Image

വിദേശ ഭക്ഷ്യ സംസ്‌കാരവും സാംസ്‌കാരിക ഏകികരണവും: പ്രിന്‍സ് പള്ളിക്കുന്നേലിന് ഡോക്ടറേറ്റ്

ജോബി ആന്റണി Published on 22 December, 2021
വിദേശ ഭക്ഷ്യ സംസ്‌കാരവും സാംസ്‌കാരിക ഏകികരണവും: പ്രിന്‍സ് പള്ളിക്കുന്നേലിന് ഡോക്ടറേറ്റ്
വിയന്ന: ഓസ്ട്രിയ ആസ്ഥാനമായ പ്രോസി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ പ്രിന്‍സ് പള്ളിക്കുന്നേലിന് ബിസിനസ് മാനേജ്‌മെന്റില്‍ അക്കാഡമിക് ഡോക്ടറേറ്റ് ലഭിച്ചു. വിദേശ ഭക്ഷ്യ സംസ്‌കാരവും, സാംസ്‌കാരിക ഏകികരണവും എന്ന വിഷയത്തില്‍ നടത്തിയ ഗവേഷണത്തിനാണ് ഡോക്ടറേറ്റ്.

യു.സി.എന്‍, യു.എ യൂണിവേഴ്സിറ്റികളുടെ ഓസ്ട്രിയയിലെ ഇന്‍സ്ബ്രൂക്കിലുള്ള യൂറോപ്യന്‍ ക്യാമ്പസിന്റെ ഡീന്‍ പ്രൊഫ. ഡോ. ഗെര്‍ഹാര്‍ഡ് ബെര്‍ഹ്‌തോള്‍ഡിന്റെ കീഴിലായിരുന്നു അഞ്ചു വര്‍ഷത്തോളം നീണ്ടുനിന്ന ഗവേഷണം. നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള മൂന്നുറിലധികം പേരില്‍ സര്‍വ്വേ നടത്തിയായിരുന്നു പ്രബന്ധത്തിനു വേണ്ട വിവരശേഖരണം നടത്തിയത്. പഠനത്തിനായുള്ള സര്‍വേയില്‍ വിവിധ സംസ്‌കാരത്തില്‍ നിന്നുള്ളവര്‍ പങ്കെടുത്തുത്തത് ഏറെ ശ്രദ്ധേയമായെന്നു ഡിഫെന്‍സ് സമയത്ത് യൂണിവേഴ്സിറ്റി വിലയിരുത്തി.

കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓസ്ട്രിയയിലെ ഇന്‍സ്ബുര്‍ഗ്ഗിലെ ക്യാമ്പസിന്റെ കീഴില്‍ നടന്ന പ്രത്യേക ബിരുദദാന ചടങ്ങില്‍ വൈസ് ഡീന്‍ പ്രൊഫ. ഡോ. ഫ്രഡറിക്ക് ലുഹാന്‍ പ്രിന്‍സിന് ഡോക്ടറേറ്റ് സമ്മാനിച്ചു. ഓസ്ട്രിയയിലെ പ്രമുഖ ആരോഗ്യനിയമ വിദഗ്ദ്ധനും, നിരവധി യൂണിവേഴ്സിറ്റികളില്‍ പ്രൊഫസറുമായ ഡോ. റയിന്‍ഹാര്‍ഡ് ഗ്രൂബര്‍ ആയിരുന്നു ഡോക്ടറേറ്റ് പഠനത്തില്‍ പ്രിന്‍സിന്റെ സൂപ്പര്‍വൈസര്‍.

യൂറോപ്പില്‍ എക്‌സോട്ടിക്ക്-എത്‌നിക്ക് ഭക്ഷ്യ സംസ്‌കാരത്തിന്റെ പ്രസക്തിയും, അത്തരം ബിസിനസുകള്‍ക്ക് അന്താരാഷ്ട്ര കമ്പോളത്തില്‍ ലഭിക്കുന്ന സ്വീകാര്യതയും, ആഗോള വിപണിയില്‍ ഭഷ്യ സംസ്‌കാരം മുന്നോട്ടുവയ്ക്കുന്ന സാംസ്‌കാരിക ബഹുസ്വരതകളെ വിലമതിക്കാനും അത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിലൂടെ ആരോഗ്യകരമായ ജീവിതശൈലിയും, എക്‌സോട്ടിക്ക്-എത്‌നിക്ക് ഭഷ്യ ഉല്‍പ്പാദകര്‍ക്ക് ആഗോള വിപണി നേടിയെടുക്കുന്നതിനും, അതിലൂടെ രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങള്‍ വലിയ തോതില്‍ പ്രോത്സാഹിപ്പിക്കപ്പെടുമെന്നും, ഇത് സാംസ്‌കാരിക ഏകികരണത്തിനു കാരണമാകുകയും ചെയ്യുന്നുവെന്നാണ് ഡോ. പ്രിന്‍സ് ഗവേഷണത്തിലൂടെ സ്ഥാപിച്ചത്.

എക്‌സോട്ടിക്ക്-എത്‌നിക്ക് ഉല്‍പ്പന്നങ്ങളുടെ ഉത്പാദനവും വിപണനവും വേണ്ട രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനു രാജ്യങ്ങള്‍ കൂടുതല്‍ സമയവും ശേഷിയും ചെലവഴിക്കണമെന്നും, ദേശീയ ചിന്താഗതിയില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ തുറന്ന മനസ്സുള്ള സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഒരു സംവിധാനമെന്ന നിലയില്‍ ഭഷ്യസംസ്‌കാരം വളര്‍ത്തണമെന്നും അദ്ദേഹത്തിന്റെ പ്രബന്ധം പറഞ്ഞു വയ്ക്കുന്നു.

31 വര്‍ഷത്തിലേറെയായി കുടുംബസമേതം ഓസ്ട്രിയയില്‍ ജീവിക്കുന്ന പ്രിന്‍സ് മഞ്ചേരി എന്‍.എസ്.എസ് കോളേജില്‍ നിന്നും കൊമേഴ്സില്‍ ബിരുദാനന്തരബിരുദം നേടിയ ശേഷം ലക്ച്ചററായി ജോലി ചെയ്യുന്നതിനിടയിലാണ് വിയന്ന യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയായി എത്തിയത്. വിയന്നയില്‍ എത്തി രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ബിസിനസ് രംഗത്ത് പ്രവേശിച്ച പ്രിന്‍സ് 1999-ല്‍ പ്രോസി എന്ന പേരില്‍ ആരംഭിച്ച സംരംഭം ഇന്ന് ലോകമെമ്പാടുനിന്നും 10,000-ലധികം വിദേശ ഉല്‍പ്പന്നങ്ങളും, 150-ലധികം രാജ്യങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കളുമായി മുന്നേറുന്ന പ്രസ്ഥാനമാണ്.

എക്‌സോട്ടിക്ക് സൂപ്പര്‍ മാര്‍ക്കറ്റിനു പുറമെ ഇന്ത്യന്‍ റെസ്റ്റോറന്‍ഡ്, കോസ്‌മെറ്റിക്ക് വേള്‍ഡ്, പ്രോസി പ്രോപ്പര്‍ട്ടീസ് തുടങ്ങി വിവിധ അനുബന്ധ സംരംഭങ്ങളും പ്രോസി ഗ്രൂപ്പിന്റേതായി വിയന്നയില്‍ പ്രവര്‍ത്തിക്കുന്നു. രണ്ട് പതിറ്റാണ്ടുകളായി എല്ലാവര്‍ഷവും രണ്ടു ദിവസങ്ങളിലായി വിയന്നയുടെ തെരുവീഥിയില്‍ സംഘടിപ്പിക്കുന്ന എക്‌സോട്ടിക്ക് സ്ട്രീറ്റ് ഫെസ്റ്റിവലും, അതോട് അനുബന്ധിച്ചു നടത്തുന്ന ഭഷ്യ മേളകള്‍ക്കും, സര്‍വ്വമത സമ്മേളനത്തിനും പ്രിന്‍സ് നേതൃത്വം നല്‍കുന്നു.

160-ലധികം രാജ്യങ്ങളില്‍ പ്രാതിനിധ്യമുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ സ്ഥാപക ചെയര്‍മാന്‍ കൂടിയാണ് പ്രിന്‍സ്. അക്കാഡമിക് പഠനങ്ങളുടെ വലിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടും ബിസിനസ് അഡ്മിനിസ്‌ട്രേഷനിലെ ഉയര്‍ന്ന അക്കാദമിക് യോഗ്യത നേടിയെടുക്കാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് 57-ാം വയസിലേയ്ക്ക് പ്രവേശിക്കുന്ന പ്രിന്‍സ് പറഞ്ഞു.

ബിസിനസിന് പുറമെ വിവിധ രാജ്യങ്ങളില്‍ സംഘടനാ രൂപീകരണവും, സാമൂഹ്യജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി 75-ലധികം രാജ്യങ്ങളില്‍ സഞ്ചരിച്ച ഡോ. പ്രിന്‍സ്, തന്റെ യാത്രാനുഭവങ്ങളും പഠനങ്ങളും, ആഗോള ഭക്ഷ്യസംസ്‌കാരവും കോര്‍ത്തിണക്കി സമൂഹത്തിനു പ്രയോജനപ്രദമാകുന്ന രീതിയില്‍ ഒരു പുസ്തകത്തിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍.
വിദേശ ഭക്ഷ്യ സംസ്‌കാരവും സാംസ്‌കാരിക ഏകികരണവും: പ്രിന്‍സ് പള്ളിക്കുന്നേലിന് ഡോക്ടറേറ്റ്വിദേശ ഭക്ഷ്യ സംസ്‌കാരവും സാംസ്‌കാരിക ഏകികരണവും: പ്രിന്‍സ് പള്ളിക്കുന്നേലിന് ഡോക്ടറേറ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക