ഫോർ ഹ്യുമൻ റൈറ്സ്, ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ, ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ,  ദളിത് സോളിഡാരിറ്റി ഫോറം, ന്യു യോർക്ക് സ്റ്റേറ്റ് കൗൺസിൽ ഓഫ് ചർച്ചസ്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ അസോസിയേഷൻസ് ഓഫ് നോർത്ത് അമേരിക്ക, ഇന്ത്യ സിവിൽ വാച്ച് ഇന്റർനാഷനൽ, സ്റ്റുഡന്റസ് അഗന്സ്റ് ഹിന്ദുത്വ ഐഡിയോളജി, സെന്റർ ഫോർ പ്ലൂറലിസം, അമേരിക്കൻ മുസ്ലിം ഇന്സ്ടിട്യൂഷൻ, ഇന്റർനാഷണൽ സൊസൈറ്റി ഫോർ പീസ് ആൻഡ് ജസ്റ്റീസ്, അസോസിയേഷൻ ഓഫ് ഇന്ത്യൻ മുസ്ലിംസ് ഓഫ് അമേരിക്ക തുടങ്ങിവയാണ് കോൺഗ്രഷണൽ ബ്രീഫിംഗിൽ പങ്കെടുത്തത്.

അന്താരാഷ്ട്ര സമ്മർദമില്ലാതെ ഇത്തരം അതിക്രമങ്ങൾ നിർത്തുക സാധ്യമല്ലെന്ന്  എ ഡി എഫ് ഇന്റർനാഷണലിന്റെ ഗ്ലോബൽ റിലീജിയസ് ഫ്രീഡം ലീഗൽ കൗൺസൽ സീൻ നെൽസൺ അഭിപ്രായപ്പെട്ടു. ഇതിനായി   കോൺഗ്രസ് അംഗങ്ങളുടെയും  ഇന്ത്യ  ഗവൺമെന്റുമായി സ്വാധീനമുള്ള ആളുകളുടെയും പിന്തുണ  ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡിസംബർ 9, 10 തീയതികളിൽ ബൈഡൻ  ഭരണകൂടം ആതിഥേയത്വം വഹിക്കുന്ന ജനാധിപത്യത്തിനായുള്ള ഉച്ചകോടിയിൽ , ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ്  ഉപദേശകൻ . ഇന്ത്യയിൽ തുടരുന്ന മതപരമായ അക്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് യുഎസ് സർക്കാർ അദ്ദേഹത്തോട് വ്യക്തമായി പറയണമെന്ന്  ഇന്ത്യൻ അമേരിക്കൻ മുസ്ലീം കൗൺസിൽ എക്സിക്യൂട്ടീവ് ഡയറക്ടർ റഷീദ് അഹമ്മദ് പറഞ്ഞു.

ഇന്ത്യയിലെ എല്ലാ മതന്യൂനപക്ഷങ്ങൾക്കെതിരെയും  അക്രമങ്ങൾ   വർദ്ധിച്ചുവരുന്നതിനെക്കുറിച്ച്  ഉദ്യോഗസ്ഥരെ ബോധവത്കരിക്കാൻ പ്രാദേശിക സർക്കാർ തലത്തിൽ പ്രസ്ഥാനങ്ങൾ ആരംഭിക്കാൻ അമേരിക്കക്കാരോട് അദ്ദേഹം  അഭ്യർത്ഥിക്കുകയും ചെയ്തു.

കോവിഡിന്  ഇരയായവർക്കായി പൊതു പ്രാർത്ഥന നടത്തിയതിന് ക്രിസ്ത്യാനികളെ കല്ലെറിയുകയും മർദിക്കുകയും ചെയ്ത സംഭവം വിവരിക്കുന്ന  ഒരു ഗ്രാഫിക് വീഡിയോ, വെബിനാറിനിടെ  ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ പ്രസിഡന്റ് ജെഫ് കിംഗ് പ്രദർശിപ്പിച്ചു.

ഇത്  ക്രിസ്ത്യാനികളെയോ   മുസ്ലീങ്ങളെയോ മാത്രം ബാധിക്കുന്ന കാര്യമല്ലെന്നും, ഇന്ത്യയിൽ എല്ലാ ന്യൂനപക്ഷ മതങ്ങൾക്കുമെതിരെ വ്യാപകമായ പീഡനവും വിവേചനവും ഗണ്യമായും  ഭീകരമായും  വർദ്ധിച്ചുവരുന്നതിന്റെ ഉദാഹരണമാണെന്നും കിംഗ് വ്യക്തമാക്കി.

അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യുഎസ് കമ്മീഷൻ, ഇന്ത്യയെ രണ്ടുതവണ പ്രത്യേക ഉത്കണ്ഠയുള്ള രാജ്യമായി പ്രഖ്യാപിക്കണമെന്ന്  ശുപാർശ ചെയ്തിട്ടുണ്ടെന്നും, ഇത് വളരെ ഗുരുതരമായ ഒരു പ്രശ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനെതിരെ യു എസ്  കോൺഗ്രസ്   നടപടിയെടുക്കേണ്ടതുണ്ടെന്നും കിംഗ് പറഞ്ഞു.

 ക്രിസ്ത്യാനികളെയും  മറ്റ് ന്യൂനപക്ഷ മതങ്ങളിലെ അംഗങ്ങളെയും, മനഃപൂർവം ഭീഷണിപ്പെടുത്തുകയും വീടുകൾ കടന്ന്  അക്രമിക്കുകയും ദേവാലയം  അശുദ്ധമാക്കുകയും ചെയ്യുന്നതും  വിവേചനപരമായി  ഉണ്ടാക്കിയ ദേശീയ നിയമങ്ങളുടെ  നീണ്ട പട്ടികയും പ്രഭാഷകർ വിശദീകരിച്ചു.

ആളുകൾ ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നത് പരിമിതപ്പെടുത്തുന്നതിനോ നിരോധിക്കുന്നതിനോ വേണ്ടി രൂപകൽപ്പന ചെയ്ത മതപരിവർത്തന വിരുദ്ധ നിയമങ്ങൾ, നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ പുരോഹിതന്മാർക്കെതിരെ ആൾക്കൂട്ട ആക്രമണത്തിലേക്ക് നയിക്കുന്നതും ചർച്ചചെയ്തു. സ്വമേധയാ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്  പലപ്പോഴും അതിനുള്ള അവകാശം നിഷേധിക്കപ്പെടുന്നു 

ക്രിസ്തീയമതവിശ്വാസത്തെ  നിയമവിരുദ്ധമാക്കുന്ന  ഓർഡിനൻസ് പ്രാദേശിക ഭരണകൂടങ്ങൾ  കൊണ്ടുവരുന്നതിലെ ആശങ്കയും പങ്കുവച്ചു. പൊതുകിണറുകളിൽ നിന്ന്  വെള്ളമെടുക്കന്നതിന്  ക്രിസ്ത്യാനികളെ വിലക്കുന്ന പ്രാദേശിക നിയന്ത്രണങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠയും ചർച്ചചെയ്തു.

ക്രിസ്ത്യാനികൾ നടത്തുന്ന  ബിസിനസ്സുകൾ  സാമൂഹിക ബഹിഷ്‌കരണങ്ങൾ നേരിടുന്നതും വെബിനാർ ശ്രദ്ധയിൽപ്പെടുത്തി. ഇന്ത്യയിലെ ക്രിസ്ത്യൻ സംഘടനകൾക്കുള്ള സാമ്പത്തിക സഹായം പരിമിതപ്പെടുത്തുകയും നിരോധിക്കുകയും ചെയ്യുന്ന ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ടിനെക്കുറിച്ചും സംസാരിച്ചു.

പള്ളികളിലെ ആൾക്കൂട്ട ആക്രമണം തടയാൻ പോലീസിനെ വിളിക്കുമ്പോൾ, ക്രിസ്ത്യാനികൾ പലപ്പോഴും അറസ്റ്റുചെയ്യപ്പെടുകയും അവരുടെ പള്ളികൾ പൂട്ടിയിടുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്നും ചിലർ പറഞ്ഞു. ക്രിസ്ത്യൻ കുടുംബങ്ങളെ  അവരുടെ വീടുകളിൽ നിന്ന് ആട്ടിയോടിക്കുന്നുവെന്നും  പലപ്പോഴും കാട്ടിൽ അഭയം തേടേണ്ടി വരുന്നെന്നുമുള്ള ഉദാഹരണങ്ങളും ചർച്ചചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക