Image

പ്രതിദിന  കോവിഡ് കേസുകൾ 1 ലക്ഷം കടക്കുന്നത് രണ്ടുമാസങ്ങൾക്കിടയിൽ ആദ്യം 

Published on 06 December, 2021
പ്രതിദിന  കോവിഡ് കേസുകൾ 1 ലക്ഷം കടക്കുന്നത് രണ്ടുമാസങ്ങൾക്കിടയിൽ ആദ്യം 

 വാഷിംഗ്ടൺ:  രണ്ട് മാസത്തിനിടെ ആദ്യമായി, യുഎസിൽ പ്രതിദിന കോവിഡ് കേസുകളുടെ  ശരാശരി 100,000 കടന്നതായി റിപ്പോർട്ട്. താങ്ക്സ്ഗിവിംഗ് അവധിക്ക് ജനങ്ങൾ മുന്നറിയിപ്പുകൾ അവഗണിച്ച്  യാത്ര ചെയ്തതാകാം കേസുകളിൽ വർദ്ധനവുണ്ടാക്കിയതെന്നാണ് നിഗമനം.
ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റിയുടെ (ജെഎച്ച്‌യു) കണക്കുകൾ പ്രകാരം ശനിയാഴ്ച വരെ കോവിഡ്  കേസുകളുടെ ഏഴ് ദിവസത്തെ  ശരാശരി 121,437 ആയിരുന്നു. ഇതിനു  മുമ്പ്, ഒക്‌ടോബർ ആദ്യവാരമായിരുന്നു  കേസുകൾ  100,000 എന്ന നിരക്കിൽ അവസാനമായി എത്തിയിരുന്നത്.
ഒമിക്രോൺ വേരിയന്റ് കേസുകൾ  16   സംസ്ഥാനങ്ങളിൽ കണ്ടെത്തിയെങ്കിലും ഡെൽറ്റ തന്നെയാണ് ഇപ്പോഴും ആധിപത്യം പുലർത്തുന്നത്.
കോവിഡ് മരണങ്ങളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ശനിയാഴ്ച വരെ ഏഴ് ദിവസത്തെ ശരാശരി മരണനിരക്ക്  1,651 ആയിരുന്നു.ഒരു മാസത്തിലേറെയായി പ്രതിദിന  മരണങ്ങൾ ഇത്രയും ഉയർന്നിരുന്നില്ല.

ബുധനാഴ്ച കാലിഫോർണിയയിലാണ് അമേരിക്കയിലെ  ആദ്യ ഒമിക്രോൺ  കേസ് കണ്ടെത്തിയത്, വാരാന്ത്യത്തോടെ  കൊളറാഡോ, കണക്റ്റിക്കട്ട്, ഹവായ്, ലൂസിയാന, മേരിലാൻഡ്, മസാച്ചുസെറ്റ്സ്, മിനസോട്ട, മിസോറി, നെബ്രാസ്ക, ന്യൂജേഴ്സി, ന്യൂയോർക്ക്, പെൻസിൽവാനിയ, യൂട്ടാ, വാഷിംഗ്ടൺ, വിസ്കോൺസിൻ എന്നിവിടങ്ങളിലും പുതിയ വേരിയന്റിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു.
ആദ്യകാല സൂചനകൾ  അനുസരിച്ച്, മറ്റു സ്‌ട്രെയിനേക്കാൾ കൂടുതൽ വ്യാപനശേഷി കണക്കാക്കുന്നതിനാൽ ഒമിക്രോൺ വകഭേദം ആരോഗ്യ  ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നു. ഗണ്യമായ  മ്യൂട്ടേഷനുകൾ  നടന്നിട്ടുള്ളതിനാൽ ,നിലവിലെ വാക്സിനുകൾക്ക് ഇതിനെതിരെയുള്ള  ഫലപ്രാപ്തി സംബന്ധിച്ച ആശങ്കയും നിലനിൽക്കുന്നു.  

പാൻഡെമിക്കിന്റെ ആരംഭകാലത്തെ അപേക്ഷിച്ച് പുതിയ വേരിയന്റിനെ നേരിടാൻ യുഎസ് ഇപ്പോൾ കൂടുതൽ സജ്ജമാണെന്ന് യുഎസ് സർജൻ ജനറൽ ഡോ. വിവേക് മൂർത്തി വ്യക്തമാക്കി.
ഒരു വർഷം മുമ്പുണ്ടായിരുന്നതിനേക്കാൾ  ഒരുപാട് കാര്യങ്ങൾ രാജ്യം പഠിച്ചു എന്നും വാക്സിനുകൾ ഈ പോരാട്ടത്തിൽ ഏറെ സഹായകമാകുമെന്നും മൂർത്തി പറഞ്ഞു.
 കൂടുതൽ ടെസ്റ്റുകൾ നടത്തണമെന്നും  വാക്സിനേഷൻ നിരക്ക് ഇരട്ടിയാക്കുമെന്നും മൂർത്തി കൂട്ടിച്ചേർത്തു.
 ശാരീരിക അകലം പാലിക്കുന്നതിനൊപ്പം മാസ്കുകൾ ധരിക്കണമെന്നും  കൈ ശുചിത്വം  ഉൾപ്പെടെയുള്ള ലഘൂകരണ ശ്രമങ്ങൾ സംരക്ഷണം നൽകുന്നതിൽ ഫലപ്രദമാണെന്നും  സർജൻ ജനറൽ ഊന്നിപ്പറഞ്ഞു.
യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (സിഡിസി) ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്,  യുഎസിലെ ജനസംഖ്യയുടെ 60% ആളുകൾക്ക്  പൂർണ്ണമായും വാക്സിനേഷൻ ലഭിച്ചിട്ടുണ്ട്, അവരിൽ 23% പേർക്ക് ബൂസ്റ്റർ ലഭിച്ചിട്ടുണ്ട്.
ഒമിക്രോൺ വേരിയന്റ്  യുഎസിൽ പ്രബലമായ സ്‌ട്രെയിൻ ആകാനുള്ള സാധ്യതയുണ്ടെങ്കിലും,നിലവിലെ കൊറോണ വൈറസ് കേസുകളിൽ 99.9 ശതമാനവും ഡെൽറ്റ വേരിയന്റ് മൂലമാണെന്ന് സിഡിസിയുടെ ഡയറക്ടർ ഡോ. റോഷെൽ വാലെൻസ്‌കി പറഞ്ഞു.
യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസിൽ നിന്നുള്ള കണക്കുകൾ പ്രകാരം, 59,000-ത്തിലധികം അമേരിക്കക്കാരെ  കോവിഡ്  ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്നാഴ്ചയിലേറെയായി ആശുപത്രിയിൽ പ്രവേശനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ഡെൽറ്റ വേരിയൻറ് മിക്ക രാജ്യങ്ങളിലെയും മറ്റ് വകഭേദങ്ങളെ മറികടന്നുവെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
അവധി ദിവസങ്ങളിൽ യാത്ര ചെയ്യുന്നതിൽ തെറ്റില്ലെന്നും  പ്രതിരോധ കുത്തിവയ്പ്പുകളും ബൂസ്റ്റും സ്വീകരിക്കണമെന്നും ഡോ. ആന്റണി ഫൗച്ചി  ഈ ആഴ്ച ആദ്യം പറഞ്ഞിരുന്നു.
വാക്സിനേഷൻ ലഭിച്ചവർ, കുടുംബത്തോടൊപ്പം അവധിക്കാലം ആസ്വദിക്കാനാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് ഡയറക്ടർ ഫൗച്ചി ഇപ്പോഴും പറയുന്നത്.
അന്താരാഷ്‌ട്ര യാത്രികർക്ക് , യുഎസിലേക്ക് പുറപ്പെട്ട് ഒരു ദിവസത്തിനുള്ളിൽ കോവിഡ് പരിശോധന നെഗറ്റീവ് ആയതിന്റെ രേഖ തിങ്കളാഴ്ച മുതൽ ആവശ്യമായി വരുമെന്ന് ബൈഡൻ  ഭരണകൂടം വ്യാഴാഴ്ച പ്രഖ്യാപിച്ചു. മുമ്പ് രാജ്യത്ത് പ്രവേശിക്കുന്നതിന് മൂന്ന് ദിവസത്തിനുള്ളിലെടുത്ത ടെസ്റ്റ് റിസൾട്ട് മതിയായിരുന്നു.
കൂടാതെ, യുഎസിലേക്ക് യാത്ര ചെയ്യുന്ന ഏതൊരു വിദേശിയും പൂർണ്ണമായും വാക്സിനേഷൻ എടുത്തിരിക്കണം. അമേരിക്കൻ പൗരന്മാർക്ക് വിമാന യാത്രയ്ക്ക് വാക്സിനേഷൻ ആവശ്യമില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക