Image

ഫാ. തോമസ് മണലിന് നൈറ്റ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി സ്റ്റാര്‍ ഓഫ് ഇറ്റലി പുരസ്‌കാരം

Published on 14 December, 2021
ഫാ. തോമസ് മണലിന് നൈറ്റ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി സ്റ്റാര്‍ ഓഫ് ഇറ്റലി പുരസ്‌കാരം



വിയന്ന: ഓസ്ട്രിയയിലെ ഇറ്റാലിയന്‍ കാത്തലിക് മിഷന്‍ ചാപ്ലയിന്‍ ഫാ. തോമസ് മണലിന് ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നൈറ്റ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി സ്റ്റാര്‍ ഓഫ് ഇറ്റലി (ഷെവലിയാര്‍ പദവി) പുരസ്‌കാരം ലഭിച്ചു. ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ല വഴിയായി ലഭിക്കുന്ന പ്രത്യേക ബഹുമതിയാണിത്.

ഇറ്റാലിയന്‍ പ്രസിഡന്റിനുവേണ്ടി ഓസ്ട്രിയയിലെ ഇറ്റാലിയന്‍ അംബാസഡര്‍ സെര്‍ജിയോ ബെര്‍ബാന്‍ഡി എംബസിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പുരസ്‌കാരം ഫാ. തോമസിനു സമ്മാനിച്ചു. ചടങ്ങില്‍ ഓസ്ട്രിയയിലെ അപ്പസ്തോലിക് ന്യൂണ്‍ഷ്യോ റവ. പെഡ്രോ ലോപ്പസ് ക്വിന്റാനയും സംബന്ധിച്ചു.

ഇറ്റാലിയന്‍ കത്തോലിക്കാ സമൂഹത്തിന്റെ പൊതുവായ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ഫാ. തോമസ് നല്‍കിയ സ്തുത്യര്‍ഹമായ പ്രതിബദ്ധതയ്ക്ക് ലഭിച്ച അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് അംബാസഡര്‍ സെര്‍ജിയോ ബെര്‍ബാന്‍ഡി അനുമോദന പ്രസംഗത്തില്‍ പറഞ്ഞു.

ഇറ്റാലിയന്‍ കുടുംബങ്ങള്‍ക്കു പൊതുവായ മൂല്യങ്ങളും താല്‍പ്പര്യങ്ങളും പങ്കിടാന്‍ കഴിയുന്ന ഇടം കണ്ടെത്തുന്നതിനും ഇറ്റലിയും ഓസ്ട്രിയയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഫാ. തോമസിന്റെ പ്രേഷിത ദൗത്യം ഏറെ വിജയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിയന്നയിലെ ഇറ്റാലിയന്‍ കത്തോലിക്കാ സമൂഹത്തിന്റെ അജപാലനദൗത്യം നിര്‍വഹിക്കുന്ന ഫാ. തോമസ് മണലില്‍, ഫ്രാന്‍സിസ്‌കന്‍ കണ്‍വഞ്ചുല്‍ സന്യാസസമൂഹാംഗവും സഭയുടെ വിയന്നയിലെ ആശ്രമത്തിന്റെ സുപ്പീരിയറുമാണ്. യൂറോപ്പില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഇറ്റാലിയന്‍, ജര്‍മ്മന്‍ ഭാഷകളില്‍ പ്രത്യേക പ്രാവിണ്യം നേടിയിട്ടുണ്ട്.

ചങ്ങനാശേരി അതിരൂപതയിലുള്ള മുട്ടാര്‍ സെന്റ് ജോര്‍ജ് ഇടവാകാംഗമാണ് ഫാ. തോമസ് മണലില്‍.

ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക