Image

പെരിയ കേസ് ; പ്രതികളുടെ വീട്ടിലെത്തി പിന്തുണയറിയിച്ച് സിപിഎം നേതാക്കള്‍

ജോബിന്‍സ് Published on 07 December, 2021
പെരിയ കേസ് ; പ്രതികളുടെ വീട്ടിലെത്തി പിന്തുണയറിയിച്ച് സിപിഎം നേതാക്കള്‍
പെരിയ ഇരട്ടക്കൊലപാതക കേസില്‍ കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്ത പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളിലെത്തി പിന്തുണ പ്രഖ്യാപിച്ച് സിപിഎം നേതാക്കള്‍. കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ.പി.സതീഷ് ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന കല്യോട്ട്, എച്ചിലടുക്കം പ്രദേശങ്ങളിലെ സിപിഎം പ്രവര്‍ത്തകരുടെ വീടുകളിലെത്തിയത്. അറസ്റ്റ് രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

പെരിയ ഇരട്ടക്കൊലക്കേസില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും രാഷ്ട്രീയ ലക്ഷ്യം വച്ചാണ് സിബിഐയുടെ അറസ്റ്റെന്നുമാണ് സിപിഎമ്മിന്റെ ന്യായീകരണം. അതുകൊണ്ട് തന്നെയാണ് സി.പി.എം നേതാക്കള്‍ അറസ്റ്റിലായവരുടെ വീടുകളിലെത്തി കുടുംബാംഗങ്ങളെ കണ്ട് നേരിട്ട് പിന്തുണ അറിയിച്ചതും. കഴിഞ്ഞ ആഴ്ച അറസ്റ്റിലായ അഞ്ച് പേരും നിരപരാധികളാണെന്നാണ് പാര്‍ട്ടി നേതൃത്വം ആവര്‍ത്തിക്കുന്നത്.

നിരപരാധികളെ കേസില്‍ പ്രതി ചേര്‍ത്തു സിപിഎമ്മിനെ തകര്‍ക്കാനുള്ള നീക്കത്തെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് എം.വി.ബാലകൃഷ്ണന്‍ പറഞ്ഞു. കുടുംബങ്ങളുടെ ഏക ആശ്രയമായിരുന്നവരെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യപ്രകാരം സിബിഐ പ്രതിചേര്‍ത്ത് ജയിലിലാക്കിയതെന്ന് ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നിരപരാധികള്‍ക്കൊപ്പം പാര്‍ട്ടി ഉണ്ടാകുമെന്ന് കുടുംബാംഗങ്ങള്‍ക്ക് ഉറപ്പു നല്‍കിയാണ് നേതാക്കള്‍ മടങ്ങിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക