Image

ഇന്ത്യൻ-അമേരിക്കൻ കൗൺസിൽ അംഗം ക്ഷമ സാവന്തിനെ തിരിച്ചുവിളിക്കാൻ ഇന്ന് വോട്ടെടുപ്പ്

Published on 07 December, 2021
ഇന്ത്യൻ-അമേരിക്കൻ കൗൺസിൽ അംഗം ക്ഷമ സാവന്തിനെ തിരിച്ചുവിളിക്കാൻ ഇന്ന് വോട്ടെടുപ്പ്
വാഷിംഗ്ടൺ: വാഷിംഗ്ടണിലെ സിയാറ്റിൽ സിറ്റി കൗൺസിലിൽ 2014 മുതൽ സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ-അമേരിക്കൻ ക്ഷമ സാവന്ത്  ഇന്ന് (ഡിസംബർ 7 ന്) തിരിച്ചുവിളിക്കുന്ന വോട്ട് (recall vote) നേരിടുകയാണ്. 

സോഷ്യലിസ്റ്റ് ആൾട്ടർനേറ്റീവ് അംഗവും അമേരിക്കയിലെ പൊതു ഓഫീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെയും പാർട്ടിയിലെ ഏക അംഗവുമാണ്  സാവന്ത്. അധികാര ദുർവിനിയോഗമാണ് ഇവർക്കെതിരെ ഉയർന്നിരിക്കുന്ന പ്രധാന ആരോപണം. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നഗര ഫണ്ട് ദുരുപയോഗം ചെയ്തെന്നും കോവിഡ് നിയന്ത്രണങ്ങൾ അവഗണിച്ചെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് സാവന്തിന് എതിരെ ഉയർത്തുന്നത്. 

97 വർഷത്തിനിടെ സിയാറ്റിൽ സിറ്റി ഗവൺമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സോഷ്യലിസ്റ്റാണ് സാവന്ത്.

തിരിച്ചുവിളിക്കൽ ശ്രമം രാഷ്ട്രീയ പ്രേരിതമാണെന്ന് കാണിച്ച്  ഹർജി തള്ളാൻ സാവന്ത്  ഏപ്രിലിൽ മേൽക്കോടതിയെ സമീപിച്ചിരുന്നു.എന്നാൽ, ഉയർന്ന ആരോപണങ്ങൾ  തിരിച്ചുവിളിക്കൽ  അഭിമുഖീകരിക്കാൻ മതിയായവയാണെന്ന്  വാഷിംഗ്ടൺ സുപ്രീം കോടതി വിധിച്ചു.

2021 സെപ്തംബർ 8-ന് തിരിച്ചുവിളിക്കൽ ഹർജിയെ പിന്തുണയ്ക്കുന്നവർ ഒപ്പ്  ശേഖരിച്ച് സമർപ്പിക്കുകയും ഒക്ടോബർ 19 സമയപരിധിയായി നിശ്ചയിക്കുകയും ചെയ്തിരുന്നു. വോട്ടെടുപ്പിന് മുന്നോടിയായി 16,273 ഒപ്പുകൾ സമർപ്പിച്ചതായി  'റീകോൾ  സാവന്ത് ക്യാമ്പയിൻ ' അവകാശപ്പെടുന്നു.

ഐടി പ്രൊഫഷണലായ സാവന്ത് സാമ്പത്തിക ശാസ്ത്ര പഠനത്തിനാണ്  യുഎസിൽ എത്തിയത്. 2012ൽ വാഷിംഗ്ടൺ ജനപ്രതിനിധിസഭയിലേക്ക് (ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സ് ) മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.  പൊതുപ്രവർത്തക എന്ന നിലയിൽ  സാമൂഹിക നീതിക്കുവേണ്ടി ശബ്ദമുയർത്തിയാണ് സാവന്ത് ജനശ്രദ്ധ ആകർഷിച്ചത്.

2013 ൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടതുമുതൽ, അധ്വാനിക്കുന്ന ജനവിഭാഗത്തിനുവേണ്ടി സാവന്ത് പോരാടിയിരുന്നു. തിരിച്ചുവിളിക്കൽ ഹർജിക്ക് പിന്നിൽ വലതുപക്ഷ ഗ്രൂപ്പാണെന്ന വാദം അതിനാൽ തന്നെ ശക്തമാണ്. വെർമോണ്ടിൽ നിന്നുള്ള മുതിർന്ന സെനറ്റർ ബെർണി സാൻഡേഴ്‌സ് ഉൾപ്പെടെയുള്ളവർ സാവന്തിനെ പിന്തുണയ്ക്കുന്നു.

അധ്വാനിക്കുന്ന ആളുകൾക്ക് വേണ്ടി  കോവിഡ് ദുരിതത്തിനിടയിൽ ധനസഹായം നൽകുന്നതിനും താങ്ങാവുന്നതിനും താമസസൗകര്യം ഒരുക്കുന്നതിനും  ആമസോണിലും മറ്റ് വൻകിട ബിസിനസ്സുകളിലും വലിയ നികുതി ചുമത്തുന്നതിനുവേണ്ടി സാവന്ത് അഹോരാത്രം പോരാടി.

 ലാഭക്കൊതിയുള്ള മുതലാളിത്ത വ്യവസ്ഥിതി ഭൂരിഭാഗം അധ്വാനിക്കുന്ന ജനങ്ങളെയും പരാജയപ്പെടുത്തുന്നു എന്നതാണ് കോവിഡ് മഹാമാരി നമ്മെ പഠിപ്പിക്കുന്ന ഏറ്റവും വലിയപാഠമെന്നും സാവന്ത് ഓർമ്മപ്പെടുത്തി. സ്വന്തമായി സ്വതന്ത്ര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സംഘടിപ്പിക്കുകയും, ആവശ്യങ്ങൾ ഉന്നയിക്കുകയും, അധ്വാനിക്കുന്ന ജനമെന്ന നിലയിലുള്ള  അവകാശങ്ങൾക്കായി പോരാടുകയും ചെയ്യുന്നത് മാത്രമേ ഇതിനൊരു പരിഹാരമാകൂ എന്നും അവർ നിർദ്ദേശിച്ചിരുന്നു.

സോഷ്യലിസ്റ്റ് സമൂഹത്തിനായുള്ള ഈ പോരാട്ടമാണ്  സാവന്തിന്റെ കോർപ്പറേറ്റുകളുടെയും വലതുപക്ഷത്തിന്റെയും വിരോധത്തിന് പാത്രമാക്കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക