Image

കേരളത്തിലെ ജനങ്ങളോട് തമിഴ്‌നാടിന്റെ നെറികേട്

ജോബിന്‍സ് Published on 08 December, 2021
കേരളത്തിലെ ജനങ്ങളോട് തമിഴ്‌നാടിന്റെ നെറികേട്
തമിഴ്‌നാട്ടിലെ ജനകീയ പ്രശ്‌നങ്ങളിലെല്ലാം കൃത്യമായ ഇടപെടലുകള്‍ നടത്തി താരമാകാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എംകെ.സ്റ്റാലിന്‍. കുണാനിധിയ്ക്കുണ്ടായിരുന്ന ജനപിന്തുണയും ജനഹൃദയങ്ങളിലെ സ്ഥാനവും തന്റെ പേരിലാക്കുകയാണ് ലക്ഷ്യം. അതിനായി ആനൂകൂല്ല്യങ്ങളുടെ പെരുമഴ തന്നെയാണ് പെയ്യിക്കുന്നത്. 

എന്നാല്‍ ഇതിന്റെ ആയിരത്തിലൊന്ന് കരുണ കേരളത്തിലെ ജനങ്ങളുടെ ജീവനോടും സ്വത്തിനോടും കാണിക്കാന്‍ ഇദ്ദേഹമോ ഇദ്ദേഹത്തിന്റെ സര്‍ക്കാരോ തയ്യാറാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും ഒരു മുന്നറിയിപ്പുമില്ലാതെ അര്‍ദ്ധരാത്രിയില്‍ ജലം പെരിയാറിലേയ്ക്ക് ഒഴുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. 

ഡാം തുറക്കരുതെന്ന് കേരളം ആവശ്യപ്പെടുന്നില്ല. മറിച്ച് മുന്നറിയിപ്പ് നല്‍കണം എന്നത് മാത്രമാണ് ആവശ്യം.മുഖ്യമന്ത്രിയും മന്ത്രിമാരും ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും പുല്ലുവിലയാണ് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കുന്നത്. സുപ്രീം കോടതി അനുവദിദിച്ച
 142 അടിയില്‍ ജലനിരപ്പ് നിലനിര്‍ത്തുക എന്നത് മാത്രമാണ് തമിഴ്‌നാടിന്റെ ലക്ഷ്യം. 

പെരിയാര്‍ തീരത്തുള്ളവരുടെ ആശങ്ക നിലവില്‍ വാനോളമാണ്. കാരണം ഏതു രാത്രിയിലും വീട്ടില്‍ വെള്ളം കയറാവുന്ന അവസ്ഥയാണ്. ഡാം തുറക്കുമോ ഇല്ലയോ എന്ന് ജില്ലാ കളക്ടര്‍ക്ക് പോലും അറിയില്ല. തമിഴ്‌നാട് വിവരം നല്‍കില്ല. എപ്പോഴൊക്കെ ജലനിരപ്പ് 142 അടിയില്‍ എത്തുന്നോ അപ്പോളൊക്കെ ആരോടും പറയാതെ ഡാം തുറക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്.

142 അടിയില്‍ സ്ഥിരമായി ജലനിരപ്പ് നിലനിര്‍ത്തി 142 അടിയിലും ഡാമിന് ബലക്ഷയമില്ലെന്ന് വരുത്തി തീര്‍ക്കുകയും ഇക്കാര്യം സുപ്രീം കോടതിയെ ധരിപ്പിച്ച് ജലനിരപ്പ് ഇനിയും ഉയര്‍ത്താന്‍ അനുമതി നേടിയെടുക്കുക എന്നതുമാണ് തമിഴ്‌നാടിന്റെ ലക്ഷ്യം.

 വിഷയം സുപ്രീം കോടതിയെ ധരിപ്പിച്ച് ഈ പ്രശ്‌നത്തിന് അറുതി വരുത്താനാണ് കേരളം ശ്രമിക്കുന്നത്. ഇന്നു പുലര്‍ച്ചെയും തമിഴ്‌നാട് ഡാം തുറന്നു. ഒമ്പത് ഷട്ടറുകളാണ് തുറന്നത്. പെരിയാറിന് തീരത്തെ പല വീടുകളിലും ഇന്നും വെള്ളം കയറി. കടശ്ശിക്കാട് ആറ്റോരം ഭാഗത്തെ അഞ്ചോളം വീടുകളിലാണ് വെള്ളം കയറിയത്. വികാസ് നഗര്‍ ഭാഗത്തെ റോഡുകളിലും പറമ്പുകളിലും വെള്ളം കയറിയ നിലയിലാണ്. കഴിഞ്ഞ ദിവസങ്ങളിലും ഈ ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയിരുന്നു.

മുഖ്യമന്ത്രി സ്റ്റാലിന് തമിഴകത്ത് എന്തു പരിവേഷമായാലും കേരളത്തിലെ ജനങ്ങളുടെ മനസ്സില്‍ അദ്ദേഹത്തിനൊരു വില്ലന്‍ പരിവേഷമാണ് മനുഷ്യജീവന് പുല്ലുവില കല്‍പ്പിക്കുന്ന ഈ നെറികേടുകള്‍ ചാര്‍ത്തി നല്‍കിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക