Image

കെ എസ് സേതുമാധവന്‍: തന്ത്രീലയസമന്വിതമായ കവിതയുടെ ദൃശ്യചാരുത-1 (ഡോ. വിജയരാഘവന്‍)

Published on 24 December, 2021
കെ എസ് സേതുമാധവന്‍: തന്ത്രീലയസമന്വിതമായ കവിതയുടെ ദൃശ്യചാരുത-1 (ഡോ. വിജയരാഘവന്‍)

സാമൂഹിക യാഥാര്‍ത്ഥ്യങ്ങളും വ്യക്തിപരമായ സംഘര്‍ഷങ്ങളും മിഴിവാര്‍ന്ന  വിധത്തില്‍  കലാപരമായി ചിത്രീകരിച്ച, കെ എസ് സേതുമാധവന്‍ ഇന്നും മലയാളസിനിമയില്‍  തിളങ്ങിനില്‍ക്കുന്നതിന്  പിന്നില്‍ അദ്ദേഹത്തിന്‍റെ സിനിമയോടുള്ള അര്‍പ്പണ ബോധമാണ് .വയലാറും അദ്ദേഹവുമായുള്ള  അസാധാരണമായ  സര്ഗാല്മക ബന്ധം  ഡോക്ടര്‍ വിജയരാഘവന്‍ ആവിഷ്കരിക്കുന്നു .പൂര്‍ണ്ണ രൂപം 

ഇന്ന് സിനിമ എന്ന കലാരൂപത്തിന്റെ അടിസ്ഥാനഘടകങ്ങളാണ് ഗാനങ്ങളും അനുധാവനസംഗീതവും (Background music) ദ്വിമാന രൂപത്തിലുള്ള ദൃശ്യങ്ങള്‍ക്ക് ത്രിമാനഭാവം കൈവരുന്നത് സംഭാഷണങ്ങളും ഗാനങ്ങളും അവയ്ക്ക് പശ്ചാത്തലമായി ഒരുക്കിയിരിക്കുന്ന സ്വാഭാവികമായ ശബ്ദങ്ങളും യാഥാര്‍ഥ്യപ്രതീതിക്കുവേണ്ടി സൃഷ്ടിക്കുന്ന അനുധാവന സംഗീതവും കൂടിച്ചേരുമ്പോഴാണ് ചലച്ചിത്രം കലയും അതിനുപരിവ്യവസായവുമാണല്ലോ. വ്യാവസായികസിനിമയെ സംബന്ധിച്ചിടത്തോളം സംഗീതവും ഗാനങ്ങളും നൃത്തവുമെല്ലാം അതിന്റെ അവിഭാജ്യഘടകങ്ങളാണ്. ഇവയുടെ സാന്നിധ്യം ചിത്രത്തിന്റെ സാമ്പത്തികവിജയത്തിന് ആക്കം കൂട്ടുന്നുണ്ട്. എന്നാല്‍ ഇവയുടെ ചേര്‍ച്ച വേണ്ടുവോളം ഉണ്ടെങ്കിലും പരാജയപ്പെടുന്ന ചിത്രങ്ങും ദുര്‍ലഭമല്ല. കേവലം ദൃശ്യങ്ങളിലൂടെ വെളിപ്പെടുത്താന്‍ കഴിയാത്ത മാനസികവ്യാപാരങ്ങളെ ആവിഷ്‌കരിക്കാനോ ലോലവും അതീവസങ്കീര്‍ണമായ വികാരങ്ങളെ വെളിപ്പെടുത്താനും വളര്‍ത്താനുമാണ് ഇവ ഏറെ സഹായകമാവുന്നത്.
സിനിമയിലെ സംഗീതത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അതിന് മൂന്ന് തലങ്ങളുണ്ടെന്ന് കാണാം. ഇതില്‍ ആദ്യത്തേത് സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നിലവിലിരിക്കുന്ന ചിരപരിചിതമായ സംഗീതമാണ്. അടുത്തത് ഒരു സിനിമയ്ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കുന്ന ഗാനങ്ങളും വാദ്യസംഗീതങ്ങളും അടങ്ങുന്ന തനത് വിഭാഗം. ഒരു ചിത്രത്തിന്റെ തിരക്കഥ-സംഭാഷണം പോലെ പ്രസക്തമാണിത്. മൂന്നാമത്തെ ഘടകം സിനിമയിലെ അനുധാവനസംഗീതമാണ്.1 ഇവ മൂന്നും ചലച്ചിത്രത്തിന്റെ വൈകാരികതലത്തെയാണ് സ്പര്‍ശിക്കുക. ഒരു പ്രത്യേക അനുഭൂതിയെ പ്രദാനം ചെയ്യുന്നതിന് ഇവ സഹായകമാകുന്നുണ്ട്. ദൃശ്യങ്ങളെ പരസ്പരം കൂട്ടിയിണക്കി ചലച്ചിത്രത്തിന് പുതിയൊരു അര്‍ഥതലം സൃഷ്ടിക്കുന്നതോടൊപ്പം ചിത്രത്തിന്റെ സ്ഥലകാല ഐക്യത്തേയും ഇവ വെളിപ്പെടുത്തുന്നു. രണ്ട് ദൃശ്യങ്ങള്‍ വിളക്കിച്ചേര്‍ക്കുമ്പോള്‍ ചലച്ചിത്രത്തിന് ലഭ്യമാകുന്ന മൂന്നാമത്തെ അര്‍ഥതലത്തിന് സമാനമായ ഒരന്തരീക്ഷവും ഇവ സൃഷ്ടിക്കുന്നുണ്ട്. ഐന്‍സ്റ്റിന്റെ മൊണ്ടാഷ് (Montag) എന്ന എഡിറ്റിംഗ് സങ്കേതത്തിന് സമാനമാണിത്.
ചലച്ചിത്രഗാനങ്ങള്‍ക്കും പശ്ചാത്തലസംഗീതത്തിനും മുഖ്യമായും എട്ടു ധര്‍മങ്ങളാണ് ഒരു ചിത്രത്തില്‍ നിര്‍വഹിക്കാനള്ളതെന്ന് കാണാം.3 ചിത്രത്തിലെ ദൃംശത്തിന് ശബ്ദാനമായ പശ്ചാത്തലം ഒരുക്കുക, രണ്ട് ദൃശ്യങ്ങളെ കൂട്ടിയിണക്കുക, ഇവയ്ക്ക് ഇടയിലെ നൈരന്തര്യം പരിരക്ഷിക്കുക. പ്രേക്ഷകശ്രദ്ധയെ ദൃശ്യങ്ങളിലേക്ക് വകഞ്ഞ് ഒതുക്കുക, അവ്യക്തത നിറഞ്ഞ അന്തരീക്ഷത്തില്‍ ആശയവിനിമയം സുഗമമാക്കുക, പൂര്‍വകാലസ്മൃതികളെ ദീപ്തമാക്കുക, ദൃശ്യങ്ങള്‍ക്ക് യാഥാര്‍ഥ്യഛായ ഉറപ്പിക്കുക, ചലച്ചിത്രത്തിന്റെ പൊതുവെയുള്ള സൗന്ദര്യാംശത്തിന് മിഴിവ് പകരുക, ഈ വിധം നോക്കിയാല്‍ ഇനിയും ഒട്ടനവധി ധര്‍മങ്ങള്‍ ഇനിയും ഇവ നിര്‍വഹിക്കുന്നതായി പറയാനന്‍ കഴിയും.
മലയാളത്തിലെ ആദ്യചിത്രമായ 'ബാലനി'ല്‍ (19.1.1938) തന്നെ ഗാനങ്ങളുടെ ധാരാളിത്തം പ്രകടമായിരുന്നു. ഇരുപത്തിമൂന്ന് പാട്ടുകളാണ് ഈ ചിത്രത്തിലുണ്ടായിരുന്നത്. ഹിന്ദിയിലും തമിഴിലുമായി പുറത്തുവന്ന ചിത്രങ്ങളിലെ പാട്ടുകളുടെ ഈണത്തിന് അനുസൃതമായി സൃഷ്ടിച്ച പ്രച്ഛന്നഗാനങ്ങളായിരുന്നു ഇവ. ബാലനിലെ ഗാനങ്ങളില്‍ ഏറിയപങ്കും രാഗാധിഷ്ഠിതമായിരുന്നു. കംപി, ശ്യാമ, മുഖാരി, ബിഹാഗ്, സാവേരി, നീലാംബരി, യദുകുലകാംബോജി, കമാസ, കാംബോജി, കല്യാണി, ചെഞ്ചുരുട്ടി, മോഹന കല്യാണി തുടങ്ങിയ രാഗങ്ങളിലായിരുന്നു പല ഗാനങ്ങളും. ഇവയില്‍ തന്നെ ബിഹാഗ്, രാഗത്തിലായിരുന്നു ഏതാണ്ട് 7 ഗാനങ്ങള്‍. ചുരുക്കത്തില്‍ ഒരു സംഗീതകച്ചേരിയുടെ രൂപഭാവങ്ങളായിരുന്നു ചിത്രത്തിനെന്ന് പറഞ്ഞാല്‍ അധികമാവുകയില്ല. ആദ്യകാലചിത്രങ്ങളിലെല്ലാം ഈ വിധമാണ് ഗാനങ്ങള്‍ ഒരുക്കിയിരുന്നത്. എന്നാല്‍ മലയാള ചിത്രമായ 'ജനാംബിക (7.4.1940)യോടുകൂടി ഗാനരചനയ്ക്കായി കവികളെ ആശ്രയിക്കാനാരംഭിച്ചു എന്നതാണ് ശ്രദ്ധേയം. മഹാകവി പുത്തന്‍കാവ് മാത്തന്‍ തരകനാണ് ഈ ചിത്രത്തിനുവേണ്ടി പതിനാലു ഗാനങ്ങള്‍ രചിച്ചത്. പിന്നണിഗാനസമ്പ്രദായം സഫലമായി ഉപയോഗപ്പെടുത്തിയ ആദ്യചിത്രമായ 'നിര്‍മല' (15.2.1948)ക്കുവേണ്ടി പാട്ടുകള്‍ എഴുതിയത് മഹാകവി ജി. ശങ്കരക്കുറുപ്പായിരുന്നു. പി.എസ്. ദിവാകറും ഇ.ഐ. വാര്യരും ചേര്‍ന്നാണ് ഇതിലെ പന്ത്രണ്ട് പാട്ടുകള്‍ക്ക് ഈണം പകര്‍ന്നത്. ശുദ്ധകവിതയുടെ തലത്തിലേക്ക് ചലച്ചിത്രഗാനങ്ങളെ ഉയര്‍ത്താനുള്ള ശ്രമം 'നിര്‍മല'യില്‍ നിന്ന് ആരംഭിച്ചു എന്നു പറയാം. എന്നാല്‍ ഈ ശ്രമം പൂര്‍ണമാകുന്നത് പിന്നെയും എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. തൊള്ളായിരത്തി അമ്പതുകതളുടെ മധ്യത്തോടെയാണ് സിനിമയ്ക്കുവേണ്ടി സ്വതന്ത്രമായ ഗാനരചനയും സംഗീതവും രൂപപ്പെട്ടത്. ഈ കാലഘട്ടത്തിനിടയില്‍ അഭയദേവ്, കിളിമാനൂര്‍ മാധവവാര്യര്‍, തിക്കുറുശ്ശി സുകുമാരന്‍ നായര്‍, പി. ഭാസ്‌കരന്‍, തുമ്പമണ്‍ പത്മനാഭന്‍കുട്ടി, സ്വാമി ബ്രഹ്മവ്രതന്‍, പി. കുഞ്ഞികൃഷ്ണ മേനോന്‍, ബോധേശ്വരന്‍, പി.ജെ. ആന്റണി, ആര്‍.എ. കൊല്ലങ്കോട്, വാണക്കുറ്റി, എന്‍.എക്‌സ്. കുര്യന്‍, തിരുനയനാര്‍കുറുച്ചി മാധവന്‍ നായര്‍, ഗായക പീതാംബരം, എന്‍.എന്‍. പിഷാരടി, കെ.സി. പൂങ്കുന്നം തുടങ്ങിയവര്‍ ചലച്ചിത്രഗാനരചനയിലേക്ക് കടന്നുവന്നു. ഇവരില്‍ പി. ഭാസ്‌കരനും, തിരുനയനാര്‍ കുറുച്ചിക്കുമാണ് സര്‍ഗ്ഗാത്മകമായി ചലച്ചിത്രഗാനരചനാമേഖലയില്‍ ഇടപെടാന്‍ സാധിച്ചത്. അതുകൊണ്ടുതന്നെ അവരുടെ പാട്ടുകള്‍ ഇന്നും പ്രേക്ഷകര്‍ താലോലിക്കുന്നു.
ആയിരത്തിത്തൊള്ളായിരത്തി നാല്പതുകളിലും അമ്പതുകളുടെ മധ്യത്തിലും ചലച്ചിത്രങ്ങളെക്കാള്‍ നാടകങ്ങള്‍ക്കും നാടകഗാനങ്ങള്‍ക്കുമായിരുന്നു കേരളത്തില്‍ ജനപ്രീതി. കേരള സൈഗാള്‍ എന്നറിയപ്പെട്ടിരുന്ന നടനും ഗായകനുമായ പപ്പുക്കുട്ടി ഭാഗവതര്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ കാലത്ത് നാടകത്തിനാണോ സിനിമയ്ക്കാണോ കേരളത്തില്‍ പ്രശസ്തി കൂടുതല്‍ എന്ന ഒരു ഗവേഷകന്റെ ചോദ്യത്തിനുള്ള അദ്ദേഹത്തിന്റെ ഉത്തരം ഇതിന് തെളിവാണ്. നാടകത്തിന് സിനിമകള്‍ വളരെ കുറവായിരുന്നു. നാടകത്തിന് കന്യാകുമാരി മുതല്‍ കാസര്‍ഗോഡ് വരെ നിരവധി കളികള്‍ ഉണ്ടാകുമായിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് നാടകഗാനരചനാരംഗത്ത് ജ്വലിച്ചുനിന്ന ഒ.എന്‍.വി. കുറുപ്പും വയലാര്‍ രാമവര്‍മയും ചലച്ചിത്രഗാനരചനാരംഗത്തേക്ക് കടന്നുവരുന്നത്. അപ്പോഴേക്കും ഗാനരചയിതാവ്, നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ പി. ഭാസ്‌കരന്‍ ചലച്ചിത്രരംഗത്ത് തന്റെ സിംഹാസനം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ഇവര്‍ മൂവരും കവിതാരംഗത്ത് പുരോഗമനകവികള്‍ എന്ന നിലയില്‍ ശ്രദ്ധേയമായിരുന്നു. ഈവിധം കഥാകൃത്തുക്കളുടെയും കവികളുടെയും ഒരു കൂട്ടായ്മയുടെ കാഹളം മുഴക്കിക്കൊണ്ടാണ് മലയാളശബ്ദസിനിമയുടെ മൂന്നാംദശകം ആരംഭിക്കുന്നത്. ഇവരില്‍ ഏറ്റവും ഒടുവില്‍ രംഗപ്രവേശം ചെയ്തത് വയലാര്‍ രാമവര്‍മ്മയായിരുന്നു. ജെ.ഡി. തോട്ടാന്‍ സംവിധാനം ചെയ്ത 'കൂടപ്പിറപ്പ്' (2.11.1956) എന്ന ചിത്രത്തിനു വേണ്ടിയാണ് വയലാര്‍ ആദ്യമായി ഗാനങ്ങള്‍ എഴുതിയത്. പന്ത്രണ്ട് ഗാനങ്ങളാണീ ചിത്രത്തിലുള്ളത്. കെ. രാഘവനാണ് ഇവയ്ക്ക് സംഗീതം പകര്‍ന്നത്. 'കൂടപ്പിറപ്പി'ന്റെ കഥയും സംഭാഷണവും രചിച്ചത് മുതുകുളം രാഘവന്‍ പിള്ളയും പോഞ്ഞിക്കര റാഫിയും ചേര്‍ന്നാണ്. മലയാളസിനിമയില്‍ വരാന്‍ പോകുന്ന സൗന്ദര്യോന്മുഖമായ പരിവര്‍ത്തനങ്ങളുടെ നാന്ദി കൂടിയായിരുന്നു 'കൂടപ്പിറപ്പി'ലെ റാഫിയുടെയും വയലാറിന്റെയും സാന്നിധ്യം.
മലയാളസിനിമാ സംഗീതത്തിന്റെ കാര്യത്തിലും ഇത്തരമൊരു പരിവര്‍ത്തനം അന്നത്തെ മലയാളസിനിമയില്‍ അനിവാര്യമായിരുന്നു. കെ. രാഘവന്‍ 'നീലക്കുയിലി'ല്‍ (22.10.1954) ഇതിന് ഹരിശ്രീ കുറിച്ചുവെങ്കിലും ഇത് പൂര്‍ണതയിലേക്ക് ഉയര്‍ന്നത് പറവൂര്‍ ജി. ദേവരാജന്റെയും വയലാറിന്റെയും കൂട്ടായ്മയിലൂടെയാണ്. ദേവരാജന്റെ സംഗീതസിദ്ധികള്‍ മലയാളസിനിമയുടെ സൗന്ദര്യാംശത്തിന് (അലേെവലശേര) വിശിഷ്യാ ഗാനങ്ങള്‍ക്ക് മാറ്റുകൂട്ടുമെന്ന് വയലാര്‍ കണ്ടെത്തിയിരുന്നു. തന്റെ ഗാനങ്ങള്‍ക്ക് ദേവരാജന്റെ സംഗീതത്തിലൂടെ മാത്രമേ പൂര്‍ണത കൈവരികയുള്ളൂ എന്നൊരു അഭിവീക്ഷണം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഗാനങ്ങള്‍ക്കായി തന്നെ സമീപിക്കുന്ന നിര്‍മാതാക്കളെയും സംവിധായകരെയും ദേവരാജനെക്കൂടി ഉള്‍പ്പെടുത്താന്‍ അദ്ദേഹം നിര്‍ബന്ധിച്ചിരുന്നു. ഇത് ദേവരാജന്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. 'ചതുരംഗ'ത്തിന് (10.9.1959) വയലാര്‍ എഴുതിയ വരികള്‍ക്ക് ഞാന്‍ തന്നെ സംഗീതം നല്‍കണമെന്നു വയലാര്‍ അതിന്റെ നിര്‍മാതാക്കളോടു നിര്‍ബന്ധിച്ചിരുന്നു.6 ഉദയാ സ്റ്റുഡിയോ സാരഥി കുഞ്ചാക്കോയുമായി ദേവരാജന് അത്ര സൗഹൃദം ഇല്ലായിരുന്നു. ആ കാലത്താണ് 'ഭാര്യ' (20.12.1962)യിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കാന്‍ ദേവരാജനെ ഏല്‍പിക്കണമെന്ന് വയലാര്‍ കുഞ്ചാക്കോയോട് ശഠിച്ചു. ടി.വി. തോമസ്സും ഇതേ നിര്‍ദേശം മുന്നോട്ടു വെച്ചു. അങ്ങനെയാണ് 'ഭാര്യ' എന്ന ചിത്രത്തിന് വയലാര്‍ എഴുതിയ പാട്ടുകള്‍ക്ക് ഞാന്‍ സംഗീതം നല്‍കാനിടയായത്7 എന്നാണ് ദേവരാജന്‍ തന്നെ പറഞ്ഞിട്ടുള്ളത്. പല സംവിധായകര്‍ക്കും മുമ്പില്‍ ദേവരാജനെ അവതരിപ്പിച്ചത് വയലാര്‍ രാമവര്‍മ്മയാണ്.
വയലാറിന്റെയും ദേവരാജന്റെയും ചലച്ചിത്ര സപര്യയില്‍ നിര്‍ണായകമായ പങ്കുവഹിച്ച സംവിധായകനാണ് കെ.എസ്. സേതുമാധവന്‍. അദ്ദേഹത്തിന് ദേവരാജനെ പരിചയപ്പെടുത്തിക്കൊടുത്തതും വയലാറാണ്. മലയാള ചലച്ചിത്രഗാനശാഖയില്‍ ഒരു പുതുയുഗപ്പിറവിക്ക് തുടക്കമായിരുന്നു ഈ കൂട്ടുകെട്ട്. സേതുമാധവന്റെ നാലാമത്തെ മലയാള ചിത്രമായ 'നിത്യകന്യക' (22.2.1963)യ്ക്ക് വേണ്ടിയാണ് വയലാര്‍, ദേവരാജനെ സംഗീതസംവിധായകനായി നിര്‍ദേശിച്ചത്. ഈ ചിത്രത്തിന്റെ സംഗീതസംവിധാനം എം.എസ്. ബാബുരാജിന് നല്കണമെന്നായിരുന്നു സംവിധായകന്റെ ആഗ്രഹം. ഇത് മനസ്സിലാക്കിയ വയലാര്‍ തന്റെ ഗാനങ്ങള്‍ക്ക് മികവാര്‍ന്ന ഈണം പകരാന്‍ ദേവരാജനായിരിക്കും ഏറെ ഉതകുക എന്ന് 'ഭാര്യ' (20.12.1962)യിലെ ഗാനങ്ങള്‍ ചൂണ്ടിക്കാട്ടി സേതുമാധവനെ അദ്ദേഹം ബോധ്യപ്പെടുത്തി. വയലാറും ദേവരാജനും ചേര്‍ന്ന് ഒരുക്കിയ ഏഴു പാട്ടുകളും കേട്ടതോടെ 'എന്റെ ഗാനരചയിതാവിനെയും സംഗീതസംവിധായകനെയും ഞാന്‍ കണ്ടെത്തിയിരിക്കുന്നു'8 എന്നാണ്  അദ്ദേഹം പ്രതികരിച്ചത്. ആറ് ഗാനങ്ങളാണ് നിത്യകന്യകക്ക് വേണ്ടി വയലാര്‍ രചിച്ചത്. 'കണ്ണീര്‍ മുത്തുമാല' എന്ന ഗാനം നായകനും നായികയും പ്രത്യേകം പ്രത്യേകം ആലപിക്കുന്നുണ്ട്. നിത്യകന്യകയ്ക്കു ശേഷമുള്ള സേതുമാധവന്റെ ചലച്ചിത്രസപര്യയില്‍ ഉടനീളം നിഴലും വെളിച്ചവുമായി ഇവര്‍ കൂടി ഉണ്ടായിരുന്നു. പ്രേക്ഷകമനസ്സുകളിലേക്ക് വജ്രസൂചിപോലെ സേതുമാധവന്‍ ചിത്രം കടന്നുചെല്ലുന്നതിന് സഹായകമായ മുഖ്യഘടകങ്ങളിലൊന്നാണ് ഈ ഗാനങ്ങളും അവയ്ക്ക് അദ്ദേഹം നല്കിയ ദൃശ്യഭാഷ്യങ്ങളും. ഇതില്‍ ആകൃഷ്ടരായാണ് ഇന്നത്തെ പ്രസിദ്ധരായ പല ചലച്ചിത്രപ്രതിഭകളും ഈ രംഗത്തേക്ക് കടന്നുവന്നതുപോലും.9
വയലാര്‍ രാമവര്‍മ്മ എന്ന കവിയെ സേതുമാധവന്‍ പരിയപ്പെട്ടതിനു പിന്നില്‍ രസകരമായൊരു തിരനോട്ടമുണ്ട്. വയലാര്‍ രാമവര്‍മ്മ എന്ന കവിയോ ഗാനരചയിതാവോ അല്ല 'കുട്ടന്‍' എന്ന കവിയാണ് സേതുമാധവന്റെ മനസ്സിലേക്ക് ആദ്യമായി കുടിയേറിയത്. തന്റെ ആദ്യചിത്രമായ 'ജ്ഞാനസുന്ദരി' (22.12.1961) യുടെ ജോലികള്‍ നടക്കുമ്പോഴായിരുന്നു അത്. ആ ചിത്രത്തിന്റെ നിര്‍മാതാവായിരുന്ന ടി.ഇ. വാസുദേവന്റെ മദിരാശിയിലെ ഓഫീസില്‍ ഇരിക്കുമ്പോള്‍ അവിടെ പ്രൊഡക്ഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന സി.ആര്‍.കെ. നായര്‍10 മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 'കുട്ട'ന്റെ കവിത വന്നിട്ടുണ്ടെന്ന് വളരെ ആവേശത്തോടെ പറഞ്ഞു. വളരെ കാര്യമായി അത് വായിക്കുകയും ചെയ്തു. പൊന്‍കുന്നം വര്‍ക്കിയും സേതുമാധവനും വാസുദേവന്റെ സഹോദരങ്ങളും അവിടെ ഉണ്ടായിരുന്ന മറ്റുള്ളവരും അത് കേട്ടിരുന്നു. അതിനുശേഷം നായരും കൂട്ടരും പുറത്തേക്കു പോയി. 'അപ്പോള്‍ ഞാന്‍ പതുക്കെ മാതൃഭൂമി വീക്കിലിയെടുത്തു നോക്കിയപ്പോള്‍ കുട്ടന്റെ കവിത എവിടെയും കാണാനില്ല. 'സൂര്യകാന്തിയുടെ ആത്മകഥ' (2.7.1961) എന്നാണ് കവിതയുടെ പേര്. അങ്ങനെ നോക്കുമ്പോള്‍ എഴുതിയ ആളുടെ പേര്‍ 'വയലാര്‍ രാമവര്‍മ്മ' എന്നു കണ്ടു. ഇങ്ങനെയാണ് ആദ്യമായി ആ മനുഷ്യനെപ്പറ്റി ഞാന്‍ അറിയുന്നത്' എന്നാണ് സേതുമാധവന്‍ പറഞ്ഞിട്ടുള്ളത്.
സേതുമാധവന്റെ രണ്ടാമത്തെ മലയാള ചിത്രമായ 'കണ്ണും കരളി'ലെ (28.9.1962) ഗാനങ്ങള്‍ രചിക്കാന്‍ പി. ഭാസ്‌കരനെ ക്ഷണിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാല്‍ ഈ നിര്‍ദേശത്തോട് നിര്‍മാതാവായ എ.കെ. ബാലസുബ്രഹ്മണ്യന് അത്ര താല്പര്യം തോന്നിയില്ല. കാരണം ഭാസ്‌കരന്‍ കവിയും മുതിര്‍ന്ന സംവിധായകനുമാണ്. അദ്ദേഹം മറ്റൊരു സംവിധായകന്റെ ചിത്രത്തിന് ഗാനങ്ങള്‍ എഴുതുമോ എന്നൊരു ശങ്ക. പി. ഭാസ്‌കരനെ പൂര്‍ണമായി ഒഴിവാക്കാന്‍ സംവിധായകന്‍ തയ്യാറായിരുന്നില്ല. അങ്ങനെയാണ് അഭയദേവിനെക്കൊണ്ടുകൂട ഗാനങ്ങള്‍ എഴുതിക്കാം എന്നൊരു തീരുമാനത്തിലെത്തിയത്. തുടര്‍ന്ന് അഭയദേവിനെ സമീപിച്ചു. ചിത്രത്തിലെ എല്ലാ പാട്ടുകളും എഴുതാന്‍ തന്നെ ഏല്‍പിക്കാമെങ്കില്‍ സഹകരിക്കാം എന്നായി അഭയദേവ്. ടി.ഇ. വാസു ദേവനും ഇതിനായി ശ്രമിച്ചിരുന്നു. ഈയൊരു ദശാസന്ധിയിലാണ് തിരക്കഥാകൃത്തുകൂടിയായ കെ.ടി. മുഹമ്മദ് വയലാറിനെ ക്ഷണിക്കാം എന്ന നിര്‍ദേശം മുമ്പോട്ടു വെച്ചത്. ഈ അഭിപ്രായം എല്ലാവര്‍ക്കും സ്വീകാര്യമായിരുന്നു. 'സൂര്യകാന്തിയുടെ ആത്മകഥ'യിലൂടെ വയലാര്‍ എന്ന കവിയെ സേതുമാധവന്‍ മനസ്സിലാക്കിയിരുന്നു. മാത്രവുമല്ല 'കൂടപ്പിറപ്പ്' (2.11.1956) 'അവരുണരുന്നു' (16.11.1956), 'ചതുരംഗം' (10.9.1956), 'പാലാട്ടു കോമന്‍' (6.7.1962) തുടങ്ങിയ ചിത്രങ്ങള്‍ക്കുവേണ്ടി മുപ്പതോളം ഗാനങ്ങള്‍ അദ്ദേഹം രചിക്കുകയും ചെയ്തിരുന്നു. കെ.ടി. മുഹമ്മദ് അറിയിച്ചതനുസരിച്ച് വയലാര്‍ മദിരാശിയില്‍ എത്തി. ആ ദിവസം ഇപ്പോഴും സേതുമാധവന്റെ ഓര്‍മകളില്‍ ഉണ്ട്. ''കെ.ടി. വയലാറിനെക്കുറിച്ച് പറഞ്ഞതു കേട്ടപ്പോള്‍ ഒരു റെസ്‌പെക്ട് തോന്നി. അപ്പോള്‍ എന്റെ മനസ്സില്‍ ഒരു ചിത്രം രൂപപ്പെട്ടു. യൂറോപ്യന്‍ പ്രഭു കുടുംബങ്ങളിലെപ്പോലെ വെളുത്ത് മെലിഞ്ഞ് സുന്ദരനായ ഒരു മനുഷ്യന്‍, ക്ലിന്‍ ഷേവ് ഹാന്‍സും വന്നു കഴിഞ്ഞ ഉടനെ കെ.ടി. ഇന്‍ട്രൊഡ്യൂസ് ചെയ്തു. 'ഇതാണ് സേതുമാധവന്‍.' നോക്കിയപ്പോള്‍ വേറൊരാളാണ്. പൊക്കം കുറഞ്ഞ ഇരുനിറത്തിലൊരു മനുഷ്യന്‍ എന്തിന് പറയുന്നു? വന്ന് ഒരൊന്നര മണിക്കൂര്‍ കഴിഞ്ഞില്ല, we have become part and parcel of cast other. ഈ പറയുന്ന കെ.ടി. ഒക്കെ മാറിനിന്നു. പിന്നെ കഥയെക്കുറിച്ചായി സംസാരം. ചില നിര്‍ദ്ദേശങ്ങള്‍ നല്കുകയും ചെയ്തു. ഈ സമയത്ത് നമുക്ക് എന്തെങ്കിലും ഒരു ഡയലോഗ് 'വളര്‍ന്നു' എന്നു വന്നാല്‍ മതി എന്ന് മാപ്പിള പറഞ്ഞു. (നിര്‍മാതാവ് ബാലസുബ്രഹ്മണ്യന്‍ അങ്ങനെയാണ് ചലച്ചിത്ര ലോകത്ത് അറിയപ്പെട്ടിരുന്നത്) 'അത് ചെയ്യണം മാപ്പിളേ?'' 'വളര്‍ന്നു വളര്‍ന്നു' എന്നു പറഞ്ഞ് ഒരു പാട്ടെഴുതി.''12
'വളര്‍ന്നു വളര്‍ന്നു വളര്‍ന്നു നീയൊരു
വസന്തമാകണം
പഠിച്ചു പഠിച്ചു പഠിച്ചു നീയൊരു
മിടുക്കനാകണം.''
നിമിഷങ്ങള്‍ക്കുള്ളില്‍ പിറന്ന ഗാനമാണെങ്കിലും കുഞ്ഞിന്റെ ഭാവിയെക്കുറിച്ചുള്ള ഒരമ്മയുടെ ചിന്ത മുഴുവന്‍ ഈ ഗാനത്തില്‍ അടക്കിവെക്കാന്‍ വയലാറിന് കഴിഞ്ഞു. വിശേഷിച്ച് 'വസന്തമാകണം' എന്ന നിര്‍ദ്ദേശത്തിലൂടെ. കുഞ്ഞിന്റെ വളര്‍ച്ചയിലുണ്ടാകാവുന്ന പ്രതിബന്ധങ്ങളെ തരണം ചെയ്യാനുള്ള മാര്‍ഗ്ഗവും അമ്മ മകന് ഇവിടെ പകര്‍ന്നു നല്‍കുന്നുണ്ട്. വയലാറിന്റെ ഗാനങ്ങളുടെ പ്രത്യേകതകളായി ഇന്ന് നാം വിശേഷിപ്പിക്കുന്ന എല്ലാ ഘടകങ്ങളുടെയും ആദിരൂപം ഇതിലുണ്ട്. അന്നത്തെ ചലച്ചിത്ര വിമര്‍ശകര്‍ അവഗണിച്ച ഗാനമാണിത് എന്നതും വിസ്മരിച്ചുകൂടാ.
ഇവിടെ ഇതോടൊപ്പം സ്മരിക്കേണ്ട മറ്റൊരു ഗാനം കൂടിയുണ്ട്. 'കോട്ടയം കൊലക്കേസ്സി' (22.3.1967)ലെ 'വെള്ളാരം കുന്നിനു മുഖം നോക്കാന്‍ വെണ്മേഖം കണ്ണാടി'. ഈ ഗാനത്തിന്റെ രചനയെക്കുറിച്ച് സേതുമാധവന്‍ പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്. ''കോട്ടയം കൊലക്കേസ്സിന്റെ ജോലികള്‍ നടക്കുന്ന സമയത്ത് ഞാന്‍ 'പാല്‍മനം' എന്നൊരു തമിഴ് സിനിമ ചെയ്തിരുന്നു. അതില്‍ ഭരതകാശി എഴുതിയ ഒരു പാട്ടുണ്ട്. 'നിലാപെണ്ണിന്‍ മുഖം പാര്‍ക് നീല മേഘം കണ്ണാട'. ആ പാട്ടില്‍ ഒരു താല്പര്യം തോന്നി. ഞാന്‍ വയലാറിനോട് ആ പാട്ടിനെപ്പറ്റി പറഞ്ഞു. നമ്മുടെ മലയാളത്തില്‍ ഇങ്ങനെ ഒരു പാട്ടില്ലെ എന്നു കൂടി പറഞ്ഞു. അപ്പോള്‍ ഹോട്ടലില്‍നിന്ന് കാപ്പിയും കൊണ്ടു വരുന്നൂന്ന് പറഞ്ഞ് എഴുന്നേറ്റു. കാപ്പി കുടിച്ചു കഴിഞ്ഞ ഉടനെ പാട്ടെഴുതി. അതാണ് 'വെള്ളാരം കുന്നിനു മുഖം നോക്കാന്‍ വെണ്മേഘം കണ്ണാടി.' വയലാറിനെപ്പോലെ മഹാനായ ഒരു കവിയോട് അനുകരിക്കാന്‍ പറയുന്നത് ശരിയല്ലാത്തതുകൊണ്ട് പിന്നീട് അത്തരം സാഹസത്തിന് മുതിര്‍ന്നില്ല.''15 വയലാറിന്റെ നിമിഷ രചനാപാടവത്തടൊപ്പം സേതുമാധവന്‍ വയലാറിന് നല്കിയ ബഹുമാനം കൂടി ഇത് സൂചിപ്പിക്കുന്നുണ്ട്.
'കണ്ണും കരളി'ല്‍ നിന്നും ആരംഭിച്ച സൗഹൃദം വയലാര്‍ സമയതീരത്തിലേക്ക് മടങ്ങുംവരെ അഭംഗുരം നിലനിന്നു. മലയാള സിനിമാചരിത്രത്തിലെ അപൂര്‍വ്വം കൂട്ടായ്മകളിലൊന്നായിരുന്നു അത്. വയലാറിനെ ഒഴിവാക്കി മറ്റൊരു ഗാനരചയിതാവിനെ സങ്കല്പിക്കാന്‍ സേതുമാധവന് കഴിയുമായിരുന്നില്ല. ഒരിക്കല്‍ അഭയദേവിനോട് അദ്ദേഹം പറഞ്ഞത് ഇതാണ് അടയാളപ്പെടുത്തുന്നത്. സേതുമാധവന്റെ സഹായി ആയിരുന്ന മങ്കൊമ്പ് ഗോപാലകൃഷ്ണന് 'ഒരു പാട്ട് കൊടുക്കാത്തതെന്തേ?' എന്ന് അഭയദേവ് സേതുമാധവനോട് ചോദിച്ചു. ഈ സംഭവം മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ വിശദീകരിച്ചിട്ടുണ്ട്. ''സാര്‍ പറഞ്ഞു, 'കൊടുക്കാന്‍ പറ്റില്ല. വയലാര്‍ ഗാനങ്ങള്‍ എഴുതുന്നിടത്തോളം കാലം എനിക്ക് വേറെ ആളെ ചിന്തിക്കാന്‍ ഒക്കില്ല! ഗാനരംഗങ്ങള്‍ എനിക്ക് വയലാറിനെ വിട്ടിട്ട് ചെയ്യാന്‍ പറ്റില്ല.' അപ്പോള്‍ എനിക്കു മനസ്സിലായി ആ ബന്ധത്തിന്റെ, ആ പ്രിന്‍സിപ്പിളിന്റെ ആഴം. അതുപോലെത്തന്നെ അദ്ദേഹം പാലിച്ചു എന്നതാണ്. വയലാറിന് ശേഷം എന്നെയാണ് ആദ്യമായി ഗാനരചനക്കായി വിളിച്ചത്.''16 വയലാറിനെ ഇത്രയേറെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത മറ്റൊരു സംവിധായകനില്ലെന്ന് പറയാം. ഈ കാലയളവില്‍ (1961-1974) സേതുമാധവന്‍ 46 ചിത്രങ്ങളാണ് മലയാളത്തില്‍ സംവിധാനം ചെയ്തത്. ഇതില്‍ 42നും ഗാനരചന നടത്തിയത് വയലാര്‍ തന്നെ ആയിരു#്‌നനു.17 ഈ ചിത്രങ്ങള്‍ക്കുവേണ്ടി 220 ഗാനങ്ങളാണ് വയലാര്‍ രചിച്ചത്. പലപ്പോഴും ഒരേ ഗാനം തന്നെ ഈണം മാറ്റിയും അല്ലാതെയും ഒന്നിലധികം പ്രാവശ്യം ആവര്‍ത്തിക്കുന്നതായും കാണാം. സേതുമാധവന്‍ ചിത്രങ്ങളുടെ ഒരു മുദ്രയാണ് ഈ ആവര്‍ത്തനങ്ങള്‍. ഇത് പ്രത്യേകം പഠിക്കേണ്ടതാണ്. അറുപതുകളുടെ തുടക്കത്തില്‍ എട്ടും ഒമ്പതും പാട്ടുകളാണ് ഒരു ചിത്രത്തിലുണ്ടായിരുന്നത്. എന്നാല്‍ എഴുപതുകളുടെ തുടക്കത്തോടെ അത് നാലും അഞ്ചുമായി ചുരുങ്ങി.
വയലാറിന് യഥേഷ്ടം ഗാനങ്ങള്‍ രചിക്കാനുള്ള സര്‍ഗ്ഗസ്വാതന്ത്ര്യം സേതുമാധവന്‍ നല്കിയിരുന്നു. ഇതേക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുള്ളത് ഇവിടെ പകര്‍ത്താം. ''ഇഷ്ടത്തിനനുസരിച്ച് തന്നെ എഴുതും. നല്ലൊരു നല്ലൊരു understanding ഉണ്ടായിരുന്നു വയലാര്‍ - ദേവരാജന്‍ ആ ടീം വര്‍ക്കിന് മാനസികമായ ഒരു ഐക്യം ഉണ്ടായിരുന്നു. ഇപ്പോള്‍ ഞാനൊന്ന് പറയാന്‍ വിചാരിക്കുമ്പോഴേക്കും ദേവരാജന്‍ പറയും അതങ്ങനാണ്. ഞാനത് പറയാന്‍ വിചാരിച്ചതാണ് എന്ന്. പിന്നെ വയലാര്‍ ഞങ്ങള്‍ മൂന്നു പേരും ഒന്നിച്ചിരിക്കുന്ന സമയത്ത് - we get songs - thinking ഒരേ ടൈപ്പിലുള്ള കൂട്ടായ്മ.''18 മലയാളസിനിമയിലെ പല അനശ്വരഗാനങ്ങളുടെയും പിറവി ഈ കൂട്ടായ്മയില്‍നിന്നാണ്. വയലാര്‍ തന്റെ ഏറ്റവും ശ്രദ്ധേയമായ ഗാനങ്ങള്‍ രചിച്ചതും സേതുമാധവന്‍ ചിത്രങ്ങള്‍ക്കു വേണ്ടിയായിരുന്നു. വയലാറിനെപ്പോലെ സര്‍ഗ്ഗധനനായ ഒരു നിമിഷ കവിക്ക് തന്റെ സര്‍ഗ്ഗശക്തി യഥേഷ്ടം വിനിയോഗിക്കാനുള്ള സ്വാതന്ത്ര്യവും സന്ദര്‍ഭവും ലഭിച്ചതുകൊണ്ടുതന്നെ ചലച്ചിത്രഗാനരചന എന്ന സാങ്കേതിക രചനാ തന്ത്രത്തേക്കാള്‍ കവിതാരചന തന്നെയായിരുന്നു സേതുമാധവന്‍ ചിത്രങ്ങള്‍ക്കു വേണ്ടിയുള്ള ഗാനനിര്‍മ്മിതി. പാട്ടിനുവേണ്ടി പന്ത്രണ്ടു വരികള്‍ എഴുതുന്നതിനേക്കാള്‍ അനുവര്‍ത്തനം ചെയ്യുന്ന സാഹിത്യകൃതികളുടെ അന്തര്‍ഭാവത്തോട് താദാത്മ്യം പ്രാപിക്കാവുന്ന ഭാവഗീതങ്ങള്‍ രചിക്കുകയായിരുന്നു വയലാര്‍ ചെയ്തത്. ഇക്കാരണത്താലാണ് 'കണ്ണും കരളി'നും ശേഷം ഒരു വ്യാഴവട്ടക്കാലം അദ്ദേഹം കവിതാരംഗത്തുനിന്നും ഏറെക്കാലം വിട്ടുനിന്നത് എന്ന് പറയാം. സാഹിത്യകൃതികളുടെ ചലച്ചിത്ര അനുവര്‍ത്തനം പോലെതന്നെയാണ് കവിതയുടെ സംഗീതാവിഷ്‌കരണവും. ഭാവാര്‍ത്ഥങ്ങളെ വെളിപ്പെടുത്തുംവിധമുള്ള സ്വരപ്പെടുത്തലുകളും വാഗാര്‍ത്ഥങ്ങളെ പ്രസ്ഫുരിക്കുന്ന ആലാപനവും ഒത്തുചേരുമ്പോള്‍ ശുദ്ധകവിതയുടെ വായ്‌മൊഴി പാരമ്പര്യത്തെ ചലച്ചിത്രഗാനങ്ങള്‍ പുനര്‍സൃഷ്ടിക്കുകയായിരുന്നു. വയലാര്‍ ദേവരാജന്‍ കൂട്ടുകെട്ടില്‍ പിറന്ന ചലച്ചിത്രഗാനങ്ങള്‍ക്ക് സേതുമാധവന്‍ ഒരുക്കിയ ദൃശ്യഭാഷ്യം തന്ത്രീലയസമന്വിതമായ ഗീതംപോലെ അതീവഹൃദ്യവുമായിരുന്നു. 'കടല്‍പ്പാലം' (25.7.1969). 'വാഴ്‌വേമായം' (10.4.1972) 'അനുഭവങ്ങള്‍ പാളിച്ചകള്‍' (16.8.1971)21 തുടങ്ങിയ ചിത്രങ്ങളിലെ 'ഗാനങ്ങള്‍ ഇതിന് തെളിവാണ്. ഉദാഹരണമായി ഈ ചിത്രങ്ങളിലെ ഓരോ ഗാനങ്ങള്‍ എടുക്കാം. കടല്‍പ്പാലം എന്ന ചിത്രത്തിലെ 'ഈ കടലും മറുകടലും'22 എന്ന ഗാനത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത് തൊട്ടടുത്തുള്ള ദീപസ്തംഭത്തില്‍നിന്ന് വരുന്ന പ്രകാശത്തിലാണ്. മിന്നിമറയുന്ന ഈ വെളിച്ചത്തിലാണ് ഖദീജാ ഉമ്മയുടെ വളര്‍ത്തുമകന്‍ മുരളി ഭാവങ്ങളെ പകര്‍ത്തിയിട്ടുള്ളത്. അയാളുടെ മുഖത്ത് വീഴുന്ന നിഴലുകള്‍, പ്രത്യേകിച്ച് മരച്ചില്ലകളുടെയും ലൈറ്റുകളുടെയും തൂണുകളുടെയും നിഴലുകള്‍ ഭാവത്തെ കൂടുതല്‍ ദീപ്തമാക്കുന്നു. സാഹിത്യകുതുകിയായ പ്രേക്ഷകന്റെ മനസ്സില്‍ 'സഞ്ചാരിണീദീപശിഖ'23 എന്ന കാളിദാസവരികളിലെ ഉപമയുടെ സാരസ്യമാണ് ഈ ദൃശ്യങ്ങള്‍ ഉണര്‍ത്തുന്നത്. അതിലൂടെ മുരളിയുടെ പ്രേമവും അതിനുള്ള തടസ്സവും എല്ലാം പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക