Image

കരോള്‍സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; 'ജോയ് ടു ദി വേള്‍ഡ് -4 ' വിജയിയായി ലണ്ടന്‍ സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്

Published on 21 December, 2021
 കരോള്‍സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; 'ജോയ് ടു ദി വേള്‍ഡ് -4 ' വിജയിയായി ലണ്ടന്‍ സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്

കവന്‍ട്രി: ദൈവപുത്രന്റെ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ പന്ത്രണ്ടു ഗായകസംഘങ്ങള്‍ മാലാഖമാരുടെ സ്വര്‍ഗീയ സംഗീതത്തോടൊപ്പം ചേര്‍ന്നു പാടിയപ്പോള്‍ കവന്‍ട്രി വില്ലന്‍ ഹാള്‍ സോഷ്യല്‍ ക്ലബില്‍ ഉയര്‍ന്നു കേട്ടത് ശാന്തിയുടെയും പ്രത്യാശയുടെയും സുവര്‍ണഗീതങ്ങള്‍.

കരോള്‍ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങള്‍ സമ്മാനിച്ച് ഡിസംബര്‍ 11 ശനിയാഴ്ച കവന്‍ട്രി വില്ലന്‍ഹാള്‍ സോഷ്യല്‍ ക്ലബില്‍ ഗര്‍ഷോം ടിവിയും ലണ്ടന്‍ അസഫിയന്‍സും ചേര്‍ന്നൊരുക്കിയ ജോയ് ടു ദി വേള്‍ഡ് കരോള്‍ ഗാനമത്സരത്തിന്റെ നാലാം പതിപ്പില്‍ പങ്കെടുത്തത് യുകെയിലെ മികച്ച പന്ത്രണ്ടു ഗായകസംഘങ്ങള്‍. കോവിഡ് ഉയര്‍ത്തിയ പ്രതിസന്ധിയിലും ആവേശം തെല്ലും ചോരാതെ മുന്‍ വര്‍ഷങ്ങളേക്കാള്‍ മനോഹരമായി ഈ സംഗീത സന്ധ്യ നടത്താന്‍ സാധിച്ചു എന്നത് ശ്രദ്ധേയമാണ്. 'ജോയ് ടു ദി വേള്‍ഡ്' സീസണ്‍ 4 ഓള്‍ യുകെ കരോള്‍ ഗാന മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ലണ്ടന്‍ സെന്റ്. തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഗായക സംഘം അലൈഡ് മോര്‍ട് ഗേജ് സര്‍വീസ് സ്‌പോണ്‍സര്‍ ചെയ്ത ആയിരം പൗണ്ട് കാഷ് അവാര്‍ഡിനും 'ജോയ് ടു ദി വേള്‍ഡ്' വിന്നേഴ്‌സ് ട്രോഫിക്കും അര്‍ഹരായി.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ വിവിധ പള്ളികളെയും, സംഘടനകളെയും പ്രതിനിധീകരിച്ചു എത്തിയ പന്ത്രണ്ടു ഗായകസംഘങ്ങള്‍ മാറ്റുരച്ചപ്പോള്‍ ഹെര്‍മോന്‍ മാര്‍ത്തോമാ ചര്‍ച്ച് മിഡ്‌ലാന്‍ഡ്‌സ് രണ്ടാം സ്ഥാനവും, കവന്‍ട്രി വര്‍ഷിപ്പ് സെന്റര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഗ്ലോറിയ ഇന്‍ എക്‌സെല്‍സിസ് ഡെയോ, കേംബ്രിഡ്ജ് നാലാം സ്ഥാനവും, പീറ്റര്‍ബറോ ഓള്‍ സെയിന്റ്‌സ് മാര്‍ത്തോമ ചര്‍ച്ച് അഞ്ചാം സ്ഥാനവും നേടി. ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ ഏറ്റവും നല്ല അവതരണത്തിനുള്ള 'ബെസ്‌ററ് അപ്പിയറന്‍സ്' അവാര്‍ഡിന് ഹെര്‍മോന്‍ മാര്‍ത്തോമാ ചര്‍ച്ച് ക്വയര്‍ അര്‍ഹരായി.

രണ്ടാം സ്ഥാനം നേടിയ ടീമിന് ലോ ആന്‍ഡ് ലോയേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്ത അഞ്ഞൂറ് പൗണ്ടും ട്രോഫിയും , മൂന്നാം സമ്മാനം നേടിയ ടീമിന് ഹോളിസ്റ്റിക് ഗാര്‍മെന്റ്‌സ് സ്‌പോണ്‍സര്‍ ചെയ്ത ഇരുനൂറ്റി അന്പതു പൗണ്ടും ട്രോഫിയും, നാലും അഞ്ചും ടീമുകള്‍ക്കു ട്രോഫിയും സമ്മാനിച്ചു.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വികാരി ജനറല്‍ റവ. ഫാ. ജോര്‍ജ് ചേലക്കല്‍ പരിപാടിയില്‍ മുഖ്യാഥിതിയായി പങ്കെടുക്കുകയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ചലച്ചിത്ര പിന്നണി ഗായിക ഡെല്‍സി നൈനാന്‍, ഗായിക റോസ് മേരി ജോണ്‍സണ്‍ എന്നിവര്‍ അതിഥികളായി എത്തിയിരുന്നു. ഐഐജി യുകെ ആന്‍ഡ് യൂറോപ്പ് ചെയര്‍മാന്‍ റവ. ബിനോയ് എബ്രഹാം ക്രിസ്മസ് സന്ദേശം നല്‍കി.


മത്സരങ്ങള്‍ക്കുശേഷം നടന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് ഡെല്‍സി നൈനാന്‍, റോസ് മേരി ജോണ്‍സണ്‍, ടാനിയ സാം, രാകേഷ് ശങ്കരന്‍, ഗര്‍ഷോം ടിവി ഡയറക്ടര്‍മാരായ ജോമോന്‍ കുന്നേല്‍, ബിനു ജോര്‍ജ്, ലണ്ടന്‍ അസാഫിയന്‍സ് സെക്രട്ടറി സുനീഷ് ജോര്‍ജ്, ബാന്‍ഡ് ലീഡര്‍ ജോയ് തോമസ്, ജോയ് ടു ദി വേള്‍ഡ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ജോഷി സിറിയക്, കോ-ഓര്‍ഡിനേറ്റര്‍മാരായ ദീപേഷ് സ്‌കറിയ, സുരേഷ് കുമാര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

യുകെയില്‍ വളര്‍ന്നു വരുന്ന യുവസംഗീതപ്രതിഭകളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടുകൂടി ഗര്‍ഷോം ടിവിയും ലണ്ടന്‍ അസാഫിയന്‍സും ചേര്‍ന്ന് ഓണ്‍ലൈനായി നടത്തിയ ഓള്‍ യുകെ ഡിവോഷണല്‍ സിംഗിംഗ് കോണ്ടെസ്റ്റില്‍ ഫൈനലില്‍ എത്തിയ മത്സരാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ഗ്രാന്‍ഡ് ഫിനാലെയും ഇതോടൊപ്പം നടത്തുകയുണ്ടായി.

മൂന്നു കാറ്റഗറികളിലായി പതിനഞ്ചു യുവഗായകരാണ് ഫൈനലില്‍ പ്രവേശിച്ചത്. അത്യന്തം വാശിയേറിയ മത്സരത്തില്‍ 5 -10 വയസ് കാറ്റഗറിയില്‍ ലെക്‌സി എബ്രഹാം ഒന്നാം സ്ഥാനവും, അനബെല്ല ബിജു രണ്ടാം സ്ഥാനവും, ഇസബെല്ലാ ഫ്രാന്‍സിസ് മൂന്നാം സ്ഥാനവും നേടി. 11 - 16 വയസ് കാറ്റഗറിയില്‍ ടെസ സൂസന്‍ ജോണ്‍ ഒന്നാം സ്ഥാനവും, ആഷ്ണി ഷിജു രണ്ടാം സ്ഥാനവും, ഫിയോന ബിജു മൂനാം സ്ഥാനവും കരസ്ഥമാക്കി. 17 - 21 വയസ് കാറ്റഗറിയില്‍ അസ്റ്റീന റാണി അലക്‌സ് ഒന്നാമതെത്തിയപ്പോള്‍ ജാനിയ ജോര്‍ജ് രണ്ടാം സ്ഥാനവും ദിവ്യ വിനോദ് മൂനാം സ്ഥാനവും നേടി. വിജയികള്‍ക്ക് ഗര്‍ഷോം ടിവിയും ലണ്ടന്‍ അസാഫിയന്‍സും നല്‍കിയ ക്യാഷ് അവാര്‍ഡുകളും ട്രോഫിയും സമ്മാനിച്ചു.

യുകെ മലയാളികള്‍ക്കിടയില്‍ സംഗീത സംവിധാന രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച സംഗീത സംവിധായകന്‍ ജെസ്വിന്‍ പടയാറ്റിലിന് ബെസ്റ്റ് ഓഫ് ഇന്ത്യ അവാര്‍ഡ് നല്‍കി ആദരിച്ചു. കരോള്‍ മത്സരത്തോടനുബന്ധിച്ച് യുകെയിലെ മികവുറ്റ ഗായകരെ അണിനിരത്തി ലണ്ടന്‍ അസാഫിയന്‍സ് ബാന്‍ഡ് അവതരിപ്പിച്ച ലൈവ് മ്യൂസിക്കല്‍ നൈറ്റ് ഏറെ ശ്രദ്ധേയമായി.

ബിനു ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക